May 1, 2024

രാത്രിയാത്രാ നിരോധന വിഷയം പഠിച്ച് തീരുമാനം സുപ്രീംകോടതിയെ അറിയിക്കാന്‍ നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതിക്ക് വയനാട്ടില്‍ നിന്നുള്ള പ്രതിനിധി സംഘം നിവേദനം നല്‍കി.

0
:കല്‍പ്പറ്റ: കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളിലെ ഗതാഗത നിരോധന വിഷയം പഠിച്ച് തീരുമാനം സുപ്രീംകോടതിയെ അറിയിക്കാന്‍ നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതിക്ക് വയനാട്ടില്‍ നിന്നുള്ള പ്രതിനിധി സംഘം നിവേദനം നല്‍കി. സമിതി അംഗങ്ങളായ  കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി ഡി.ഐ.ജി. സഞ്ജയ്കുമാര്‍ എന്നിവര്‍ ഇന്നലെ ബന്ദിപ്പുര്‍ കടുവാസങ്കേതം ഓഫീസില്‍ നടത്തിയ സിറ്റിംഗിലാണ് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം നിവേദനം നല്‍കിയത്. വയനാട് ജില്ലാ കലക്ടര്‍. എസ്. സുഹാസും സ്ഥലത്തെത്തി കേരളത്തിന്റെ നിലപാട് വിശദീകരിച്ചു. 
ഗതാഗത നിരോധന പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ നിരോധനമുള്ള സ്ഥലങ്ങളില്‍ തുരങ്കപാത നിര്‍മിച്ച് ഗുഡ്‌സ് തീവണ്ടിയില്‍ യാത്രാ, ചരക്ക് വാഹനങ്ങള്‍ നീക്കുക, വന്യജീവികളുടെ സഞ്ചാരപാത തടസപ്പെടാതിരിക്കാന്‍ വനമേഖലയില്‍ ജൈവ മേല്‍പ്പാലം നിര്‍മിക്കുക എന്നീ ആവശ്യങ്ങളാണ് വയനാട് സംഘം ആവശ്യപ്പെട്ടത്. ഇത് പ്രാവര്‍ത്തികമാകാന്‍ സമയതാമസം എടുക്കുമെന്നതിനാല്‍ താല്‍ക്കാലികമായി കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹന ഗതാഗതം അനുവദിക്കുക, വേഗതാ പരിധി നിശ്ചയിച്ച് വാഹനങ്ങള്‍ കടത്തിവിടുക എന്നീ ആവശ്യങ്ങള്‍ പെട്ടന്ന് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉന്നതാധികാര സമിതിയുടെ മൂന്നാമത്തെ സിറ്റിംഗാണ് ബന്ദിപ്പൂരില്‍ നടന്നത്. വയനാട്ടിലും സിറ്റിംഗ് നടത്തണമെന്ന് നിവേദക സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലെയും കര്‍ണാടകയിലെയും വിവിധ പരിസ്ഥിതി സംഘടനകളും സിറ്റിംഗില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ കൂടി കടന്നു പോകുന്ന ഗുണ്ടില്‍പേട്ട – ഊട്ടി റോഡിലും രാത്രികാല ഗതാഗത നിരോധനമുണ്ട്. ഈ  റൂട്ടിലെ നിരോധനം നീക്കുന്ന വിഷയത്തില്‍ തമിഴ്‌നാട് പ്രത്യേക താല്‍പര്യം കാണിക്കുന്നില്ല. കേരളം വന്യജീവി സംരക്ഷണത്തില്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്ന നിലപാടാണ് സമിതിക്ക് പൊതുവായുള്ളത്. ഈ തെറ്റിദ്ധാരണ നീക്കി വന്യജീവികള്‍ക്കും മനുഷ്യനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന നിലപാടാണ് കേരളത്തിനുള്ളതെന്ന് സമിതിയെ ബോധിപ്പിക്കാന്‍ കഴിഞ്ഞു- സി.കെ. ശശീന്ദ്രന്‍ പറഞ്ഞു. കര്‍ണാടക വനംവകുപ്പ് നിര്‍ദേശിക്കുന്ന ബദല്‍ റോഡ് പ്രായോഗികമല്ലെന്ന കാര്യവും സമിതിയെ അറിയിച്ചിട്ടുണ്ട്. ഏകദേശം 25 കിലോമീറ്ററില്‍ കുറവ് വരുന്നത്ര ദൂരം വനപാതയിലെ  നിരോധനത്തിന് 228 കിലോമീറ്ററോളം ദൂരം ചുറ്റി വളഞ്ഞ് സഞ്ചരിക്കുക ബുദ്ധിമുട്ടാണ്. കച്ചവടം കുറഞ്ഞ് ബത്തേരി ടൗണിന്റെ പ്രതാപം നശിച്ചതും വാണീജ്യ, വിദ്യാഭ്യാസ മേഖലയില്‍ ഗതാഗത നിരോധനം മൂലമുണ്ടായ ദുരിതങ്ങളും നിവേദക സംഘം വിവരിച്ചിട്ടുണ്ട്. ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, കോണ്‍ഗ്രസ്- എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ജോയി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പി.വി. മത്തായി, യുവമോര്‍ച്ച നേതാവ് പ്രശാന്ത് മലവയല്‍ തുടങ്ങിയവരും നിവേദക സംഘത്തിലുണ്ടായിരുന്നു. പി.എം. ജോയി, പി.വൈ. മത്തായി, പ്രശാന്ത് മലവയല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news