May 3, 2024

തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ആക്ഷന്‍ പ്ലാന്‍ വേണം; ജില്ലാ ആസൂത്രണ സമിതി

0
Img 20230505 183709.jpg
കൽപ്പറ്റ :ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യനിര്‍മാര്‍ജനത്തിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ പോലീസ് സേനയെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കണം. ഒരു പഞ്ചായത്തിലെ മാലിന്യം സംസ്‌ക്കരണം ക്രമസമാധാന പ്രശ്നം ആയി മാറുകയാണെങ്കില്‍ അനുയോജ്യമായ രീതിയില്‍ പ്രശ്നം പരിഹരിക്കണം. മാലിന്യ ശേഖരിക്കുന്ന ഇടങ്ങളില്‍ നിന്ന് തന്നെ അജൈവ മാലിന്യം, ജൈവ മാലിന്യം എന്നിങ്ങനെ വേര്‍തിരിക്കുന്നതിനുള്ള നടപടികള്‍ വേണം. വെളളമുണ്ട, അമ്പലവയല്‍ ഗ്രാമ പഞ്ചായത്തുകളില്‍ ഫെക്കല്‍ ട്രീന്റ്മെന്‍് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് തലത്തില്‍ കൂടിയാലോചിച്ച് സ്വീകരിക്കാനും ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ഹരിതം മിത്രം ഗാര്‍ബേജ് സിസ്റ്റം കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുളള നടപടികളും സ്വീകരിക്കാണമെന്ന് യോഗം ആവശ്യപ്പെട്ടു. 
എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ സേന മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനദ്ധ്യക്ഷന്മാര്‍ ഉറപ്പു വരുത്തണം. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങള്‍ കണ്ടെത്തി മാലിന്യ നിക്ഷേപം തടയാനുള്ള പദ്ധതികള്‍ നടപ്പിലാക്കണം. ജലാശയങ്ങളില്‍ യാതൊരു തരത്തിലുമുള്ള മാലിന്യ നിര്‍മാര്‍ജ്ജനവും അനുവദിക്കരുത്. ഓരോ തദ്ദേശ സ്ഥാപന പരിധിയിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കേണ്ടതാണ്. കല്‍പ്പറ്റ നഗരസഭയുടെ ഫെക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശിച്ചു.
കല്‍പ്പറ്റ നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാനിന് ആസൂത്രണ സമിതി അംഗീകാരം നല്‍കി. ടൂറിസം വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ടൂറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സമര്‍പ്പിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. അംഗീകാരം കിട്ടുന്ന പദ്ധതികള്‍ക്ക് പദ്ധതി തുകയുടെ 60 ശതമാനം ടൂറിസം വകുപ്പ് നല്‍കും. നിലവില്‍ കല്‍പ്പറ്റ നഗരസഭ, വൈത്തിരി, എടവക, നെന്മേനി പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നടത്തിപ്പിനായി മുന്നോട്ട് വരണമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത് പറഞ്ഞു. പദ്ധതിയുടെ നിര്‍വഹണവും, നടത്തിപ്പും, വരുമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും. ഒന്നില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംയുക്തമായും പദ്ധതികള്‍ ഏറ്റെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. 
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പും ബത്തയും മുടക്കം കൂടാതെ നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ പ്രൊജക്ട് ഏറ്റെടുക്കണമെന്ന്് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകള്‍ ആസൂത്രണ മാര്‍ഗരേഖയില്‍ പറയുന്ന നിരക്കില്‍ വിഹിതം വകയിരുത്തി ഗ്രാമ പഞ്ചായത്തുകള്‍ക്ക് കൈമാറണം. ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ / സി.ഡി.പി. ഒ തലങ്ങളില്‍ മോണിറ്റര്‍ ചെയ്യണം. ധനസഹായം നല്‍കേണ്ട ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ സി.ഡി.പി. ഒ മുഖേന ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് മുന്‍കൂട്ടി നല്‍കണം. 2023-24 വര്‍ഷത്തില്‍ ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് പഞ്ചായത്തുകളും, ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും പ്രൊജക്ട്കള്‍ക്ക് ഫണ്ട് വകയിരിത്തിയിട്ടുണ്ട്. പ്രൊജക്ടില്‍ ഉള്‍ക്കൊള്ളിച്ച തുക പര്യാപ്തമാണോയെന്ന് പരിശോധിക്കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി. 
ഒ.ഡി.എഫ് പ്ലസ് റാങ്കിങ്ങിലെ ത്രീ സ്റ്റാര്‍ വിഭാഗത്തില്‍ വയനാട് ജില്ല ഒന്നാമതെത്തിയതിന്റെ പ്രഖ്യാപനം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വഹിച്ചു. ജനങ്ങളുടെ ശുചിത്വ ശീലങ്ങളില്‍ മാറ്റം വരുത്തി ഗ്രാമങ്ങളെ കൂടുതല്‍ ശുചിത്വ സുന്ദരവും മാലിന്യ രഹിതവുമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് റാങ്കിങ്ങ് ഏര്‍പ്പെടുത്തുന്നത്. ഇനിയും ഉയര്‍ന്ന റാങ്കിംഗില്‍ എത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ അഭിനന്ദിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായ മീനങ്ങാടി പഞ്ചായത്തിനെ ജില്ലാ കളക്ടര്‍ അനുമോദിച്ചു. സുരക്ഷ 2023 പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യവാര്‍ഡായ തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടിയെ ചടങ്ങില്‍ അഭിനന്ദിച്ചു. മുഴുവന്‍ കുടുംബങ്ങളെയും രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ചെന്നലോട്് നേട്ടം കൈവരിച്ചത്.
64 പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ ഉള്‍പ്പെടെ വാര്‍ഡിലെ 280 കുടുംബങ്ങളും സുരക്ഷയുടെ ഭാഗമായി ഇന്‍ഷൂരന്‍സ് പരിരക്ഷ നേടി. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്രഗവണ്മെന്റിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ദൗത്യമാണ് സുരക്ഷ -2023. അപകട ഇന്‍ഷുറന്‍സ് കൂടാതെ 436 രൂപ വാര്‍ഷികപ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്ന പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയും സുരക്ഷ 2023 ല്‍ ഉള്‍പ്പെടുന്നുണ്ട്.
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, സര്‍ക്കാര്‍ പ്രതിനിധി എ.എന്‍ പ്രഭാകരന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ്, ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *