April 27, 2024

ഭക്ഷ്യസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിർദ്ദേശം.

0
കൽപ്പറ്റ:
    ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഭക്ഷ്യ ഉല്‍പാദക സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കി. സ്ഥാപനങ്ങളുടെ  കിണറുകളില്‍ മാലിന്യം കലര്‍ന്ന് ഉപയോഗയോഗ്യമല്ലാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. മലിനജലത്തിന്റെ ഉപയോഗം വയറിളക്കം, മഞ്ഞപിത്തം, ടൈഫോയിഡ് തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കും ഭക്ഷ്യ വിഷബാധക്കും കാരണമാകും. ഭക്ഷണാവശ്യങ്ങള്‍ക്കും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുന്ന വെളളം ശുദ്ധവും രോഗാണു വിമുക്തവുമാണെന്ന് സ്ഥാപന ഉടമ ഉറപ്പുവരുത്തണം. മലിനജലം കലര്‍ന്ന കിണറുകളിലെ ജലം പൂര്‍ണമായും പമ്പ് ചെയ്തു കളഞ്ഞ്  ബ്ലീച്ചിങ് പൗഡറിട്ട് അണുനാശനം വരുത്തണം. വെള്ളത്തിന്റെ സാമ്പിളുകള്‍ രാസ, ജൈവ പരിശോധനക്ക് വിധേയമാക്കി പാനയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കണം. കിണറും പരിസരവും വൃത്തിയായി സൂക്ഷിച്ച് ഒരു തരത്തിലുള്ള മാലിന്യങ്ങളും കലരില്ലെന്ന് ഉറപ്പുവരുത്തണം. നനഞ്ഞതും പൂപ്പല്‍ പിടിച്ചതും കേടായതുമായ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ഒന്നും തന്നെ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കണം. കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുകയും ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *