May 3, 2024

ജില്ലാ സ്‌കൂള്‍ കലോത്സവം വിധിനിര്‍ണ്ണയത്തിലെ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് രക്ഷിതാക്കള്‍

0

കല്‍പ്പറ്റ: വടുവഞ്ചാലില്‍ നടന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍
കലോത്സവത്തില്‍ വിധിനിര്‍ണ്ണയത്തില്‍ വിവേചനം കാണിച്ചതിനെതിരെയും
അഴിമതികള്‍ക്കെതിരെയും കോടതിയെ സമീപിക്കുമെന്ന് വിദ്യാര്‍ത്ഥികളുടെ
രക്ഷിതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബത്തേരി ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യ
മത്സരത്തന്റെ ഫലപ്രഖ്യാപനത്തില്‍ രണ്ട് രണ്ടാംസ്ഥാനക്കാര്‍ വന്നിരുന്നു.
തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളും അപ്പീല്‍ നല്‍കി. നവംബര്‍ 11ന്
കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍വെച്ച് നടന്ന അപ്പീല്‍ ഹിയറിംഗില്‍
വിധികര്‍ത്താക്കളും ഡി.ഇ.ഒ.യും ചേര്‍ന്ന് ഒരു കുട്ടിയുടെ അപ്പീല്‍
സ്വീകരിക്കുകയും മറ്റേ കുട്ടിയുടെ അപ്പീല്‍ നിരസിക്കുകയും ചെയ്തു. ഇത്
നിയമവിരുദ്ധമാണെന്ന് കാണിച്ച് ലോകായുക്തയെ സമീപിച്ച് മത്സരിച്ച
വിദ്യാര്‍ത്ഥി വീണ്ടും പരാതിയുമായി രംഗത്തെത്തി. നവംബര്‍ 16ന് നടന്ന
റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഡി.പി.ഐ.യുടെ നേതൃത്വത്തിലാണ്
വിധികര്‍ത്താക്കളെ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസവകുപ്പ് പറയുന്നു.
എന്നാല്‍ ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഡി.പി.ഐ.യില്‍നിന്നുള്ള
നിര്‍ദ്ദേശം അവഗണിച്ച് സ്വന്തം താല്‍പര്യപ്രകാരം വിധികര്‍ത്താക്കളെ
ക്ഷണിച്ചതാണ് പരാതികള്‍ക്കിടയാക്കിയത്. നിരവധി വേദികളില്‍
നൃത്തയിനങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള സൂര്യഗായത്രി എന്ന
വിദ്യാര്‍ത്ഥിനിക്ക് ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപ്പുടി മത്സരത്തില്‍ ഗ്രേഡ്
പോലും നല്‍കാതെ തഴഞ്ഞു. ഇതിന്റെ കാരണമന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി
നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായില്ല. ഗ്രേഡ് നല്‍കാതത്തിന്
കാരണങ്ങള്‍ വിശദീകരിച്ചുമില്ല. യോഗ്യതയില്ലാത്ത വിധികര്‍ത്താക്കളെയാണ്
നൃത്തയിനങ്ങള്‍ക്ക് നിയോഗിച്ചിരുന്നത് എന്ന് കാണിച്ച് കലോത്സവ വേദിയില്‍
രക്ഷിതാക്കള്‍ ബഹളമുണ്ടാക്കിയിരുന്നു. കുട്ടികളുടെ സര്‍ഗ്ഗാത്മകമായ
കഴിവുകളെ വളര്‍ത്തിയെടുക്കേണ്ട കലോത്സവം കുട്ടികളെ മാനസികമായി
തളര്‍ത്തുന്ന പ്രവണതയായി മാറുകയാണെന്ന് രക്ഷിതാക്കളായ ബത്തേരി
കുപ്പാടിയിലെ എം.ഒ.ശിവദാസും, ഭാര്യ കലാമണ്ഡലം പ്രതിഭാ ശിവദാസും,
നൃത്താധ്യാപകന്‍ കലാമണ്ഡലം രഞ്ജിത്തും ആരോപിച്ചു. 26ന് നടക്കുന്ന
അപ്പീല്‍ ഹിയറിംഗില്‍ നൂറോളം കുട്ടികളാണ് പരാതിയുമായി
ഹിയറിംഗിനെത്തുന്നത്. കൃത്യമായ വിധിനിര്‍ണ്ണയം നടത്തിയിരുന്നുവെങ്കില്‍
ഇത്രയധികം കുട്ടികളുടെ അപ്പീല്‍ ഉണ്ടാകുമായിരുന്നില്ല. കേരളത്തില്‍
ഏറ്റവും കുറവ് ഉപജില്ലയുള്ള വയനാട്ടില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍
അപ്പീലുമായി വന്നത് വിധിനിര്‍ണ്ണയത്തിലെ ഏറ്റവും വലിയ അപാകതയാണെന്ന്
ഇവര്‍ പറഞ്ഞു. വിധി നിര്‍ണ്ണയത്തിന് പിന്നില്‍ വന്‍ മാഫിയ തന്നെ
പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാഭ്യാസവകുപ്പിലെ വയനാട് ജില്ലയിലെ
ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായും
ഇവര്‍ പറഞ്ഞു. വിദ്യാഭ്യാസവകുപ്പില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍
തെളിവ് സഹിതം കോടതിയെ സമീപിക്കുമെന്ന് ഇവര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *