April 29, 2024

ബന്ദിപ്പുരയില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനെതിരെ കര്‍ണാടകയില്‍ സേവ് ടൈഗര്‍ കാമ്പയിന്‍

0
കല്‍പറ്റ-കോഴിക്കോട്-കൊല്ലേഗല്‍, ഊട്ടി-ഗുണ്ടില്‍പേട്ട ദേശീയപാതകളിലെ  രാത്രിയാത്ര വിലക്കിനു പരിഹാരം കാണാന്‍ ബന്ദിപ്പുര വനത്തില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കണമെന്ന കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറിയുടെ നിര്‍ദേശത്തിനെതിരെ കര്‍ണാടകയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സേവ് ടൈഗര്‍ കാമ്പയിന്‍. രണ്ട് ദേശീയപാതകളിലും രാത്രിയാത്ര നിരോധനം ഇപ്പോഴത്തേതുപോലെ തുടരുന്നതിനു ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യവുമായി കര്‍ണാടക മുഖ്യമന്ത്രി, വനം മന്ത്രി, ഗതാഗത തുടങ്ങിയവര്‍ക്ക് സര്‍പ്പിക്കുന്നതിനുള്ള കത്തിലേക്ക് ഓണ്‍ലൈന്‍ ഒപ്പുശേഖരണം നടത്തിവരികയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. ഇതിനകം  35,000ലധികം  പേര്‍ കത്തില്‍ ഒപ്പിട്ടു.
ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കുന്നതിനു കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി നിര്‍ദേശങ്ങള്‍ നല്‍കിയത്. ദേശീയപാതയില്‍ ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത്  അഞ്ച്  സ്ഥലങ്ങളില്‍ ഒരു കിലോമീറ്റര്‍ വീതം ദൈര്‍ഘ്യത്തില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനും ബാക്കിഭാഗം റോഡിന് ഇരുവശവും വേലികെട്ടി തിരിക്കാനുമാണ് നിര്‍ദേശം. 
         മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനും മറ്റും ആവശ്യമായ  450 കോടി രൂപ കേരള-കര്‍ണാടക സര്‍ക്കാരുകള്‍  തുല്യമായി വഹിക്കണമെന്നും നിര്‍ദേശമുണ്ട്.  
2010 മാര്‍ച്ച് ഒമ്പതിലെ കര്‍ണാടക ഹൈക്കോടതി ഉത്തരവനുസരിച്ചാണ് ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള രണ്ട് ദേശീയപാതകളിലും രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെ വാഹന ഗതാഗതം നിരോധിച്ചത്. ദേശീയപാതകളിലെ രാത്രിയാത്ര വിലക്ക് ഒഴിവാക്കുന്നതിനു കേരള സര്‍ക്കാരും  വിവിധ സംഘടനകളും നടത്തിയ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ സമീപകാലം വരെ സ്വീകരിച്ചത്. 
       രാത്രിയാത്ര വിലക്കുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെയാണ് സുപ്രീം കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചത്. രാത്രിയാത്ര വിലക്കിനു അനുകൂലമായ റിപ്പോര്‍ട്ട് കമ്മിറ്റിക്കുവേണ്ടി അതില്‍ അംഗമായ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കമ്മിറ്റി അധ്യക്ഷനുമായ ഉപരിതലഗതാഗത വകുപ്പ സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍. 
ബന്ദിപ്പുര വനത്തില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിനു അനുകൂല നിലപാട് കര്‍ണാട സര്‍ക്കാര്‍ സ്വീകരിച്ചേക്കുമെന്ന സുചനയുടെ പശ്ചാത്തലത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സേവ് ടൈഗര്‍ കാമ്പയിനുമായി രംഗത്തുവന്നത്. നീലഗിരി ജൈവവ്യവസ്ഥയുടെ ഭാഗമാണ് ബന്ദിപ്പുര കടുവാസങ്കേതം. വനത്തില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിന് അര ലക്ഷത്തില്‍പരം മരങ്ങള്‍ മുറിക്കേണ്ടവരുമെന്നും ഇത് വന്യജീവികളുടെ ആവാസവ്യവസ്ഥ തകരാറിലാക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരുടെ കത്തില്‍ പറയുന്നു. മേല്‍പ്പാലങ്ങള്‍ക്കായി നടത്തുന്ന വര്‍ഷങ്ങള്‍ നീളുന്ന നിര്‍മാണം വന്യജീവികളുടെ സൈ്വരജീവിത്തിനു ഭംഗം വരുത്തുമെന്നും കത്തിലുണ്ട്.  
        ദേശീയപാതകളില്‍ ആംബുലന്‍സുകള്‍ക്കും  ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്കും രാത്രിയാത്ര വിലക്ക് ബാധകമല്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള 16 ബസുകളും രാത്രി കടത്തിവിടുന്നുണ്ട്. ദേശീയപാത 766നു ബദലായി ഹുന്‍സൂര്‍, ഗോണിക്കുപ്പ-കുട്ട-കാട്ടിക്കുളം റോഡും  കോനനൂര്‍-മാക്കൂട്ടം-മടിക്കേരി-കുട്ട റോഡും കര്‍ണാടക സര്‍ക്കാര്‍ നവീകരിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതനുസരിച്ചാണ് ഹുന്‍സൂര്‍, ഗോണിക്കുപ്പ-കുട്ട-കാട്ടിക്കുളം റോഡ്  നവീകരിച്ചത്. ഈ സാഹചര്യത്തില്‍ രാത്രിയാത്ര വിലക്ക് ഇപ്പോഴുള്ളതുപോലെ തുടരുന്നതിനു സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നു കത്തില്‍ പറയുന്നു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *