May 8, 2024

പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി കുറുവ ദ്വീപില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണം: സിപിഐ

0
Images 1 1
കൽപ്പറ്റ:: സൗത്ത് വയനാട് വനം ഡിവിഷനിലെ പാതിരി സെക്ഷനിലുള്ള കുറുവ ഇക്കോ ടൂറിസം സെന്ററില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് സിപിഐ  ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍  വനമേഖലയിലുള്ള   മുത്തങ്ങ, തോല്‍പ്പെട്ടി, ചെമ്പ്രമല  എന്നിവിടങ്ങളിലും ടൂറിസം നിയന്ത്രണവിധേയമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. 
പരിസ്ഥിതി-കര്‍ഷക സംഘടനകളുടെ  നിവേദനങ്ങളെത്തുടര്‍ന്ന് ശാസ്ത്രിയമായി നടത്തിയ പഠനത്തിന്റെ  അടിസ്ഥാനത്തിലാണ് കുറുവ ദ്വീപില്‍ ഒരു ദിവസം പ്രവേശനം നല്‍കാവുന്ന സഞ്ചാരികളുടെ എണ്ണം നാനൂറായി പരിമിതപ്പെടുത്തി വനം വകുപ്പ് ഉത്തരവായതെന്നാണ് അറിയുന്നത്. കുറുവ ദ്വീപിലെ ജൈവവൈധ്യം ഭാവി തലമുറകള്‍ക്കായി കരുതിവയ്‌ക്കേണ്ട അപൂര്‍വനിധിയാണ്. ഏഷ്യയിലെ  ഏറ്റവും വലിയ ശുദ്ധ ജലദ്വീപ് എന്ന പ്രത്യേകതയും കുറവയ്ക്കുണ്ട്. അനിയന്ത്രിത ടൂറിസം മറ്റെവിടെയുംപോലെ കുറുവയിലും പരിസ്ഥിതി സന്തുലനത്തെ ബാധിക്കും. ദ്വീപിലെ സഞ്ചാരി ബാഹുല്യം വന്യജീവികളുടെ സൈ്വരജീവിതത്തിനു തടസമാണ്. സമീപദേശങ്ങളിലെ കൃഷിയിടങ്ങളില്‍  വന്യജീവി ശല്യം വര്‍ധിച്ചതിനു കാരണവും കുറുവയിലെ അനിയന്ത്രിത ടൂറിസമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി-കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനു നിവേദനങ്ങള്‍ നല്‍കിയത്. കുറുവയിലെ അനിയന്ത്രിത ടൂറിസത്തിന്റെ തിക്തഫലങ്ങള്‍ വിശദീകരിച്ച് സൗത്ത് വയനാട് വനം ഡിവിഷന്‍ ഓഫീസര്‍ മേലധികാരിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. 
വനം വകുപ്പ് നവംബര്‍ 10ന് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥനത്തില്‍ മാത്രമേ ദ്വീപില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാവു.  ദ്വീപില്‍  പ്രവേശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം എര്‍പ്പെടുത്തണം.  ഇത് സഞ്ചാരികള്‍ക്ക് ഗുണം ചെയ്യും. പ്രവേശനം ബുക്കിംഗ് അടിസ്ഥാനത്തിലാകുമ്പോള്‍ സഞ്ചാരികള്‍ ടിക്കറ്റ് ലഭിക്കാതെ നിരാശരായി തിരിച്ചുപോകുന്ന സാഹചര്യം ഒഴിവാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. പി.കെ. മൂര്‍ത്തി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, അസിസ്റ്റന്റ് സെക്രട്ടറിമാരയ പി.എസ്. വിശ്വംഭരന്‍, സി.എസ്. സ്റ്റാന്‍ലി, എക്‌സിക്യൂട്ടിവ് അംഗം ഇ.ജെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *