May 3, 2024

കേരളവർമ്മ പഴശ്ശിരാജ: നൂറ്റാണ്ടുകൾ കഴിഞ്ഞാലും ജ്വലിക്കുന്ന സൂര്യ തേജസ് .

0
.
കെ. ജാഷിദ്
      കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിൽ ഒരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ഇംഗ്ലീഷുകാരുടെ ശക്തി എത്ര വലുതാണെങ്കിലും ഞാനതിനെ ചെറുക്കും എന്നു പറഞ്ഞ പഴശ്ശി തന്റെ മരണം വരെ ആ വാക്കു പാലിച്ചു. കേരളത്തിലെ ആദ്യ ജനകീയ സ്വാതന്ത്ര സമരം നയിച്ചത് പഴശ്ശിയാണ്. പതിനെട്ടാം ശതകത്തിന്റെ മധ്യത്തിലായിരുന്നു ജനനം.തലശ്ശേരിക്കടുത്ത് വടക്കൻ കോട്ടയത്തിലെ രാജകുടുംബാംഗമാണ് പഴശ്ശി. അന്ന് കോട്ടയം വളരെ ചെറിയ നാട്ടു രാജ്യമായിരുന്നു. അക്കാലത്ത് വയനാട് ഈ രാജവംശത്തിന്റെ കീഴിലായിരുന്നു. ബാല്യത്തിൽ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കുവാൻ പരദേവതയായ ശ്രീ മുഴുക്കുന്നിൽ പോർക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢ പ്രതിജ്ഞ ചെയ്ത പഴശ്ശിരാജ തന്റെ വാക്ക് അവസാന ശ്വാസം വരെ കാത്ത് സൂക്ഷിച്ചു.ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്.പഴശ്ശി രാജാവ് ശത്രുക്കളായ ബ്രിട്ടീഷുകാരുടെ പോലും ആദരവ് പിടിച്ചു പറ്റിയിരുന്നു. ഇരുണ്ട സാമ്രാജ്യത്തിലെ ഇരുട്ടിനെ തുടച്ചു നീക്കിയ തേജസായിരുന്നു പഴശ്ശി.
*ചരിത്രം*
*വീരപഴശ്ശിയുടെ ജീവിതയാത്രകളിലൂടെ*
മലഞ്ചരക്കുകൾക്കും സുഗന്ധ വ്യഞ്ജനങ്ങൾക്കും വയനാടൻ മലനിരകൾ പ്രശസ്തമായിരുന്നു.പതിനേഴാം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ ഇവിടെ വാണിജ്യ ആധിപത്യത്തിനായി മത്സരിച്ചിരുന്നു. തമ്മിൽ കലഹിച്ചു കൊണ്ടിരുന്ന നാടുവാഴികൾ വിദേശ അധിനിവേശം സ്വയം ക്ഷണിച്ചു വരുത്തുകയായിരുന്നു. 1768  ൽ കോട്ടയം ഭരണം പിടിച്ചെടുത്ത മൈസൂരിനെതിരെ നാട്ടുരാജാക്കന്മാരും ദേശവാസികളും നടത്തിയ സമരത്തിന് സ്വയം പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തലശ്ശേരി ആസ്ഥാനമാക്കി കച്ചവടം നടത്തി വന്നിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും രംഗത്ത് എത്തി. അന്ന് പതിമൂന്ന് വയസ്സായിരുന്നു പഴശ്ശിയ്ക്ക്. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തം താത്പര്യം നോക്കി മൈസൂരുമായും നാട്ടുരാജ്യങ്ങളുമായും മാറി മാറി കരാറുണ്ടാക്കി. മൈസൂറിലെ ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തിൽ ദക്ഷിണേന്ത്യയിലെ യുദ്ധങ്ങളിൽ പ്രധാന പങ്കുവഹിച്ച സൈന്യാധിപനുമായിരുന്നു ഹൈദർ അലി.ഹൈദരലി മലബാർ ആക്രമിച്ചപ്പോൾ എതിർത്തു നിന്നത് പഴശ്ശി ആണ്.1784 ൽ മംഗലാപുരത്ത് വെച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി മലബാറിലെ കപ്പം പിരിക്കാനുള്ള അവകാശം മൈസൂരിന് നൽകി, കപ്പം കൊടുക്കാൻ നിവൃത്തിയില്ലാതിരുന്ന സാധാരണ ജനങ്ങൾ പഴശ്ശിയുടെ നേതൃത്വത്തിൽ സംഘടിച്ചു. 1792  ലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാർ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പൂർണ അധീനതയിലായി.എന്നാൽ കമ്പനിയെ ധിക്കരിച്ച് ജനപക്ഷത്ത് നിൽക്കുവാനായിരുന്നു പഴശ്ശിയുടെ തീരുമാനം.ഓരോ കർഷകനും പടയാളിയായി മാറുന്നതായിരുന്നു പഴശ്ശിയുടെ യുദ്ധ തന്ത്രം. സമൂഹത്തിലെ എല്ലാ ഘടകങ്ങളും കമ്പനി ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമരത്തിൽ പങ്കെടുത്തു. ഈ ജനകീയ പങ്കാളിത്തമാണ് ഇംഗ്ലീഷുകാർക്കെതിരെ ദക്ഷിണേന്ത്യയിൽ നടന്ന മറ്റേതു സമരത്തേക്കാളും പഴശ്ശി സമരത്തെ ഉജ്ജ്വലമാക്കുന്നത്. വയനാട് അടക്കമുള്ള തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പഴശ്ശിരാജാവ് നടത്തിയ ഐതിഹാസികമായ സമരത്തിന്റെ ഏറ്റവും വലിയ ശക്തി ആദിവാസി സമൂഹമായ കുറിച്യരുടെ പിന്തുണയായിരുന്നു. ബ്രിട്ടനുമായുള്ള അവസാന കരാറിലൂടെ പഴശ്ശി അവരുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു. രാജകുടുംബത്തിൽ ഉണ്ടായ  ചില  അവകാശത്തർക്കങ്ങൾ പിന്തുടർച്ച എന്നപോലെ കേരളവർമ്മയുടെ അമ്മാവനായ കുറുമ്പ്രനാട് രാജാവായ വീര വർമ്മ ബ്രിട്ടീഷുകാരോട് കൂടുതൽ സൗഹൃദം സ്ഥാപിച്ചു നികുതി പിരിവിന്  കമ്പനിയുടെ ഒരു പ്രതിനിധിയെ നിയമിക്കാനുള്ള  അധികാരം  നൽകുകയും ചെയ്തു. കോട്ടയം കോവിലകത്തുനിന്നും നികുതി പിരിക്കാൻ കേരളവർമ്മ ബ്രിട്ടീഷുകാരെ അനുവദിച്ചില്ല. കമ്പനിയുടെ മാറിയ ലക്ഷ്യം പഴശ്ശി അസ്വസ്ഥനാക്കി. പിന്നീട് ഭരണകാര്യങ്ങളിൽ കമ്പനിയുടെ യാതൊരു ഇടപെടലുകളും കേരളവർമ്മ പഴശ്ശിരാജ അനുവദിച്ചില്ല. പഴശ്ശിയെ പിണക്കാൻ കമ്പനി തയ്യാറായിരുന്നില്ല. നേരത്തെ പഴശ്ശിയെ കൊണ്ട് ഒപ്പുവച്ച കരാറിൽ വിട്ടുവീഴ്ച ചെയ്യാൻ കമ്പനി തയ്യാറായി. എന്നാൽ പിന്നീട് വന്ന കമ്പനി മേധാവി ഇത്തരം ഇളവുകൾ എല്ലാം റദ്ദുചെയ്തു മാത്രമല്ല പഴശ്ശിയുമായി ഒപ്പുവച്ച എല്ലാ കരാറുകളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം കോവിലകത്തുനിന്നും നികുതി പിരിക്കുന്നതിന് കുറുമ്പ്രനാട് രാജാവിനെ പഴശ്ശി തടഞ്ഞു. കമ്പനിയുമായി എല്ലാ അർത്ഥത്തിലും പഴശ്ശി ശത്രുത പ്രഖ്യാപിച്ചു. കമ്പനിയുടെ ശത്രുക്കൾക്ക് അദ്ദേഹം അഭയം നൽകി. പഴശ്ശിയെ തോൽപ്പിക്കാൻ ആകാതെ അധികാരം പിടിച്ചെടുക്കുവാൻ ആകില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ പരാജയപ്പെടുത്തുവാൻ ഒരു സേനയെ നിയമിച്ചു. പഴശ്ശിയെ പിടിക്കുവാൻ ആയില്ലെങ്കിലും പട്ടാളം അവിടെ മൊത്തം കൊള്ളയടിക്കുകയും ആയുധങ്ങളും പണവും കരസ്ഥമാക്കുകയും ചെയ്തു. പഴശ്ശിയെ പിടിക്കുവാൻ എല്ലാതരത്തിലും ബ്രിട്ടീഷുകാർ തന്ത്രങ്ങൾ പ്രയോഗിച്ചെങ്കിലും വയനാടൻ കാടുകളിലേക്ക് കയറിയ പഴശ്ശിയെ പിടികൂടുവാൻ അവർക്ക് സാധിച്ചില്ല. വയനാടൻ കാടുകളിൽനിന്ന് പഴശ്ശിക്ക് ആദിവാസികളായ കുറിച്യ രുടേയും കുറുമ്പരുടെയും സഹായം വേണ്ടുവോളം ലഭിച്ചു. പഴശ്ശിയെ തടവിലാക്കാൻ അദ്ദേഹത്തിന്റെ അനുയായികളെ ഭീഷണിപ്പെടുത്തി എന്നാൽ രാജ്യസ്നേഹികളായ അവർ ബ്രിട്ടീഷുകാർക്ക് വഴങ്ങിയില്ല. പഴശ്ശിയെ പിടികൂടാനാകാത്തത് കമ്പനിക്ക് അപമാനമായി. അവസാനം കമ്പനി പഴശ്ശിയുമായി ഒത്തുതീർപ്പിനെത്തി. കൊള്ളയടിച്ചത് എല്ലാം തിരികെ കൊടുത്തു. പഴശ്ശിയുടെ ആഹ്വാനത്തിൽ ആത്മാഭിമാനം ഉയർന്ന ജനങ്ങൾ വയനാടൻ കുന്നുകളിലെ സങ്കേതത്തിൽ ആയുധ പരിശീലനം നേടി. അവർ രാജ്യത്തിന് കാവൽ നിന്നു. തലയ്ക്കൽ ചന്തു ആയിരുന്നു സേനാധിപൻ. പഴശ്ശി വിപ്ലവത്തെ പൂർണമായി ഒതുക്കുവാൻ ബ്രിട്ടീഷുകാർക്കായില്ല .1800ൽ അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ കലാപം ആരംഭിച്ചു. ടിപ്പു സുൽത്താൻ വിട്ടുകൊടുക്കാത്ത വയനാട്ടിൽ നികുതി പിരിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതാണ് രണ്ടാം പഴശ്ശി കലാപത്തിന്റെ അടിയന്തര കാരണം. ടിപ്പുവിന്റെ പതനത്തോടെ  സ്വതന്ത്രമായ വയനാട് തനിക്ക് അവകാശപ്പെട്ടതാണെന്ന് പഴശ്ശി പ്രഖ്യാപിച്ചു. തുടർന്ന് വയനാട് കയ്യടക്കാൻ വന്ന ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം നീക്കം ആരംഭിച്ചു. യോദ്ധാക്കളായ എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവിന്റെയും പിന്തുണയോടെ  അഞ്ചുവർഷത്തോളം പഴശ്ശിരാജാവ് ഒളിപ്പോർ യുദ്ധം നടത്തി. നായന്മാരും ,കുറിച്യരും, മാപ്പിളമാരും അണിനിരന്നെങ്കിലും ബ്രിട്ടീഷ് സൈന്യത്തോട് കിടപിടിച്ചു നിൽക്കുവാൻ ആയില്ല. 1805  നവംബർ 29 ന് രാത്രി ഒറ്റുകാരിൽ നിന്ന് വിവരം ലഭിച്ചെത്തിയ കമ്പനി സൈന്യം പുൽപ്പള്ളി കാട്ടിൽ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകനെയും അക്രമിച്ചു. നവംബർ 30ന് പ്രഭാതത്തിൽ ബ്രിട്ടീഷുകാരുടെ വെടിയേറ്റ പഴശ്ശി "എന്നെ തൊട്ടു അശുദ്ധമാക്കരുതെന്ന് "  ബ്രിട്ടീഷ് സൈന്യത്തോട് പറഞ്ഞു നിലംപതിച്ചു. ചതിയിലൂടെ വധിച്ച പഴശ്ശിയുടെ ശരീരം ബ്രിട്ടീഷുകാർ വയനാട് മാനന്തവാടിയിൽ രാജകീയ ബഹുമതികളോടെ സംസ്കരിച്ചു. പഴശ്ശിയുടെ മരണത്തിൽ വേറെ അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. 
         മുഖ്യധാരാ സമൂഹം അവഗണനയോടെ കാണുന്ന ആദിവാസി വിഭാഗത്തെ വൈദേശിക ശക്തികൾക്കെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ നിർത്തുവാൻ വീരപഴശ്ശിക്ക് കഴിഞ്ഞു. 1793 ൽ ആരംഭിച്ച പഴശ്ശി വിപ്ലവം 1805 ലാണ് പൂർണമായും അവസാനിക്കുന്നത്. എന്നാൽ  പഴശ്ശിയുടെ മരണശേഷം ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിച്ച ജനവിഭാഗങ്ങളോട് പ്രത്യേകിച്ച് കുറുമ, കുറിച്ച്യ വിഭാഗങ്ങളോട് വളരെ ക്രൂരമായാണ് പെരുമാറിയത്. ഈ വിഭാഗങ്ങളെ അവഹേളനത്തിന്റെയും കഷ്ടപ്പാടുകളുടെയും ഇരകളാക്കി നരകതുല്യജീവിതത്തിന് വഴിയൊരുക്കുകയാണ് ഇംഗ്ലീഷ് പട്ടാളക്കാരും റവന്യൂ ഉദ്യോഗസ്ഥരും ചെയ്തത്. അക്കാലത്തെ മലബാറിലെ പ്രിന്‍സിപ്പല്‍ കളക്ടറായിരുന്ന തോമസ് വാര്‍ഡന്‍ ഇങ്ങനെയെഴുതുന്നു: ധാന്യശേഖരണത്തിലും മറ്റ് സമ്പത്തിലും അവര്‍ക്കുണ്ടായിട്ടുള്ള നഷ്ടത്തിന്റെ ദൃക്‌സാക്ഷി എന്ന നിലയില്‍ അവരുടെ ദാരിദ്ര്യാവസ്ഥയെക്കുറിച്ചും മഴക്കാലത്ത് കുടുംബങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ ജീവനോപാധികള്‍ ഇല്ലാത്തതിനെക്കുറിച്ചും എനിക്കു നന്നായി ബോധ്യമുണ്ട്. 1805 നു ശേഷമുള്ള വനവാസികളുടെ സ്ഥിതിയാണ് ഇത് സൂചിപ്പിക്കുന്നത്. ഭക്ഷണത്തിനും വിനോദത്തിനുമായി ആയിരക്കണക്കിനു നികുതി പണമാണ് കമ്പനി ഉദ്യോഗസ്ഥന്മാര്‍ ക്രൂരമായി പിരിച്ചെടുത്തിരുന്നത്. എന്നാല്‍, അതില്‍ മൂന്നിലൊന്ന് ഭാഗംപോലും ജനനന്മയ്ക്കായി ചെലവഴിക്കപ്പെട്ടിട്ടുമില്ല എന്ന യാഥാര്‍ത്ഥ്യവും നാട്ടുകാര്‍ക്കറിയാമായിരുന്നു. പരാതി പറയാന്‍ പോയാല്‍ ആയിരം വഴികളിലൂടെ തങ്ങള്‍ ഉപദ്രവിക്കപ്പെടുമെന്നും ജനങ്ങള്‍ ശങ്കിക്കുകയും ചെയ്തു. അതുപോലെ കുറിച്യരുടെ മനോവീര്യം കെടുത്തുന്നതിനായി അവരെ പിടികൂടി അടിമപ്പണിക്കാരാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതുകൂടാതെ അവരുടെ മുടി മുറിക്കുക, നിഷിദ്ധമായ ഭക്ഷണം കഴിപ്പിക്കുക എന്നിങ്ങനെ അവരെ കളങ്കപ്പെടുത്തി ജാതി ഭ്രഷ്ടരാക്കുക എന്നിവയെല്ലാം ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരും പട്ടാളക്കാരും അന്ന് ചെയ്തിരുന്നു. ഈ അധമപ്രവര്‍ത്തികള്‍ക്കെതിരെ നീതിന്യായ വകുപ്പ് ചെറുവിരല്‍പോലും അനക്കിയിരുന്നില്ല.അന്ന് ഇംഗ്ലീഷുകാരില്‍നിന്നുമുണ്ടായിക്കൊണ്ടിരുന്ന അതിക്രമങ്ങള്‍ക്കെതിരെ പോരാടാനുള്ള ആഹ്വാനം വെളിച്ചപ്പാടന്മാരില്‍നിന്നാണ് കുറിച്യ, കുറുമ വിഭാഗങ്ങള്‍ക്ക് ആദ്യമുണ്ടായത്. അതോടൊപ്പം കമ്പനി ഉദ്യോഗത്തില്‍നിന്നും പുറത്താക്കിയവരും അസംതൃപ്തരുമായ ഉദ്യോഗസ്ഥരും പൊതുവായി നാട്ടില്‍ ഉയര്‍ന്നുവന്നിരുന്ന ജനകീയ അസംതൃപ്തിയെക്കുറിച്ച് മനസ്സിലാക്കുകയും അത് വിശാലടിസ്ഥാനത്തില്‍ വളര്‍ന്നുവരട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഇതിനുപുറമെ 'വട്ടത്തൊപ്പിക്കാരി'ല്‍നിന്നും സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തില്‍ അന്ന് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ തടവുകാരനായി കഴിഞ്ഞിരുന്ന യുവരാജാവും (പഴശ്ശിയുടെ അനന്തരവന്‍) എത്തുമെന്നും വാര്‍ത്തകള്‍ പരന്നു. അങ്ങനെ ബ്രിട്ടീഷുകാര്‍ക്കെതിരായി നായന്മാരുടെയും തിയ്യരുടെയും കുറിച്യരുടെയും കുറുമരുടെയും കൂട്ടായ അന്തിമപോരാട്ടത്തിന് പശ്ചാത്തലമൊരുങ്ങി. സാമൂഹ്യവിപത്തിനെതിരെ ഒരു ജനത മുഴുവന്‍ എങ്ങനെ സ്വയം സംഘടിച്ചു എന്നുള്ളതിന്റെ തെളിവാണ് ഇവിടെ വെളിവാകുന്നത്.  1812-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം. കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു.കുറിച്യരുടെയും കുറുമ്പരുടെയും നേതൃത്വത്തിൽ ആദിവാസികൾ
അമ്പും വില്ലും ഉപയോഗിച്ച്
കമ്പനി സൈന്യത്തിനെതിരെ
പടപൊരുതി.
സുൽത്താൻ ബത്തേരി,
മാനന്തവാടി
എന്നിവിടങ്ങളിലെ സൈനിക
താവളങ്ങൾ ആക്രമിക്കപ്പെട്ടു.
കുറിച്യർ
ലഹളയ്ക്ക് നേതൃത്വം 
നൽകിയവരായിരുന്നു ആയിരം വീട്ടിൽ
കോന്തപ്പൻ, രാമനമ്പി,
വേണ്ൻകലോൻ കേളു എന്നിവർ. ഇന്നും വീരപഴശ്ശിയുടെ ഓർമ്മകൾ അനശ്വരമായി നിലനിൽക്കുന്നു.ദേശസ്നേഹത്തിന്റെ കണികയെങ്കിലും ഉള്ള ഒരു ഭാരതീയന്റെ ഹൃദയമാണ് പഴശ്ശിയുടെ യഥാർത്ഥ സ്മാരകം.
*പഴശ്ശിയും പ്രധാനപ്പെട്ട സ്ഥലങ്ങളും*
1. പോർക്കലികുന്ന് മൃദംഗ ശൈലേശരി ക്ഷേത്രം
          
        പോർക്കലികുന്ന് മൃദംഗ ശൈലേശരി ക്ഷേത്രം മിഴിക്കുന്ന് എന്ന പേരിലും അറിയപ്പെടുന്നു. പഴശ്ശിരാജ ഉൾപ്പടെയുള്ള കോട്ടയം രാജാക്കമ്മാരുടെ മൂലസ്ഥാനം. ഈ ക്ഷേത്രം വേർപിരിഞ്ഞാണ് കോട്ടയം കോവിലകവും പഴശ്ശി കോവിലകവും ഉത്ഭവിക്കുന്നത്.
2. പഴശ്ശി കോവിലകം
                പഴശ്ശിയുടെ പിൻമുറക്കാർ താമസിച്ചിരുന്നതാണ് പഴശ്ശി കോവിലകം. മലബാറിലെ രാജവംശത്തിന്റെ തിരുശേഷിപ്പുകളാണിത്.
3. പിണ്ഡാരി ധർമ്മ ദൈവക്ഷേത്ര കളരി
          പരശുരാമ പ്രതിഷ്ഠിതമായ ഈ കളരിയിലാണ് പഴശ്ശി ഉൾപ്പടെയുള്ള കോട്ടയം തമ്പുരാക്കമ്മാർ ആയോധനം അഭ്യസിച്ചത്. രാജാവായി സ്ഥാനമേൽക്കുമ്പോൾ ഈ കളരിയിൽ നിന്നണ് അധികാരത്തിന്റെ ഉടവാൾ ഏറ്റു വാങ്ങേണ്ടത്.പിണ്ഡാരി നമ്പീശൻമാരാണ് പരമ്പരയായി ഈ കളരിയിലെ ഗുരുക്കന്മാർ.
4. കൈതേരിയിടം
              പഴശ്ശിയുടെ പത്നിയായ മാക്കത്തിന്റെ തറവാടാണിത്.മാക്കത്തിന്റെ സഹോദരനായ കൈതേരി അമ്പു പഴശ്ശിയുടെ വിശ്വസ്തനായ പോരാളി ആയിരുന്നു. ഇന്ന് കൈതേരിയിടത്തിൽ മാക്കത്തിനും അമ്പുവിനും ദേവതാ സ്ഥാനം നൽകിയിരിക്കുന്നു.
5.മണത്തണ ചപ്പാരം ക്ഷേത്രം
       പഴശ്ശിയുടെ യുദ്ധ വീര്യത്തിന്റെ സ്മാരകമായി നാം തിരിച്ചറിയുന്ന ഒന്നാണ് മണത്തണ ചപ്പാരം ക്ഷേത്രം."എന്റെ ചപ്പാരം ക്ഷേത്രം സംരക്ഷിപ്പാനായി മ്ലേച്ചമ്മാരായ ബ്രിട്ടീഷുകാരെ ചപ്പാരത്തിന് മുന്നിൽ വെച്ച് നശിപ്പിച്ചു " എന്ന് പഴശ്ശി ഒരു കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
6. പനമരം കോട്ട
          
               പഴശ്ശിയുടെ സമര സാനിധ്യം കൊണ്ട് ചരിത്ര പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പനമരം കോട്ട. പനമരം കോട്ട ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത് പഴശ്ശിയുടെ വലിയ വിജയമായിരുന്നു. മാനന്തവാടിക്കടുത്ത് പനമരം പുഴയുടെ തീരത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇന്ന് കോട്ടയുടെ അവശേഷിപ്പായി കല്ലുകൾ മാത്രമേ ഉള്ളൂ.പഴശ്ശി രാജാവിന്റെ അനുയായികളായ തലക്കൽ ചന്തുവും എടച്ചേന കുങ്കൻ നായരും അവരുടെയൊപ്പം 175 വില്ലാളികളും 1802 ഒക്ടോബർ 11 ആം തിയതി ബ്രിട്ടീഷുകരുടെ ബോംബെ കാലാൾപ്പട നിയന്ത്രിച്ചിരുന്ന പനമരം കോട്ട പിടിച്ചെടുക്കുകയുണ്ടായി. ആ ശ്രമത്തിൽ ക്യാപ്റ്റൻ ഡിക്കിൻസണും ലെഫ്റ്റനന്റ് മാക്‌സ്‌വെല്ലും 25 പട്ടാളക്കാരോടൊപ്പം കൊല്ലപ്പെടുകയുണ്ടായി. തിരിച്ചടിച്ച ബ്രിട്ടീഷുകാർ നവംബർ 15 -ന് ചന്തുവിനെ പിടികൂടി വധിച്ചു. ഇത് കൂടാതെ  വയനാട് ചുരവും മൈസൂർ മുതൽ മാനന്തവാടി വരെയുള്ള പാതയും നിയന്ത്രണത്തിലാക്കാനും വിപ്ലവകാരികൾക്ക് കഴിഞ്ഞിരുന്നു.പഴശ്ശിയും തലയ്ക്കൽ ചന്തുവും കുറിച്യപോരാളികളും ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പിന്റെ അടയാളങ്ങളിലൊന്നാണ് ഈ കോട്ട.ആ ഐതിഹാസികപോരാട്ടങ്ങളുടെ സാക്ഷിയായി ഇപ്പോഴും അവിടെ  മുത്തശ്ശിമരം നില നിൽക്കുന്നുണ്ട്.
7. മാനന്തവാടി പഴശ്ശികുടീരവും മ്യൂസിയവും
           ബ്രിട്ടീഷുകാർ രാജ ബഹുമതികളോടു കൂടെ പഴശ്ശിയുടെ ശരീരം അടക്കം ചെയ്തിരിക്കുന്നത് വയനാട് മാനന്തവാടിയിൽ സ്ഥിതി ചെയ്യുന്ന പഴശ്ശികുടീരത്തിലാണ്. ഇന്ന് വയനാട്ടിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രമാണ് ഇവിടം. വീരപഴശ്ശിയുടെ മൃതദേഹം അന്നത്തെ ബ്രിട്ടീഷ് സബ് കളക്ടർ ആയിരുന്ന ടി.എച്ച്.ബാബറുടെ മഞ്ചത്തിൽ കിടത്തിയാണ് മാനന്തവാടിയിൽ എത്തിച്ചത്.ഈ കുടീരം സംരക്ഷിത സ്മാരകമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി 1996 മാര്‍ച്ച് മാസത്തിലാണ് ഒരു മ്യൂസിയമായി ഇത് മാറ്റിയത്. വളരെ വിപുലമായ പുരാവസ്തു ശേഖരത്തോടുകൂടി പുതിയ ഒരു മ്യൂസിയം ഇവിടെ 2008-ല്‍ ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. ചരിത്രകാരന്മാരേയും ഗവേഷണ വിദ്യാര്‍ത്ഥികളേയും ആകര്‍ഷിക്കുന്ന രീതിയില്‍ മ്യൂസിയം ഇന്ന് വികസിച്ചു കഴിഞ്ഞു. മാനന്തവാടി നഗരമധ്യത്തില്‍ പ്രകൃതിരമണീയമായ സ്ഥലത്താണ് കുടീരം. കബനീ നദി കുടീരത്തിന്റെ താഴ്‌വാരത്തുകൂടെ ഒഴുകുന്നു. മ്യൂസിയം പരിസരത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഒരു ഉദ്യാനവും സജ്ജീകരിച്ചിട്ടുണ്ട്.
പഴശ്ശികുടീരം മ്യൂസിയത്തില്‍ നാല് ഗ്യാലറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പഴശ്ശി ഗ്യാലറി, ട്രൈബല്‍ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിവയാണവ. പഴശ്ശി കലാപം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ പുറപ്പെടുവിച്ച വിവിധ ഉത്തരവുകളുടേയും കത്തിടപാടുകളുടേയും പകര്‍പ്പുകള്‍, പുരാതന ആയുധങ്ങള്‍, വീരക്കല്ലുകള്‍, പ്രാചീന ഗോത്ര സംസ്കൃതിയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങള്‍, വനവാസികളുടെ ഗൃഹോപകരണങ്ങള്‍, ആയുധങ്ങള്‍, അപൂര്‍വ്വ നാണയങ്ങള്‍ തുടങ്ങിയവയെല്ലാം മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുക്കളാണ്.
8. പഴശ്ശിരാജ സ്മൃതി മന്ദിരം
                പഴശ്ശിരാജയുടെ സ്മരണാർത്ഥം മട്ടന്നൂരിന് സമീപം പഴശ്ശിയിൽ സ്ഥാപിച്ചതാണ് പഴശ്ശിരാജ സ്മൃതി മന്ദിരം.2014 നവംബർ 30 ന് പഴശ്ശി ദിനത്തിലാണ് ഇത് നാടിന് വേണ്ടി സമർപ്പിച്ചത്. പഴശ്ശി തമ്പുരാന്റെ ജീവചരിത്രവും, ഛായാ ചിത്രവുമാണ് ഈ മന്ദിരത്തിൽ ഉള്ളത്.
9. കോഴിക്കോട് പഴശ്ശി മ്യൂസിയം, ആർട്ട് ഗാലറി
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയം ആർട്ട് ഗ്യാലറി സമുച്ചയമാണ് പഴശ്ശി രാജാ മ്യൂസിയം. നഗര ഹൃദയത്തിൽ നിന്നും അഞ്ച് കി.മീ അകലെ ഈസ്റ്റ് ഹില്ലിലാണ് കേരളീയ വാസ്തുശില്പ ശൈലിയിലുള്ള ഈ സംഗ്രഹാലയം. മനോഹരമായ ഒരു ഉദ്യാനവും പുൽത്തകിടിയുമുള്ള ശാന്ത സുന്ദരമായ പരിസരമാണിവിടം. കേരള പുരാവസ്തു വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ മ്യൂസിയത്തിൽ ക്രി.മു 1000 മുതൽ ക്രി.വ 200 വരെയുള്ള നിരവധി പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു.മ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടം 1812 ൽ പണികഴിപ്പിച്ചതാണ്. അന്നിത് ഈസ്റ്റ് ഹിൽ ബംഗ്ലാവ് എന്നാണ് അറിയപ്പെട്ടിരുന്നത്.മഹാശിലായുഗത്തിലേയും സിന്ധുനദീ തട സംസ്കാര കാലഘട്ടത്തിലേയും നിരവധി പുരാവസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ കാലത്തെ പാത്രങ്ങൾ, ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, ശിലയിലും മരത്തിലുമുള്ള ശില്പങ്ങൾ, നാണയങ്ങൾ, നന്നങ്ങാടികൾ, കുടക്കല്ലുകൾ, വീരക്കല്ലുകൾ, പഞ്ചലോഹ വിഗ്രഹങ്ങൾ, ക്ഷേത്രങ്ങളുടെ മാതൃകകൾ എന്നിവയെല്ലാം ഇവിടെ കാണാം. മലബാറിന്റെ പല ഭാഗങ്ങളിൽ നിന്നും ഖനനം ചെയ്തെടുത്ത ധാരാളം പുരാവസ്തുക്കൾ ഇവിടെയുണ്ട്. മ്യൂസിയത്തിന്റെ ഭൂഗർഭ അറയിൽ ബ്രിട്ടീഷ് ഭരണകാലത്തെ തടവറ കാണാം.രാജാരവി വർമ്മ, രാജരാജ വർമ്മ തുടങ്ങി പല പ്രശസ്ത ചിത്രകാരന്മാരുടേയും ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
            നവംബർ 30 വീരപഴശ്ശിയുടെ ഇരുന്നൂറ്റി പതിമൂന്നാമത്തെ രക്തസാക്ഷിത്വ ദിനമാണ്. ബ്രിട്ടീഷ് ആധിപത്യത്തിന് മുൻപിൽ നിന്നും തന്റെ ജനങ്ങളെ സംരക്ഷിക്കുവാൻ അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ഓർമ്മ ദിവസം കൂടിയാണ് ഇന്ന്. ഇന്നും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പല പരിപാടികളും കേരളത്തിൽ നടന്നു വരുന്നുണ്ട്. മരിക്കാത്ത ഓർമ്മയായി വീരകേരള സിംഹം കേരള വർമ്മ പഴശ്ശിരാജ ഇന്നും കേരളത്തിലെ ജന മനസ്സുകളിൽ ജ്വലിച്ചു നിൽക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *