April 29, 2024

ഭരണഘടനാ മൂല്യങ്ങള്‍ക്ക് നേരെയുളള വെല്ലുവിളികള്‍ ചെറുക്കണം; മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്

0
Img 20210815 Wa0025.jpg
ഭരണഘടനാ മൂല്യങ്ങള്‍ക്ക് നേരെയുളള വെല്ലുവിളികള്‍ ചെറുക്കണം ; മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്

     
കൽപ്പറ്റ: ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷതയും, ബഹുസ്വരതയും ഇല്ലാതാക്കി രാജ്യത്ത് വംശീയതയും വര്‍ഗീയതയും പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിലും ഭരണഘടനയും ജനാധിപത്യവും നിരവധി വെല്ലുവിളികള്‍ നേരിടുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുവാനും ജനാധിപത്യ അവകാശങ്ങളും, പൗരാവകാശങ്ങളും ഇല്ലായ്മ ചെയ്യാനുമുള്ള സംഘടിത ശ്രമങ്ങളും നടക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, തുല്യനീതി എന്നീ തത്ത്വങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനുള്ള പ്രതിജ്ഞായവണം ഈ സ്വാതന്ത്ര്യദിനമെന്ന് മന്ത്രി പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യം പൊരുതി നേടിയെങ്കിലും അതിനായി പ്രയത്‌നിച്ചവര്‍ സ്വപ്നം കണ്ട സാമൂഹ്യനീതി ഇനിയും കൈവരിക്കാന്‍ നമ്മുക്ക് സാധിച്ചിട്ടില്ല. മതന്യൂനപക്ഷങ്ങള്‍ക്കും, ദളിത് വിഭാഗങ്ങള്‍ക്കുമെതിരെയായ അതിക്രമങ്ങള്‍ വര്‍ധിച്ച് വരുകയാണ്. രാജ്യത്തെ നൂറ് കോടിയിലധികം ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ നില്‍ക്കുമ്പോഴും ഒരു വിഭാഗം വ്യക്തികളിലേക്ക് സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നു. ഉളളവനും ഇല്ലാത്തവനും തമ്മിലുളള അന്തരം കുറയണമെന്ന ഭരണഘടനയുടെ നിര്‍ദ്ദേശക തത്ത്വങ്ങള്‍ പോലും നടപ്പായിട്ടില്ല. നാനാത്വത്തില്‍ എകത്വമാണ് നമ്മുടെ കരുത്ത്. ബഹുസ്വരതയും നൂനപക്ഷ സംരക്ഷണവും രാജ്യത്തിന്റെ മതേതര ബോധത്തിന്റെ ആണികല്ലാണ്. ദുര്‍ബല വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാവണം. എല്ലാവര്‍ക്കും ഒരുപോലെ ആഘോഷിക്കുവാനും, സ്പര്‍ധകളില്ലാതെ ജീവിക്കുവാനും സാധിക്കുമ്പോഴാണ് നാം പൂര്‍ണ സ്വതന്ത്രരാകുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എം.എല്‍.എമാരായ അഡ്വ. ടി.സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ ജി. പ്രിയങ്ക, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈത്തിരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.യു. ജയപ്രകാശ് കമ്മാന്‍ഡറായ സ്വാതന്ത്ര്യ ദിന പരേഡില്‍ കേരള പോലീസ് ഡി.എച്ച്.ക്യൂ, ലോക്കല്‍ പോലീസ്, കേരള എക്‌സൈസ്, കേരള ഫോറസ്റ്റ്, എക്‌സ് സര്‍വ്വീസ്‌മെന്‍, കേരള പോലീസ് ബാന്‍ഡ് ടീം എന്നീ ആറ് പ്ലാറ്റൂണുകള്‍ അണിനിരന്നു. വയനാട് ഡി.എച്ച്.ക്യൂ സബ് ഇന്‍സ്‌പെക്ടര്‍ കെ. ശ്രീനിവാസന്‍ സെക്കന്‍ഡ് ഇന്‍ കമ്മാന്‍ഡറായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *