ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

ബത്തേരി : ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്നും, പുതുക്കിയ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കണമെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. പി എസ് സി നേഴ്‌സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുന്നതിനും പുതിയ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കുന്നതിലൂടെ സാധ്യമാകും.സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍
കൂട്ടായ പരിശ്രമത്തിലൂടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഗൈനക്കോളജി ഡോക്ടര്‍മാരുടെ സേവനം പൂര്‍ണമായും നിലച്ച സാഹചര്യമാണുള്ളത്. പുതിയ രണ്ട് ഗൈനക്കോളജിസ്റ്റുമാരെ നിയമിക്കുകയാണെങ്കില്‍ നിലവിലുള്ള സാഹചര്യം മാറ്റിയെടുക്കാന്‍ സാധിക്കും. അതുപോലെ തന്നെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒപി മുടക്കം കൂടാതെ നടക്കേണ്ടതുണ്ട്. സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് ഇ- സഞ്ജീവനി, വാര്‍ഡ് ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ ഒ. പി മുടക്കം വരുന്ന അവസ്ഥയും നിലവിലുണ്ട്.ഇതിന് ഒ.പി മുടങ്ങാതെ മറ്റു പരിഹാരങ്ങള്‍ കണ്ടെത്തണം.രോഗികളെ റഫറര്‍ ചെയുന്നത് കൂടുന്നത് നിയന്ത്രിക്കാന്‍, ഉയര്‍ന്ന സ്ഥാപനത്തിലേക്ക് നിര്‍ദേശിച്ച് എത്തുന്ന രോഗികളുടെ ഓഡിറ്റ് നടത്തണം. ഈ രോഗികള്‍ യഥാര്‍ത്ഥത്തില്‍ റഫര്‍ ചെയേണ്ടത് ആയിരുന്നോ എന്നുള്ള കാര്യങ്ങള്‍ ആരായുന്നതിന് സംവിധാനം വേണം. റഫര്‍ ചെയ്യേണ്ടാത്ത കേസ് ആണെങ്കില്‍ അത് നിയന്ത്രിക്കുന്നതിന് വേണ്ട റഫറല്‍ ഓഡിറ്റ് സംവിധാനങ്ങള്‍ സംസ്ഥാനത്ത് പുതിയതായി ഏര്‍പ്പെടുത്തുകയും വേണം. നിലവിലെ താലൂക്ക് ആശുപത്രിയുടെ അനുവദനീയമായ ബെഡ് സ്‌ട്രെങ്ത്ത് 57 ആണ്, ഇവിടെ നിലവില്‍ ഫംഗ്ഷനിങ് ബെഡ് സ്‌ട്രെങ്ത് എന്നത് 130 കിടക്കളുമാണ്. കോവിഡ് അതിതീവ്രമായ സമയങ്ങളില്‍ ഇതേ ആശുപത്രിയില്‍ 298 കിടക്കകള്‍ വരെ ഇടുകയും, സാധാരണ രോഗികള്‍ക്കും, കോവിഡ് രോഗികള്‍ക്കും ആയി സേവനം നല്‍കിയിരുന്ന ആശുപത്രി കൂടി ആണ്. അതുപോലെ തന്നെ താലൂക്ക് ആശുപത്രിയിലെ നിലവിലെ സ്റ്റാഫ് പാറ്റേണ്‍ വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും, ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗക്കാരും സാധാരണക്കാരായ കൃഷിക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ ജനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും ഐസി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു.



Leave a Reply