May 4, 2024

വയനാട്ടിൽ മഴ കുറഞ്ഞു: ദുരിതം കുറയുന്നില്ല : 210 ക്യാമ്പുകളിലായി 27,167 പേര്‍

0
02
വയനാട്ടിൽ   210 ക്യാമ്പുകളിലായി 27,167 പേര്‍
കൽപ്പറ്റ: വയനാട് 
    ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ ക്യാമ്പുകളിലെ പതിനായിരങ്ങള്‍ക്ക് ആശ്വാസമായി ദുരിതാശ്വാസ ക്യാമ്പുകൾ. പേമാരി തുടങ്ങിയതു മുതല്‍ വിശ്രമമില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് ഉദ്യോഗസ്ഥര്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും ക്യാമ്പുകളില്‍ സജീവമാണ്. ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപറേറ്റിങ് സെന്ററിന്റെ വാട്‌സ് ആപ് ഗ്രൂപ്പ് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്്. ജില്ലാ കലക്ടര്‍, പോലിസ് മേധാവി, ജില്ലയിലെ മറ്റ് ഉന്നതോദ്യോഗസ്ഥര്‍ മുതല്‍ വില്ലേജ് ഓഫിസര്‍മാര്‍ വരെ സദാസമയവും ഓണ്‍ലൈനിലുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് അണക്കെട്ടുകളുടെ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ മണിക്കൂറുകള്‍ ഇടവിട്ട് റിസര്‍വോയറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നു. അര്‍ധരാത്രിയില്‍ പോലും ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി വിവരങ്ങള്‍ അറിയിക്കാന്‍ വില്ലേജ് ഓഫിസര്‍മാരും ഇതര ജീവനക്കാരും ശ്രദ്ധിക്കുന്നു. ഇതു യഥാസമയം പൊതുജനങ്ങളിലെത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയും കലക്ടറേറ്റിലെ റിലീഫ് സെല്ലിലേക്ക് അവശ്യവസ്തുക്കള്‍ നിരവധിയെത്തി. ഇത് ഇറക്കിവയ്ക്കാനും ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോവാനും ഉദ്യോഗസ്ഥരോടൊപ്പം സ്വയംസന്നദ്ധ വോളന്റിയര്‍മാരും സജീവമാണ്.
 
    റിലീഫ് സെന്ററില്‍ ഇതുവരെ ലഭിച്ച കണക്കനുസരിച്ച് വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമുള്‍പ്പെടെ 258 പേര്‍ സഹായവുമായി എത്തി. ഇതര ജില്ലകളില്‍നിന്നും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുവരെ സുമനസ്സുകള്‍ ജില്ലയില്‍ സഹായം എത്തിച്ചു. സഹായങ്ങള്‍ എത്തിച്ചവര്‍തന്നെ വീണ്ടും പല തവണകളായി അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ജില്ലയിലെ സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള അന്‍പൊടു കൊച്ചി ടീം എട്ട് ലോഡ് അവശ്യവസ്തുക്കളാണ് എത്തിച്ചത്. തമിഴ്‌നാട്ടിലെ സേലം, ഈറോഡ് ജില്ലകളില്‍ നിന്നും അവശ്യവസ്തുക്കളെത്തി. ഊട്ടിയില്‍ നിന്നുള്ള സംഘവും ഗൂഡല്ലൂര്‍ സ്വദേശിയായ വ്യക്തിയും ഏറെ പച്ചക്കറികള്‍ ജില്ലയിലെത്തിച്ചു. തിരുവനന്തപുരത്തെ പോലിസ് ഫാമിലി അവശ്യവസ്തുക്കളുടെ വലിയ ശേഖരം ഫ്‌ളഡ് റിലീഫ് സ്റ്റോറിലെത്തിച്ചു.
 
    അതേസമയം, ജില്ലയിലെ 210 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,167 പേര്‍ ഇപ്പോഴുമുണ്ട്. 7596 കുടുംബങ്ങളില്‍ നിന്നുള്ളവരാണിവര്‍. മഴ കുറഞ്ഞ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതിനു ശേഷം മാത്രമാവും ഇവരെ വീടുകളിലേക്ക് തിരികെയെത്തിക്കുക. വൈത്തിരി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍- 96. മാനന്തവാടിയില്‍ 82ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 32ഉം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെയും സജീവമാക്കുന്നു. പ്രദേശത്തെ ജനപ്രതിനിധികള്‍ ഇവരുടെ ക്ഷേമ അന്വഷിച്ചും ആശ്വാസം പകര്‍ന്നും ക്യാമ്പ് നിത്യവും സന്ദര്‍ശിക്കുന്നുണ്ട്. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളാകട്ടെ പുതപ്പും ഭക്ഷണ വസ്തുക്കളും കൃത്യമായി എത്തിക്കുന്നു. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ക്ഷേമം ഉറപ്പാക്കാനും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പം സദാസമയം ഉണ്ട്. ക്യാമ്പുകളില്‍ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ സംഘവുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *