May 7, 2024

എം.ടി.ബി കേരള പര്‍വത സൈക്ലിംഗ്- കാനഡയുടെ കോറി വാലസും ജര്‍മ്മനിയുടെ നൈമ ഡീസ്നറും ചാമ്പ്യൻമാർ

0
Naima And Laxmi.jpg

 


മാനന്തവാടി: അന്താരാഷ്ട്ര പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തില്‍ പുരുഷ വിഭാഗത്തില്‍ കാനഡയുടെ കോറി വാലസും(സമയം-1:43:27:664-) വനിത വിഭാഗത്തില്‍ ജര്‍മ്മനിയുടെ നൈമ ഡീസ്നറും(1:23:42:932) ചാമ്പ്യډാരായി. 
ഇറാന്‍റെ ഫര്‍സാദ് ഖോദയാരി(1:43:33:288)രണ്ടാമതും ഇന്ത്യയുടെ ശിവെന്‍ മൂന്നാമതും നേപ്പാളിന്‍റെ ബുദ്ധി ബഹാദൂര്‍ തമാങ് നാലാമതും ഇന്ത്യയുടെ കിരണ്‍ കുമാര്‍ രാജു അഞ്ചാമതും ഫിനിഷ് ചെയ്തു.


വനിതകള്‍ക്കായുള്ള അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ നേപ്പാളിന്‍റെ ലക്ഷ്മി മഗര്‍(1:37:37:490), ഇന്ത്യയുടെ പൂനം റാണ (1:44:53:490) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.


പുരുഷډാര്‍ക്കുള്ള ദേശീയ വിഭാഗ മത്സരത്തില്‍ ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശിവെന്‍ (1:53:51:054) ഒന്നാം സ്ഥാനവും കര്‍ണാടകയുടെ കിരണ്‍ കുമാര്‍ രാജു(1:54:34:258) രണ്ടും ഉത്തരാഖണ്ഡ് സ്വദേശി ദേവേന്ദര്‍ കുമാര്‍ മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ആര്‍മി അഡ്വഞ്ചര്‍ ടീമിലെ പ്രകാശ് ഥാപ, പി ബഹാദൂര്‍ അലെ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.


വനിതകള്‍ക്കായുള്ള ദേശീയ മത്സരത്തില്‍ ഉത്തരഖണ്ഡിന്‍റെ പൂനം റാണ ഒന്നാമതെത്തി. മഹാരാഷ്ട്രയുടെ പ്രിയങ്ക ശിവാജി കരന്ദെ രണ്ടാമതും(1:49:58:096) കര്‍ണാടകയുടെ ജോത്സ്ന മൂന്നാമതും(2:03:02:868) ഫിനിഷ് ചെയ്തു. അമച്വര്‍ മത്സരത്തില്‍ ചാമ്പ്യനായ ഇടുക്കി സ്വദേശി ജിനി മോള്‍ നാലാമതും ഫിനിഷ് ചെയ്തു.


അന്താരാഷ്ട്ര ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1.5 ലക്ഷം രൂപയാണ് സമ്മാനം. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ വീതം സമ്മാനം ലഭിക്കും.


ദേശീയ ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1,00,000 രൂപ സമ്മാനം ലഭിക്കും. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയവര്‍ക്ക് 50,000, 25,000, 20,000, 15,000 രൂപ സമ്മാനമായി ലഭിക്കും. ശനിയാഴ്ച നടന്നഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സാക്ഷ്യപത്രങ്ങളും ലഭിക്കുന്നതാണ്.


മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി ടീ എന്‍വയറണ്‍സ് തേയിലത്തോട്ടത്തിലെ 4.8 കിമി ദൈര്‍ഘ്യമുള്ള ട്രാക്കിലാണ് മത്സരങ്ങള്‍ നടന്നത്. സംസ്ഥാന തുറമുഖ-മ്യൂസിയം-ആര്‍ക്കിയോളജി മന്ത്രി ശ്രീ രാമചന്ദ്രന്‍ കടന്നപ്പള്ളി മത്സരങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേരള ടൂറിസം വകുപ്പിന്‍റെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി(കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.


പുരുഷډാര്‍ക്കായുള്ള അന്താരാഷ്ട്ര മത്സരത്തില്‍ ആവേശോജ്ജ്വലമായ പോരാട്ടമാണ് നടന്നത്. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള 78 താരങ്ങള്‍ മത്സരത്തിനെത്തിയിരുന്നു. അന്തര്‍ദേശീയ-ദേശീയ മത്സരങ്ങള്‍ ഒരേ ട്രാക്കില്‍ ഒരുമിച്ചാണ് തുടങ്ങിയത്. 4.8 കിമി ദൂരം വരുന്ന ട്രാക്കില്‍ എട്ടു ലാപ്പുകളിലായി ആകെ 38.4 കിമി ദൂരമാണ് സൈക്കിളോട്ടക്കാര്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. 


ആദ്യ ലാപ്പില്‍ കാനഡയുടെ കോറി വാലസും ഇറാന്‍റെ ഫര്‍സാദ് ഖോദയാരിയും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ പിന്നീട് ഏഴാം ലാപ്പു വരെ ഫര്‍സാദ് വ്യക്തമായ ലീഡ് പുലര്‍ത്തി. അവസാന ലാപ്പിലേക്കെത്തുമ്പോള്‍ കോറി വാലസ് അതിവേഗം ഫര്‍സാദിനെ കവച്ചു വച്ചു. ഒടുവില്‍ കോറി വാലസ് ഫിനിഷ് ചെയ്യുമ്പോള്‍ ഫര്‍സാദ് ആറ് സെക്കന്‍റ് മാത്രം പിന്നിലായിരുന്നു.


ആദ്യ ലാപ്പു മുതല്‍ തന്നെ ഇന്ത്യയുടെ ശിവെന്‍ മൂന്നാം സ്ഥാനത്ത് ലീഡ് ചെയ്തു. രണ്ടും മൂന്നും ലാപ്പില്‍ മ്യാന്‍മാറില്‍ നിന്നുള്ള സോ എ ഖു ഉയര്‍ത്തിയ വെല്ലുവിളിയെ ശിവെന്‍ അനായാസം മറി കടന്നു.  2016, 18 വര്‍ഷങ്ങളിലെ എംടിബി കേരള ദേശീയ ചാമ്പ്യനായിരുന്ന കര്‍ണാടകയുടെ കിരണ്‍ കുമാര്‍ രാജുവിനെ മറികടന്നാണ് ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശിവെന്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ദേശീയ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയത്.


പര്‍വത സൈക്ലിംഗ് ലോകത്തെ മികച്ച മാരത്തണ്‍ താരമായ കോറി വാലസ് തന്‍റെ പദ്ധതിക്കനുസരിച്ച് തന്നെയാണ് മുന്നേറിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ് ഈ ട്രാക്കെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തില്‍ ഫര്‍സാദ് ഖോദയാരിയുമായി 30 സെക്കന്‍റുകളുടെ വ്യത്യാസമുണ്ടായിരുന്നെങ്കിലും കരുതി വച്ച ഊര്‍ജ്ജം അവസാന രണ്ട് ലാപ്പുകളില്‍ തന്‍റെ സഹായത്തിനെത്തിയെന്നും കോറി കൂട്ടിച്ചേര്‍ത്തു.


കേവലം 24 മണിക്കൂര്‍ മുമ്പ് മാത്രമാണ് ഫര്‍സാദ് മാനന്തവാടിയിലെത്തിയത്. പൂജ്യം ഡിഗ്രി തണുപ്പില്‍ നിന്നാണ് ഇവിടെയെത്തിയത്. അവസാന ലാപ്പില്‍ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ പൂര്‍ണ ഊര്‍ജ്ജം ഉപയോഗിക്കാനായില്ലെന്ന് ഫര്‍സാദ് പറഞ്ഞു.


ഇരുപതോളം അന്താരാഷ്ട്ര താരങ്ങളുമായി മത്സരിച്ച് ഇന്ത്യന്‍ താരങ്ങള്‍ മൂന്ന്, അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയതിലെ ആഹ്ലാദം ശിവെന്‍ മറച്ചു വച്ചില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ മികവാണ് ഇത് കാണിക്കുന്നതെന്ന് ശിവെന്‍ പറഞ്ഞു. മത്സരദിവസം രാവിലെ 4 മണിക്കാണ് അദ്ദേഹം മാനന്തവാടിയിലെത്തിയത്. എന്നിട്ടും മികച്ച പ്രകടനം നടത്താനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ദക്ഷിണേഷ്യന്‍ ചാമ്പ്യനായ ലക്ഷ്മി മഗറുമായി മത്സരിക്കുന്നതിന്‍റെ സമ്മര്‍ദ്ദം തുടക്കത്തിലുണ്ടായിരുന്നുവെന്ന് വനിത വിഭാഗം ചാമ്പ്യനായ ജര്‍മ്മനിയില്‍ നിന്നുള്ള നൈമ മാഡ്ലെന്‍ ഡീസ്നര്‍ പറഞ്ഞു. ലക്ഷ്മി മഗറുമായി ആദ്യ ലാപ്പില്‍ തന്നെ മികച്ച വ്യത്യാസം കാത്തു സൂക്ഷിക്കാന്‍ നൈമയ്ക്കായി. രണ്ടാം ലാപ്പ് എത്തിയപ്പോഴേക്കും നാല് മിനിറ്റിലധികം സമയത്തിന്‍റെ ലീഡ് നൈമ നേടി. ഫ്രാങ്ക്ഫര്‍ട്ടിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജന്‍ കൂടിയാണ് നൈമ ഡീസ്നര്‍.


വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എംടിബി കേരളയുടെ ട്രാക്കെന്ന് ലക്ഷ്മി മഗര്‍ പറഞ്ഞു. ഒരു കിലോമീറ്ററിലധികം ദൂരം വരുന്ന കയറ്റം ദുഷ്കരമായി. എംടിബി കേരളയില്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ വനിതകള്‍ക്കായി നടത്തിയ ആദ്യമത്സരത്തില്‍ രണ്ടാം സ്ഥാനം നേടാനായത് കരിയറിലെ നേട്ടമായി കണക്കാക്കുന്നുവെന്നും അവര്‍ പറഞ്ഞു.


അന്താരാഷ്ട്ര കായിക വിനോദങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുമെന്ന് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍  ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  കെ രാധാകൃഷ്ണന്‍, ഏഷ്യന്‍ സൈക്ലിംഗ് കോഫെഡറേഷന്‍റെ സെക്രട്ടറി ജനറല്‍  ഓംകാര്‍ സിംഗ്, മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍  വി ആര്‍ പ്രിവിജ്, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ സുരേന്ദ്രന്‍, കെഎടിപിഎസ് സിഇഒ മനീഷ് ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു.


സമാപന സമ്മേളനം എംഎല്‍എ ശ്രീ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം  ശ്രീ ടോവിനോ തോമസ് മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്ക് അതിഥികള്‍ മെഡലുകള്‍ സമ്മാനിച്ചു.  വി ആര്‍ പ്രവിജ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഏഷ്യന്‍ സൈക്ലിംഗ് കോഫെഡറേഷന്‍റെ സെക്രട്ടറി ജനറല്‍  ഓംകാര്‍ സിംഗ്, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍  മണീന്ദര്‍പാല്‍ സിംഗ്  വിവിധ രാജ്യങ്ങളിലെ ഫെഡറേഷന്‍ മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ. , അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *