May 3, 2024

അംബാനിമാര്‍ക്കും അദാനിമാര്‍ക്കും അച്ഛേദിന്‍ സമ്മാനിച്ച മോദിഭരണം തകരുമെന്ന് ബിനോയ് വിശ്വം.

0
Img 20181124 145245

കല്‍പ്പറ്റ : ബി.ജെ.പി.യുടെ ജനവിരുദ്ധമായ നിലപാടുകളും രാഷ്ട്രീയ കാപട്യം
നിറഞ്ഞ കരുനീക്കങ്ങളും ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന്
എം.പി.യും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം പറഞ്ഞു. വയനാട് പ്രസ്സ്
ക്ലബ്ബില്‍ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. ജനങ്ങള്‍ക്ക് ദുര്‍ദിനങ്ങള്‍ക്കും അംബാനിമാര്‍ക്കും
അദാനിമാര്‍ക്കും നല്ല ദിനങ്ങളുമായിരുന്നു കഴിഞ്ഞ നാലര വര്‍ഷക്കാലം. മോദി
ഭരണം സമ്പൂര്‍ണ്ണ പരാജയമായിരുന്നു. നാല് സംസ്ഥാനങ്ങളുടെ ഫലം വന്നാല്‍ അത്
2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ ചൂണ്ടുവിരല്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.
നയാപൈസ മാത്രം എണ്ണയ്ക്ക് വിലകുറച്ച് തരികിട പരിപാടികളുമായാണ് ഇപ്പോള്‍
ബി.ജെ.പി. ഇറങ്ങിയിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ പ്രാഥമിക
സൗകര്യമായ കക്കൂസ് പോലും ഇല്ലാതെ ദുരിതമനുഭവിക്കുമ്പോള്‍ പണ
അപഹരണത്തിനാണ് ബി.ജെ.പി. നേതൃത്വം കൊടുക്കുന്നത്. 2019ലെ
തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ നിശ്ചയമായും താഴെയിറക്കാന്‍ പറ്റുമെന്ന
ശുഭാപ്തി വിശ്വാസമാണ് ഇടതുപക്ഷത്തിനുള്ളത്. നേതാക്കന്മാരുടെയോ
പാര്‍ട്ടിയുടെയോ വലുപ്പചെറുപ്പം നോക്കാതെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും
കണ്ണുതുറന്ന് ഇതിനായി ഒത്തൊരുമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നേറ്റം
ശക്തിപ്പെടുത്താന്‍ സി.പി.ഐ. അതിന്റേതായ പങ്കുവഹിക്കും.
കമ്മ്യൂണിസ്റ്റുകാരെ രാഷ്ട്രീയമായി എതിര്‍ക്കുക എന്ന നിലപാടാണ്
ബി.ജെ.പിയുടേത്. ഈ ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി മാത്രമാണ് അവര്‍
വിശ്വാസത്തിന്റെ പേരില്‍ ശബരിമലയെ ആയുധമാക്കുന്നത്. ഇടതുപക്ഷം ഒരിക്കലും
വിശ്വാസങ്ങളെ അധികാരത്തിനുവേണ്ടി ഉപയോഗിച്ചിട്ടില്ല. ഒരു അജണ്ടയും
കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല. വടക്ക് ശ്രീരാമനും തെക്ക് ശ്രീ അയ്യപ്പനും
എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ പ്രചാരകന്മാരായി ദൈവങ്ങളെ
ചിത്രീകരിക്കുന്നവരാണ് അധികാരത്തിനുവേണ്ടി കൊതിക്കുന്നത്. ദൈവങ്ങളെ
അപകീര്‍ത്തിപ്പെടുത്തലാണ് ഇവരുടെ പരിപാടി. അതിന് ഭാവിയില്‍ ബി.ജെ.പി.
വിശ്വാസികളോട് മാപ്പിരക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി
വിധിപ്രകാരമുള്ള ബാധ്യത നിറവേറ്റല്‍ മാത്രമാണ് എല്‍.ഡി.എഫ്. ചെയ്തത്.
ബി.ജെ.പി.യെപോലെ നാല്‍പത്തിരണ്ടാം മണിക്കൂറില്‍ മലക്കം മറയുന്ന നിലപാടല്ല
ഇത്. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിനാല്‍ ഇന്ന്
ബി.ജെ.പി.യും ആര്‍.എസ്.എസും രാഷ്ട്രീയ പിടച്ചിലിലാണ്. അവര്‍ക്ക്
ജനാധിപത്യ മൂല്യങ്ങളില്ല. വിശ്വാസങ്ങളും ദൈവങ്ങളും അധികാരത്തിലെത്താനുള്ള
കരുക്കള്‍ മാത്രമാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷ പ്രതിപക്ഷ ഏകോപനവും ഐക്യവും
ശക്തിപ്പെടുത്തുന്നതിന് വേണ്ടി നിലം ഒരുക്കിത്തുടങ്ങി. സി.പി.ഐ.യും
സി.പി.ഐ.എമ്മും ഇതിന്റെ ഭാഗമായി താഴെ തട്ടില്‍ ക്യാമ്പെയിന്‍
ആരംഭിച്ചുകഴിഞ്ഞു. ബി.ജെ.പി.യെ താഴെയിറക്കാന്‍ മുന്നിട്ടുനില്‍ക്കേണ്ട
കോണ്‍ഗ്രസ്സാകട്ടെ കേരളത്തില്‍ രാഹുല്‍ഗാന്ധിയെ പൂര്‍ണ്ണമായും
തള്ളിക്കളയുകയാണ് ചെയ്തത്. വര്‍ഗ്ഗീയതയില്‍ അവര്‍ ബി.ജെ.പിയോട്
മത്സരിക്കുകയാണ്. അത് കോണ്‍ഗ്രസ്സിന് വലിയ നഷ്ടമുണ്ടാക്കും. നെഹ്‌റു
ഹിറ്റ്‌ലര്‍ക്കയച്ചതെന്ന പേരില്‍ ബി.ജെ.പി. കള്ളക്കത്ത്
പ്രചരിപ്പിച്ചിട്ടുപോലും അതിനെയൊന്ന് പ്രതിരോധിക്കാനോ വ്യാജ
രാഷ്ട്രീയത്തിനെതിരെ പോരാടാനോ കോണ്‍ഗ്രസ്സില്‍ ഒരു നേതാവുപോലും
ഉണ്ടായില്ല. താനാണ് ബി.ജെ.പി. പ്രചരിപ്പിക്കുന്ന നെഹ്‌റുവിന്റെ
കള്ളക്കത്തിനെതിരെ ആദ്യമായി പ്രതികരിച്ച ജനപ്രതിനിധിയെന്നും ബിനോയ്
വിശ്വം പറഞ്ഞു. വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി
ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര,
വയനാട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.ഒ.ഷീജ എന്നിവരും മീറ്റ് ദ പ്രസ്
പരിപാടിയില്‍ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *