May 8, 2024

പ്രളയം രൂക്ഷം: വയനാട് വീണ്ടും ഒറ്റപ്പെടുന്നു:കൂടുതൽ പേരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു.

0
സി.വി.ഷിബു:
കൽപ്പറ്റ:
വയനാട്ടില്‍ വീണ്ടും പ്രളയം.  ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച  രാത്രി ഒമ്പതുമണിയോടെ 265 സെന്റിമീറ്റര്‍ ഉയരത്തില്‍ തുറന്നു. മഴ ശമിക്കാത്ത സാഹചര്യത്തില്‍ രാത്രി വൈകി ഷട്ടറുകള്‍ കൂടുതല്‍ ഉയരത്തില്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന കബനീനദിയുടെ തീരങ്ങളില്‍ രാത്രിവെകിയും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. വൈത്തിരി, മാനന്തവാടി താലൂക്ക് പരിധിയിലാണ് വെള്ളപ്പൊക്ക കെടുതി രൂക്ഷമായിരിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ള ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറി. ഈ പ്രദേശങ്ങളില്‍ ദ്രുതകര്‍മ സേനാംഗങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചയുണ്ടായ പ്രളയത്തിന്റെ തീവ്ര കുറഞ്ഞ് ആളുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ വീണ്ടും വെള്ളപ്പൊക്കമുണ്ടായത്.  ഇതുവരെ കാണാത്തത്ര വിധത്തിലാണ് പുഴകളും തോടുകളും കരകവിഞ്ഞ് ഒഴുകുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുന്നില്‍ചെരുവുകളിലുള്ളവരെ അധികൃതര്‍ മാറ്റിപാര്‍പ്പിക്കുന്നുണ്ട്. മക്കിമലയില്‍ ഉരുള്‍പൊട്ടലുണ്ടായി മാനന്തവാടി-തലശേരി റോഡില്‍ തലപ്പുഴ ഭാഗത്ത് വെള്ളം കയറി. മലവെള്ളപ്പാച്ചില്‍ തലപ്പുഴ ഭാഗത്ത് ഒരാള്‍ ഒഴുക്കില്‍പെട്ടുവെന്ന സംശയത്തെ തുടര്‍ന്ന് അധികൃതര്‍ തെരച്ചില്‍ ആരംഭിച്ചു. മേപ്പാടി ചെമ്പ്രമലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. ഇവിടെ നിരവധി സ്ഥലങ്ങഴില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മലയില്‍ ചൊവ്വാഴ്ച രാത്രിയും ഇന്നലെ രാവിലെയും ഉരുള്‍പൊട്ടി. ആളപായമില്ല. ഈ കാലവര്‍ഷത്തില്‍ ഇത് നാലാംതവണയാണ് വയനാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത്. താമരശേരി ചുരം, കുറ്റിയാടി ചുരം എന്നിവിടങ്ങളില്‍ ഗതാഗതതടസമുണ്ടായി വയനാട് ഒറ്റപ്പെട്ടു. വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ബോയ്‌സ്ടൗണ്‍ -പാല്‍ച്ചുരം റോഡ് ഇടിഞ്ഞതിനാല്‍ ഇതിലൂടെ ബസ്, ലോറി അടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം കണ്ണൂര്‍ ജില്ലാ കലക്ടര്‍ നിരോധിച്ചു. 
വയനാട്ടില്‍ 16,333 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ശക്തമായ മഴയെ തുടര്‍ന്നു മണ്ണിടിച്ചല്‍ ഭീഷണി രൂക്ഷമായി തുടരുന്ന വൈത്തിരി താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കിയത്. മിക്ക ക്യാമ്പുകളും മഴ വീണ്ടും ശക്തമായതിനെ തുടര്‍ന്ന് രണ്ടാമതും തുറക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടു വരെ രേഖപ്പെടുത്തിയ 24 മണിക്കൂറില്‍ വയനാട്ടില്‍ ശരാശരി 116.14 മില്ലിമീറ്റര്‍ മഴ പെയ്തു. വൈത്തിരി താലൂക്കില്‍ 164 മില്ലിമീറ്റര്‍, മാനന്തവാടി താലൂക്കില്‍ 96 മില്ലിമീറ്റര്‍, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 87.8 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴയുടെ അളവ്. വൈത്തിരി താലൂക്കില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴയാണ്. മണ്‍സൂണില്‍ ഇതുവരെ വയനാട്ടില്‍ പെയ്തത് 2906.19 മില്ലിമീറ്റര്‍ മഴയാണ്. വയനാട്ടിലെ മഴയും പ്രളയവും  സര്‍വകാല റെക്കാഡിലേക്ക് നീങ്ങുകയാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *