May 8, 2024

വയനാട് റയിൽവേ:സര്‍ക്കാര്‍ വാദം സംശയാസ്പദമെന്ന് പി.സി. തോമസ്

0
Img 20171229 131502
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേയുടെ ഡിപിആര്‍ തയാറാക്കുന്നതിനു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനു(ഡിഎംആര്‍സി) അനുവദിക്കാന്‍ തീരുമാനിച്ച തുക കൈമാറാത്തതിനു കാരണമായി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങള്‍ സംശയാസ്പദമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ കേന്ദ്ര നിയമ സഹമന്ത്രിയുമായ അഡ്വ.പി.സി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയില്‍പാത കടന്നുപോകേണ്ട ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെ സര്‍വേ നടത്താന്‍ കര്‍ണാടക അനുമതി നല്‍കാത്തിനാലാണ് ഡിഎംആര്‍സിക്കു പണം നല്‍കാത്തതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. റെയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലെ തടസം നീക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനുസരിച്ച സര്‍ക്കാര്‍ നല്‍കിയ മറുപടിയിലായിലാണ് സര്‍വേയ്ക്കു തടസം കര്‍ണാടകയാണെന്ന് അറിയിച്ചത്. ബന്ദിപ്പര കടുവാസങ്കേതം ഒഴിവാക്കി നഞ്ചന്‍ഗോഡിനെ വയനാടു വഴി നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിയെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഡിഎംആര്‍സി അങ്ങനെ ചെയ്തില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുകയുണ്ടായി. എന്നാല്‍ ഇതിനു ഉപോദ്ബലകമായ തെളിവുകളോ രേഖകളോ  കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയിട്ടില്ല. എന്നിരിക്കെ കേരള സര്‍ക്കാരിന്റെ വാദം സംശയത്തിന്റെ നിഴലിലാണ്. വയനാട് റെയില്‍വേ സംബന്ധിച്ച കേസ്  കോടതി വീണ്ടും പരിഗണിക്കുന്ന ജനുവരി മൂന്നിനു  കര്‍ണാടക സര്‍ക്കാരിനെയും കക്ഷി ചേര്‍ക്കണമെന്നും സര്‍ക്കാര്‍ വാദം ശരിയാണോ എന്നു പരിശോധിക്കണമെന്നും അഭ്യര്‍ഥിക്കും. 
നിലമ്പൂര്‍-നഞ്ചന്‍ഗോട് പാതയും  മൈസൂരു-മാനന്തവാടി-തലശേരി പാതയും യാഥാര്‍ഥ്യമാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. വടക്കന്‍ ജില്ലകള്‍ക്കെന്നപോലെ തെക്കന്‍ ജില്ലകള്‍ക്കും ഗുണം ചെയ്യുന്നതാണ് രണ്ടു പാതകളും. ഇപ്പോള്‍ ചേരിതിരിഞ്ഞു പ്രവര്‍ത്തിക്കുന്ന റെയില്‍വേ ആക്ഷന്‍ കമ്മിറ്റികളെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ ശ്രമിക്കും. രണ്ട്  റെയില്‍ പദ്ധതികളോടും കേന്ദ്ര സര്‍ക്കാനു എതിര്‍പ്പില്ലെന്നാണ് 
കേന്ദ്ര മന്ത്രിമാരില്‍ ചിലരുമായി  നടത്തിയ അനൗദ്യോഗിക ചര്‍ച്ചയില്‍ മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സാരംഗത്ത് പിന്നാക്കം നില്‍ക്കുന്ന വയനാട്ടില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്)സ്ഥാപിക്കുന്നതിനു സാധ്യത തെളിഞ്ഞിട്ടുണ്ട്. സ്ഥലം ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നപക്ഷം എയിംസ് അനുവദിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അടുത്തിടെ തന്നോടു പറഞ്ഞത്. എയിംസിനായി വയനാട്ടില്‍ സ്ഥലം കണ്ടെത്തണമെന്ന്  ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനു കത്തുനല്‍കും. എയിംസിനു ആവശ്യമായ സ്ഥലം വയനാട്ടില്‍ ലഭ്യമാണെന്നാണ് വിവരം. 
 കര്‍ഷകര്‍ നേരിടുന്ന അതിരൂക്ഷമായ വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടത്തിവരികയാണ്. വനനിയമങ്ങളിലെ പൊളിച്ചെഴുത്ത് ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോടതിയ സമീപിച്ചതെന്നും തോമസ് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറി പി.ജെ. ബാബു,  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജോസ് ഫ്രാന്‍സിസ്, ജില്ലാ പ്രസിഡന്റ് വര്‍ഗീസ് കരണി, ജനറല്‍ സെക്രട്ടറി വര്‍ക്കി ആമ്പശേരി, സെക്രട്ടറി രാജീവ് അന്നേടത്ത് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *