May 1, 2024

കാലവർഷക്കെടുതിയിൽ വയനാട്ടിൽ 100 കോടിയുടെ നഷ്ടം: അർഹതപ്പെട്ടവർക്കെല്ലാം രണ്ടാഴ്ച സൗജന്യ റേഷൻ.

0
Manthri T P Ramakrishnante Nethruthathil Nadanna Mazhakkala Keduthi Yogam 3
ജില്ലയില്‍ രണ്ടാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്ന്
                                                                 മന്ത്രി ടി.പി രാമകൃഷ്ണന്‍
· മന്ത്രി ടി.പി രാമകൃഷ്ണന്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി
 സമാനതകളില്ലാത്ത മഴക്കെടുതികള്‍ നേരിടുന്ന ജില്ലയിലെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും രണ്ടാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. തോട്ടം തൊഴിലാളികളടക്കമുള്ളവര്‍ക്ക് ജോലിക്കു പോവാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ഒരാള്‍പോലും പട്ടിണി കിടക്കാന്‍ ഇടയാവുരുതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വയനാട് ജില്ലയില്‍ മാത്രമാണ് നിലവില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ജീവന്‍ രക്ഷിക്കുകയാണ് പ്രധാന ഊന്നല്‍. മഴക്കെടുതിയെതുടര്‍ന്നുണ്ടായ ജില്ലയുടെ ഭാവി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടുത്ത ഘട്ടത്തില്‍ വിശാലമായ പദ്ധതി തയ്യാറാക്കും. അതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. 
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലയുടെ നിലവിലെ സ്ഥിതിഗതികള്‍ മന്ത്രി വിലയിരുത്തി. ജില്ലയില്‍ 100 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കാര്‍ഷിക നഷ്ടം കൂടി കണക്കിലെടുത്താല്‍ നഷ്ടം ഇതിലും കൂടും.   നിലവില്‍ ക്യാമ്പുകളുടെതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. മഴ കുറഞ്ഞാലും പ്രവര്‍ത്തനങ്ങള്‍ തുടരണം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഴുവന്‍ സമയവും ജാഗ്രതയോടിരിക്കണം. ക്യാമ്പുകളില്‍ 24 മണിക്കൂറും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയടക്കം സേവനം ഉറപ്പുവരുത്തണം. ചെറിയ പാളിച്ചപ്പോലും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണം, കുടിവെളളം, മരുന്ന് എന്നിവ ക്യാമ്പുകളില്‍ ഉറപ്പാക്കണം. ആരോഗ്യ ശ്രദ്ധ ഒരുതരത്തിലും കുറയാന്‍ പാടില്ല. രോഗം വരാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിട്ടിയുടെ നേതൃത്വത്തില്‍ വില്ലേജുതലത്തില്‍ കുടിവെള്ളം കിയോസുകളില്‍ സൂക്ഷിക്കാനും അവ ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള നടപടികള്‍ പഞ്ചായത്തുകളുടെ നേതൃത്വല്‍ ആരംഭിക്കണം. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തുറക്കണം. അക്കാര്യം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കുകയും വേണം. ഇന്ധനക്ഷാമം വരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തകര്‍ന്ന റോഡുകള്‍ എത്രയും വേഗം സാങ്കേതിക തടസ്സം നോക്കാതെ ഗതാഗതയോഗ്യമാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ക്യാമ്പു കഴിഞ്ഞു അറ്റകുറ്റപ്പണി നടത്തി ശരിയാക്കാന്‍ കഴിയാവുന്ന വീടുകളില്‍ തിരിച്ചു പോകുന്നവരെ അവിടെതന്നെ പുനരധിവസിപ്പിക്കും. അല്ലാത്തവര്‍ക്ക് മറ്റു സാഹചര്യങ്ങളില്ലെങ്കില്‍ വാടക കെട്ടിടമടക്കം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. താമസയോഗ്യമല്ലാത്ത വീടുള്ളുവരെ കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒന്നിലധികം തവണ വെള്ളം കയറി ക്യാമ്പുകളിലേക്ക് തിരിച്ചു വരേണ്ട അവസ്ഥ ഒഴിവാക്കാന്‍ വീടുകള്‍ മാറ്റി സ്ഥാപിക്കാനുള്ള സാധ്യതകളും പരിശോധിക്കും. മലവെള്ളം കയറിയ വീടുകളിലെ ചെളി നീക്കം ചെയ്യാന്‍ സ്‌ക്വാഡുകള്‍ രൂപികരിക്കും.  ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണം. ഇതിനുള്ള പ്രതിരോധ മാര്‍ഗങ്ങളും ഉപകരണങ്ങളും ലഭ്യമാക്കും. ക്യാമ്പുകളില്‍ അവശേഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളടക്കം ശേഖരിച്ച് റിസൈക്കിള്‍ ചെയ്യാനുള്ള നടപടികളും സ്വീകരിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കുലര്‍ ഇറക്കി താഴെത്തട്ടിലുള്ളവരെയടക്കം ബോധവത്കരിക്കണം. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ സേനയുടെ ആവശ്യമില്ല. സേനയുടെ ഇതുവരെയുള്ള സേവനം പ്രശംസീനയമാണ്. നിലവില്‍ ജില്ലയിലുള്ള സേനകളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ചുമതലയുള്ള കേശവേന്ദ്ര കുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എഡിഎം കെ. അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *