May 21, 2024

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തി പുനരാരംഭിച്ചു: കര്‍മ്മസമിതിയുടെ സമരം മാറ്റി വെച്ചു.

0
Img 20200122 Wa0017.jpg
കല്‍പ്പറ്റ: കിഫ്ബി നല്‍കിയ സ്റ്റോപ്പ് മെമ്മോയെ തുടര്‍ന്ന് മുടങ്ങിക്കിടന്ന കൽപ്പറ്റ – വാരാമ്പറ്റ റോഡ് നവീകരണ പ്രവൃത്തി പുനരാരംഭിക്കുന്നതിന് നിബന്ധനകളോടെ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് ഇറങ്ങിയതിനാല്‍ റോഡ് പ്രവൃത്തി പുനരാരംഭിച്ചു. ഇതേ തുടര്‍ന്ന് റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്താനിരുന്ന ധര്‍ണ്ണയും സമര പ്രഖ്യാപനവും മാറ്റി വെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
ഗുണനിലവാരക്കുറവും കാലതാമസവും ചൂണ്ടിക്കാട്ടി പ്രവൃത്തിയുടെ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്ന് ഡിസമ്പര്‍ 11നാണ് പണികള്‍ നിര്‍ത്തി വെച്ചത്. ആക്ഷന്‍ കമ്മിറ്റിയുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടല്‍ വഴിയാണ് ഇപ്പോള്‍ സ്റ്റോപ്പ് മെമ്മോ നീങ്ങിയത്. കഴിഞ്ഞ മാസാവസാനം കിഫ്ബിയുടെ ടെക്നിക്കല്‍ വിഭാഗം പരിശോധന നടത്തുകയും പിഴവുകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് ആഴ്ച്ചകള്‍ക്ക് മുമ്പ് നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ടാണ് ഉത്തരവിറങ്ങിയത്. കേസുകള്‍ പിന്‍വലിച്ചും ആവശ്യമായ ഇടപെടലുകള്‍ നടത്തിയും എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കി ഈ പ്രദേശത്തിന്‍റെ യാത്രാദുരിതം പരിഹരിക്കാന്‍ എല്ലാവരും സഹകരിക്കണം. കാല താമസമില്ലാതെയും കാര്യക്ഷമമായും റോഡ് പ്രവൃത്തികള്‍ നടക്കണമെന്നും ഗുണനിലവാരത്തില്‍ ഒരു വിട്ടു വീഴ്ച്ചയും പാടില്ലെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പണികള്‍ ഇനിയും ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ പൊതു ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികള്‍ക്ക് കല്‍പ്പറ്റ വാരാമ്പറ്റ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 
ചെയര്‍മാന്‍ എം എ ജോസഫ്, കണ്‍വീനര്‍ എം മുഹമ്മദ് ബഷീര്‍, വര്‍ക്കിങ് കണ്‍വീനര്‍ ഷമീം പാറക്കണ്ടി, ഭാരവാഹികളായ പി കെ അബ്ദുറഹിമാന്‍, ജോണി നന്നാട്ട്, കെ ഹാരിസ്, കളത്തില്‍ മമ്മൂട്ടി, കെ ഇബ്രാഹിംഹാജി, വി ജി ഷിബു, ബഷീര്‍ പുള്ളാട്ട്, ഉസ്മാന്‍ പഞ്ചാര, നജീബ് പിണങ്ങോട്, തന്നാനി അബൂബക്കര്‍, ജാസര്‍ പാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *