May 10, 2024

സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും

0
Img 20231228 193506

 

കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. പദ്ധതിയുടെ ഭാഗമായി ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബുവിന് നല്‍കി പ്രകാശനം ചെയ്തു.

 

ജില്ലയില്‍ തിരെഞ്ഞെടുത്ത 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭകളെയും, മുട്ടില്‍, തിരുനെല്ലി, തൊണ്ടര്‍നാട്, മീനങ്ങാടി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ,അമ്പലവയല്‍, പനമരം, മുള്ളന്‍ക്കൊല്ലി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തുകളെയുമാണ് ആദ്യ ഘട്ടത്തില്‍ തിരെഞ്ഞെടുത്തത്. മാര്‍ച്ച് ഒന്ന് മുതല്‍ ഒക്ടോബര്‍ രണ്ട് വരെയാണ് ക്ലാസുകള്‍ നടത്തുക. ജനുവരി ഫെബ്രവരി മാസങ്ങളിലായി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. പദ്ധതിയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിപുലമായ സംഘാടക സമിതി യോഗം വിളിച്ചു ചേര്‍ക്കും. മുന്‍ പദ്ധതികളിലൂടെ സാക്ഷരത നേടിയ ആദിവാസി വിഭാഗക്കാരായ പഠിതാക്കളെ പദ്ധതിയുടെ ഗുണഭോക്താക്കളായി നാലാം തരം തുല്യത കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യും. സന്നദ്ധ സേവന താല്‍പര്യമുള്ള ഇന്‍സ്ട്രക്ടര്‍മാരെ ആദിവാസി വിഭാഗത്തില്‍ നിന്നും കണ്ടെത്തി പരിശീലനം നല്‍കും. ലോക സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ടിന് തുല്യത പരീക്ഷ നടത്തി ഗാന്ധിജയന്തി ദിനത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.

 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സീതാ വിജയന്‍, ഉഷാ തമ്പി, എം.മുഹമ്മദ് ബഷീര്‍, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍ ഇ.ആര്‍.സന്തോഷ്‌കുമാര്‍, എസ്.എസ്.കെ കോര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍, എല്‍.എസ.്ജി.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ടി. പ്രജുകുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, സ്റ്റാഫ് പി.വി.ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *