April 26, 2024

അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങള്‍: സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുമായി എക്‌സൈസ്

0
തിരഞ്ഞെടുപ്പ് കാലയളവില്‍ അബ്കാരി മേഖലയിലുണ്ടായേക്കാവുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുമായി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി മീനങ്ങാടി ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 04936 248850 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ബാവലി, തോല്‍പ്പെട്ടി, മുത്തങ്ങ ചെക്‌പോസ്റ്റുകളില്‍ നിലവിലെ ക്രമീകരണങ്ങള്‍ തുടരുന്നതിനൊപ്പം എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. മുത്തങ്ങ ഒഴികെയുള്ള ചെക്‌പോസ്റ്റുകളില്‍ മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ പ്രിവന്റീവ് ഓഫിസറും രണ്ടു സിവില്‍ എക്‌സൈസ് ഓഫിസര്‍മാരും 24 മണിക്കൂര്‍ ഡ്യൂട്ടിയിലുണ്ടാവും. 
ബന്ധപ്പെട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെ അധികാര പരിധിയില്‍ റോഡ് പട്രോളിങും മിന്നല്‍ വാഹനപരിശോധനയും നടത്തും. കുറ്റവാളികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന റോഡുകളും രീതികളും മനസ്സിലാക്കിയാവും നടപടികള്‍. സംശയാസ്പദ രീതിയില്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ വിശദ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃത മദ്യമെത്തുന്നതു തടയാന്‍ അതിര്‍ത്തികളില്‍ മിന്നല്‍ പരിശോധനാ രീതി അവലംബിക്കാനാണ് തീരുമാനം. മുന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കിയാവും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. വാഹനങ്ങളിലെ രഹസ്യസ്വഭാവമുള്ള എല്ലാ അറകളും പരിശോധനയ്ക്ക് വിധേയമാക്കും. സംശയാസ്പദമായി കാണുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ദേഹപരിശോധന നടത്തുകയും ചെയ്യും. സ്ത്രീകളെ പരിശോധിക്കാന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരെ നിയോഗിക്കും. 
വ്യാജമദ്യ വില്‍പനയുമായി ബന്ധപ്പെട്ടവരെ കര്‍ശനമായി നിരീക്ഷിക്കും. സ്ഥിരം അബ്കാരി കുറ്റവാളികള്‍ക്കെതിരേ സിആര്‍പിസി 107, 110 വകുപ്പുകള്‍ പ്രകാരം നടപടിയുണ്ടാവും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *