April 26, 2024

മേരിമാതാ കോളേജിന്‍റെ പ്രിയ ഗുരുക്കന്മാർ വിരമിക്കുന്നു

0
Img 20220328 171026.jpg
 
മാനന്തവാടി: ദീർഘകാലത്തെ സേവനത്തിനുശേഷം മേരിമാതാ ആർട്സ് സയന്‍സ് കോളേജില്‍നിന്നും മൂന്ന് അധ്യാപകർ ഈ വർഷം വിരമിക്കുന്നു. മലയാളം വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ. ജോസഫ് കെ. ജെ ഇരുപത്തിയേഴു വർഷവും ഹിന്ദി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. രാകേഷ് കാലിയ ഇരുപത്തിയാറു വർഷവും ഗണിത വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. പാമി സെബാസ്റ്റ്യന്‍ ഇരുപത്തിരണ്ടു വർഷവും പൂർത്തിയാക്കിയാണ് അധ്യാപനജീവിതം അവസാനിപ്പിക്കുന്നത്. 
ഭാഷാശാസ്ത്രവും സാഹിത്യവുമുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഡോ. ജോസഫ് കെ. ജെ മേരിമാതാ കോളേജ് സ്ഥാപിതമായ 1995 മുതല്‍ കോളേജിന്‍റെ വളർച്ചയില്‍ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എഴുത്തുകാരന്‍, വിവര്‍ത്തകന്‍, പ്രഭാഷകന്‍, മികച്ച സംഘാടകന്‍ എന്നീ നിലകളിലെല്ലാം സുപരിചതിനായ അദ്ദേഹം, ഏറ്റവും ഒടുവിലായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അരുന്ധതി റോയിയുടെ ആസാദി ഏറെ സ്വീകാര്യത നേടിയിരുന്നു. 
 1996 മുതല്‍ കോളേജില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. രാകേഷ് കാലിയയുടെ ജന്മദേശം ഉത്തർപ്രദേശിലെ ലക്നൗവാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള അദ്ദേഹം പി. വത്സലയുടെ നോവലായ നെല്ല് ഉള്‍പ്പെടെ നിരവധി കൃതികള്‍ ഹിന്ദിയിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ഇന്ത്യ ടുഡേ ഇന്ത്യയിലാകമാനമായി നടത്തിയ ചെറുകഥാ മത്സരത്തില്‍ ജേതാവായിരുന്നു ഡോ. രാകേഷ് കാലിയ. കോളേജിലെ വിവിധങ്ങളായ പ്രവൃത്തികള്‍ക്ക് നേതൃത്വം വഹിച്ച അദ്ദേഹം വർഷങ്ങളായി കരിയർ ഗൈഡന്‍സ് സെല്ലിന്‍റെ മേല്‍നോട്ടം വഹിക്കുന്നു. 
 2000 ത്തില്‍ കോളേജില്‍ അധ്യാപനമാരംഭിച്ച ഡോ. പാമി സെബാസ്റ്റ്യന്‍ പാഠ്യരംഗത്ത് ധാരാളം സംഭാവനകള്‍ നല്കുകയും ഗവേഷണസംബന്ധിയായ നിരവധി ലേഖനങ്ങള്‍ ദേശീയ അന്തർദേശീയ ജേർണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസർ, വിമന്‍സ് സെല്‍ കോർഡിനേറ്റർ എന്ന നിലയിലെല്ലാം പ്രവർത്തനമികവ് പുലർത്താനും ടീച്ചർക്ക് കഴിഞ്ഞു. സഹപ്രവർത്തകരുടേയും വലിയൊരുകൂട്ടം വിദ്യാർത്ഥികളുടേയും സ്നേഹവായ്പുകളേറ്റുവാങ്ങിയാണ് മൂന്ന് അധ്യാപകരും കോളേജിന്‍റെ പടിയിറങ്ങുന്നത്. പൂർവ്വവിദ്യാർത്ഥികളില്‍ പലരും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരോടുള്ള സ്നേഹവും ഓർമ്മകളും പങ്കിടാന്‍ ഈ ദിവസങ്ങളില്‍ കോളേജിലെത്തുന്നുണ്ട്. ഡോ. രാകേഷ് കാലിയ മാർച്ച് 31 നും ഡോ. ജോസഫ് കെ. ജെ, ഡോ. പാമി സെബാസ്റ്റ്യന്‍ എന്നിവർ മെയ് 31 നുമാണ് ഔദ്യോഗികമായി വിരമിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *