May 2, 2024

എന്തുകൊണ്ട് വടക്കനാടുകാർ സമരത്തിനിറങ്ങി? ജയരാജ് ബത്തേരി എഴുതുന്നു.

0
Img 20180317 Wa0251
 വർഷങ്ങളായി ഒരു ഗ്രാമത്തിലെ നൂറുകണക്കിന് കുടുംബങ്ങൾ വന്യമൃഗ ശല്യത്താൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ്  അവസാന ശ്രമമെന്ന നിലയിൽ ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ സംഘടിച്ചതും ,നിരാഹാര സമരത്തിന് തീരുമാനിച്ചതും. ഇന്ന് സുൽത്താൻ ബത്തേരിയിൽ നടന്ന ഗ്രാമസംരക്ഷണ സമിതിയുടെ പ്രകടനവും വ്യത്യസ്തമായിരുന്നു .കൊച്ചു കുട്ടികൾ മുതൽ എൺപത് വയസ്സ് പ്രായമുള്ളവർ വരെ ജീവിക്കാനുള്ള അവകാശത്തിനായി പ്രകടനത്തിൽ അണിനിരന്നു. കാട്ടാന ശല്യം രൂക്ഷമായ വടക്കനാടൻ ജനതയുടെ ജീവിതം ദുസ്സഹമാണ്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന ഭൂരിഭാഗം കർഷകരുള്ള ഇവിടെ കർഷകന്റെ വിളകളെല്ലാം  കാട്ടാനയും ,മറ്റ് കാട്ടു മൃഗങ്ങളും നശിപ്പിച്ചിട്ടും ,കാട്ടാന ആളുകളുടെ ജീവനെടുത്തിട്ടും മാറി മാറി വരുന്ന സർക്കാരുകളുടെ ഭാഗത്തു നിന്നും യാതൊരു അനുകൂല നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 
നാല് വർഷത്തിനിടെ 4 പേരുടെ ജീവനാണ് കാട്ടാന അപഹരിച്ചത്. വൈകുന്നേരം ആറുമണിക്കു മുൻപേ വീടണയേണ്ട അവസ്ഥ….. ഒടുവിൽ പൊറുതിമുട്ടിയപ്പോഴാണ് നിരാഹാര മടക്കമുള്ള പ്രതിഷേധവുമായി ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. ഈ സമരത്തിലൂടെയെങ്കിലും അധികാരികൾ കണ്ണു തുറക്കുമെന്നുള്ള പ്രതീക്ഷയിലാണ് വടക്കനാടൻ ജനത.
            വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്  ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിനു മുന്നിൽ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന് മുന്നോടിയായി ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ ആയിരത്തിലധികം ആളുകൾ പങ്കെടുത്തു. അസംപ്ഷൻ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ബത്തേരി രൂപതാ ബിഷപ്പ് ഡോക്ടർ ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്ത്രീകളും ,കുട്ടികളും അടങ്ങുന്ന ആയിരത്തിലധികം കർഷകരടക്കമുള്ള പ്രദേശവാസികൾ പ്രകടനത്തിൽ പങ്കാളികളായി. നിരാഹാരമിരിക്കുന്ന വർക്കുള്ള കട്ടിലും ,മറ്റ് സാധന സാമഗ്രികളും ചുമന്നുകൊണ്ടുള്ള  വ്യത്യസ്തമായ പ്രതിഷേധ പ്രകടനത്തിന് നിരവധിയാളുകൾ പിന്തുണ നൽകി. തുടർന്ന് വൈൽഡ് ലൈഫ് വാർഡന്റ ഓഫീസിനു മുന്നിലെത്തിയ കർഷകർക്കും നാട്ടുകാർക്കും വേണ്ടി പ്രദേശവാസികളായ ,ഷൈൻ ,നിഖിൽ ജോർജ് ,എം കെ മോഹനൻ തുടങ്ങിയവർ നിരാഹാരമാരംഭിച്ചു. നിരാഹാര സമരത്തിന്റെ ഉദ്ഘാടനം യാക്കോബായ മലബാർ ഭദ്രാസനാധിപൻ സക്കറിയാസ് മോർ പോളി കാർപ്പോസ് ഉദ്ഘാടനം ചെയ്തു.ഫാദർ ജോബി മുക്കാട്ടുകാവുംങ്കൽ ,കരുണാകരൻ വെള്ളക്കെട്ട് ,ബെന്നി കൈനിക്കൽ തുടങ്ങിയവർ സംസാരിച്ചു. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ ,സാമൂഹിക ,സാംസ്കാരിക മേഖലയിലെ നിരവധി പേർ സമര പന്തൽ സന്ദർശിച്ചു.
       
    (   വയനാട് വിഷൻ  ബത്തേരി റിപ്പോർട്ടറാണ് ലേഖകൻ) 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *