April 26, 2024

വയനാട്ടില്‍ കടുവ ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് : മൃഗങ്ങളും മനുഷ്യരും തമ്മിലുള സംഘർഷം രൂക്ഷമാകുന്നു

0
Img 20221022 112318.jpg
കല്‍പറ്റ: മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കി കടുവ സാന്നിദ്ധ്യം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.
 വയനാട്ടില്‍ മൂന്നിടങ്ങളില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു. ചീരാല്‍ കുടുക്കി, അമ്പലവയല്‍ പോത്തുകെട്ടി, മീനങ്ങാടി മേപ്പരിക്കുന്ന് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച രാത്രി കടുവ ഇറങ്ങിയത്. സുല്‍ത്താന്‍ബത്തേരി താലൂക്കിലാണ് മൂന്ന് സ്ഥലങ്ങളും.
പോത്തുകെട്ടിയില്‍ കാവനാല്‍ വര്‍ഗീസിന്റെ ആടിനെ കടുവ കൊന്നു. വീടിനു 200 മീറ്റര്‍ മാറി തോട്ടത്തില്‍ ഇന്നു രാവിലെയാണ് ജഡം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയും പ്രദേശത്തു കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
ചീരാലില്‍ കുടുക്കി സ്വദേശി സ്‌കറിയയുടെ പശുവിനെയാണ് കടുവ പിടിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ചീരാല്‍ വില്ലേജില്‍ മൂന്നാഴ്ചയ്ക്കിടെ എട്ടു പശുക്കളെയാണ് കടുവ കൊന്നത്. രണ്ടു പശുക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു. വില്ലേജില്‍ ശല്യം ചെയ്യുന്ന കടുവയെ പിടികൂടുന്നതിനു നീക്കം ഊര്‍ജിതമാണ്. വിവിധ ഭാഗങ്ങളില്‍ നീരീക്ഷണത്തിനു 23 കാമറ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു കൂടുകളും വച്ചിട്ടുണ്ട്. കടുവയെ സൗകര്യപ്രദമായ ഇടത്ത് കണ്ടെത്തിയാല്‍ മയക്കുവെടി പ്രയോഗിക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വനസേന 10 സംഘങ്ങളായി തിരിഞ്ഞ് കടുവയ്ക്കായി നടത്തിയ തിരച്ചില്‍ വിഫലമായിരുന്നു. ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷമാണ് കടുവ സാന്നിധ്യം. മീനങ്ങാടി മേപ്പേരിക്കുന്നില്‍ അമ്പാട്ട് ജോര്‍ജിന്റെ ആടിനെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ രാത്രി പത്തോടെയാണ് സംഭവം. മൂന്നു വയസുള്ള ആടിന്റെ കാലിനു ഗുരുതരമായി പരിക്കേറ്റു. വര്‍ധിക്കുന്ന കടുവ സാന്നിധ്യം ജനങ്ങളെ ആശങ്കയിലാക്കിയിരിക്കയാണ്.
നിസ്സഹായരായ മനുഷ്യർ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ അധികാരികളും ഏറെ സമ്മർദ്ദത്തിലായി അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെങ്കിലും കടുവയുടെ പ്രയാണം തുടരുകയാണ്.
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *