വിദ്യാഭ്യാസ മന്ത്രി ക്കെതിരായ പ്രചരണം അപഹാസ്യം : കെ എസ് ടി എ

കൽപ്പറ്റ: വയനാട്ടിൽ പ്ലസ് ടു സയൻസ് ബാച്ചുകൾ അനുവദിക്കേണ്ടതില്ല എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു എന്ന തരത്തിൽ പ്രചാരണം നടത്തുന്ന ചില സംഘടനകളുടെ നിലപാട് അപഹാസ്യമാണെന്ന് കെഎസ്ടിഎ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
പട്ടികവർഗ്ഗ വിദ്യാർഥികൾ കൂടുതലുള്ള വയനാട് ജില്ലയിൽ പ്ലസ് ടു കോഴ്സിന് വേണ്ടത്ര ഹ്യൂമാനിറ്റീസ്
സീറ്റുകൾ ലഭ്യമല്ല എന്നത് വസ്തുതയാണ് ഹ്യൂമാനിറ്റീസ് കോഴ്സുകൾക്ക് മുൻഗണന നൽകി അപേക്ഷ സമർപ്പിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിരവധി പേർ ഹ്യൂമാനിറ്റീസ് സീറ്റുകൾ ലഭിക്കാതെ
അവസാന ചോയ്സുകളിലുള്ള സയൻസ് കോഴ്സുകളിൽ പ്രവേശനം നേടുകയും രണ്ടാം വർഷം പഠനമു പേക്ഷിക്കുകയും ചെയ്യുന്നത് ജില്ലയിൽ വ്യാപകമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മാത്രമല്ല ജില്ലയിലെ പല വിദ്യാലയങ്ങളിലും സയൻസ് കോമ്പിനേഷനുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതും പതിവാണ്.
ഈ വസ്തുത ബോധ്യമുള്ളതിനാലാണ് ജില്ലയിലെ പട്ടികവർഗ്ഗ വകുപ്പും ജില്ലാ ആസൂത്രണ സമിതിയും അധ്യാപക വിദ്യാർത്ഥി സംഘടനകളും
ജില്ലയിൽ ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കുന്നതിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത്
2014-15 അധ്യയന വർഷത്തിൽ ജില്ലയിൽ സ്കൂളുകളും ബാച്ചുകളും അനുവദിച്ചപ്പോൾ പൂർണ്ണമായും സയൻസ്, കോമേഴ്സ് ബാച്ചുകൾ മാത്രമാണ് അനുവദിച്ചത് എന്നതും ഹ്യൂമാനിറ്റീസ് സീറ്റുകളുടെ അപര്യാപ്തതക്ക് കാരണമായി. ഇപ്പോഴത്തെ സർക്കാർ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ജില്ലയിലെ രണ്ട് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ ഓരോ ഹ്യൂമാനിറ്റീസ് ബാച്ചുകൾ
അനുവദിക്കുകയും ബാച്ച് ഷിഫ്റ്റിംഗിലൂടെ ഏതാനും ഹ്യൂമാനിറ്റീസ്, കോമേഴ്സ് ബാച്ചുകൾ ജില്ലയിലെ സ്കൂളുകളിൽ ലഭ്യമാക്കുകയും ചെയ്തുവെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം ആയിട്ടില്ല.ജില്ലയിൽ ഇനിയും ഹ്യൂമാനിറ്റീസ് ബാച്ചുകൾക്ക് മുൻഗണന നൽകി ഹയർസെക്കൻഡറി ബാച്ചുകൾ അനുവദിക്കേണ്ടത് ആവശ്യമാണ്
ഈ സർക്കാർ നിയോഗിച്ച ഹയർസെക്കൻഡറി ബാച്ച് പുന:പരിശോധനാ കമ്മറ്റിക്ക് മുമ്പാകെയും വിദ്യാഭ്യാസമന്ത്രി മുമ്പാകെയും കെ എസ് ടി എ ഉൾപ്പെടെ വിശദമായ കണക്കുകൾ സഹിതം നിവേദനങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ബോധ്യമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് കുപ്രചരണം നടത്തുന്നവർ
കച്ചവട വിദ്യാഭ്യാസ ലോബിയുടെ കുഴലൂത്തുകാർ ആണെന്നും കെ എസ് ടി എ ചൂണ്ടിക്കാട്ടി.
കെ എസ് ടി എ ജില്ലാ പ്രസിഡൻറ് കെ ടി വിനോദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എ ഇ സതീഷ് ബാബു, ജില്ലാ സെക്രട്ടറി വിൽസൺ തോമസ്, എൻ മുരളീധരൻ , പി ബിജു, എം കെ സ്വരാജ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply