March 26, 2023

വാര്‍ഷിക പദ്ധതി നിര്‍വ്വഹണം നൂറ് ശതമാനമാക്കണം : വികസന സമിതി

IMG-20230128-WA00722.jpg
കൽപ്പറ്റ :ജില്ലയിലെ വിവിധ വകുപ്പുകളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണം നൂറ് ശതമാനമാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ വരും ദിവസങ്ങളില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ വകുപ്പുകള്‍ പ്രത്യേക ഊന്നല്‍ നല്‍കണം. സി.എസ്.ആര്‍ ഫണ്ടുകളും സമയബന്ധിതമായി വിനിയോഗിക്കണം. 2022 – 23 വാര്‍ഷിക പദ്ധതികള്‍ക്ക് അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച അവലോകനത്തിലാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യങ്ങളില്‍ യോഗം നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.  
സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച പ്ലാന്‍ ഫണ്ടില്‍ നിന്നും 84.03 ശതമാനം തുക ചെലവഴിച്ചതായി യോഗം വിലയിരുത്തി. 206.09 കോടി രൂപ അനുവദിച്ചതില്‍ 173.17 കോടി രൂപ പദ്ധതിയിനത്തില്‍ ചെലവിട്ടു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, പൊതുമരാമത്ത് റോഡ്, കെട്ടിട്ട വിഭാഗങ്ങള്‍, വാട്ടര്‍ അതോറിറ്റി, ദാരിദ്ര ലഘൂകരണ വിഭാഗം, ബാണാസുര സാഗര്‍ പ്രോജക്ട്, മൈനര്‍ ഇറിഗേഷന്‍, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, ഡയറ്റ്, കുടുംബശ്രീ തുടങ്ങിയവ ലഭിച്ച ഫണ്ടുകള്‍ പൂര്‍ണ്ണമായി വിനിയോഗിച്ചു. ഏറ്റവും കുറവ് തുക വിനിയോഗിച്ചത് വിദ്യഭ്യാസ ഉപഡയറക്ടറുടെ ഓഫീസാണ്. 28.23 ശതമാനമാണ് നിര്‍വ്വഹണ പുരോഗതി. ചെലവിടുന്ന തുകകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സമയബന്ധിതമായി പ്ലാന്‍ സ്‌പേസില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുളള നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. 
പത്മശ്രീ പുരസ്‌ക്കാരം നേടിയ ചെറുവയല്‍ രാമന്റെ നേട്ടത്തില്‍ ജില്ലാ വികസന സമിതി യോഗം അഭിനന്ദനം അറിയിച്ചു. പാലക്കാട്ട് ജില്ലയില്‍ ഭീതി പരത്തിയ പി.ടി.7 എന്ന കാട്ടാനയെ പിടികൂടിയ വയനാട് ജില്ലയില്‍ നിന്നുളള ആര്‍.ആര്‍.ടി സംഘത്തെയും യോഗം അനുമോദിച്ചു. ഈ മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ. ശ്രീലതയ്ക്ക് യോഗം യാത്രയപ്പ് നല്‍കി.
ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *