April 26, 2024

ഡി-അഡിക്ഷന്‍ സെന്റര്‍ ഉദ്ഘാടനം 16 ന്

0

ലഹരിവര്‍ജന സന്ദേശം സമൂഹത്തിനു നല്‍കി എക്‌സൈസ് വകുപ്പിന്റെ ഡി-അഡിക്ഷന്‍ സെന്റര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 16ന് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും. വിമുക്തി മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പുമായി സഹകരിച്ച് കല്‍പ്പറ്റ ജനറല്‍ ആശുപത്രി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടു ബ്ലോക്കുകളിലായാണ് സെന്ററിന്റെ പ്രവര്‍ത്തനം. 10 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ നിര്‍മിതി കേന്ദ്രമാണ് നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മെയില്‍, ഫീമെയില്‍ വാര്‍ഡുകളും പരിശോധനാ മുറിയും ഫാര്‍മസിയും മേല്‍ക്കൂരയുമെല്ലാം പുതുക്കിപ്പണിതു. കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, മൂന്നു സ്റ്റാഫ് നഴ്‌സ്, രണ്ടു സുരക്ഷാ ജീവനക്കാര്‍, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളാണ് സെന്ററിലുള്ളത്. ഐപി സൗകര്യത്തോടുകൂടി ആരംഭിച്ച കേന്ദ്രത്തില്‍ ചികില്‍സയും മരുന്നും സൗജന്യമാണ്. 
മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂര്‍ണമായും ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിമുക്തി മിഷന്‍ രൂപീകരിച്ചത്. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായി വിമുക്തി കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമാണ്. വാര്‍ഡ് തലങ്ങളിലും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മാസവും ജില്ലാതല കമ്മിറ്റി യോഗം ചേരുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരികയും ചെയ്യുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *