April 29, 2024

കുടിയേറ്റമേഖലയില്‍ നിന്ന് വേറിട്ട രുചിയുമായി ‘ബെന്‍സ് കോഫി’ വിപണിയില്‍

0
Cofee Kadannappally.jpg

കല്‍പ്പറ്റ: കുടിയേറ്റമേഖലയില്‍ നിന്ന് വേറിട്ട രുചിയുമായി ഒരു കോഫി ബ്രാന്റ് കൂടി വിപണിയില്‍. ബെന്‍സ് കോഫി എന്ന പേരിലാണ് വ്യത്യസ്ത രൂചിക്കൂട്ടുകള്‍ ചേര്‍ത്ത് പുതിയൊരു കോഫി ബ്രാന്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. പുല്‍പ്പള്ളി മേക്കാട്ടില്‍ സജി, സുരഭിക്കവല നിരപ്പുതൊട്ടിയില്‍ ബെന്നി എന്നിവരുടെ സൗഹൃദത്തില്‍ നിന്നാണ് വയനാടന്‍ കോഫി ബ്രാന്റ് ചെയ്യുകയെന്ന ആശയത്തിലേക്കെത്തുന്നത്. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നും നേരിട്ട് ഉണ്ടക്കാപ്പി ശേഖരിച്ച് സംസ്‌ക്കരിച്ച് ഗുണമേന്മയുള്ള പരിപ്പാക്കി മാറ്റിയാണ് വറുത്ത് പൊടിച്ച് വ്യത്യസ്ത രുചിക്കൂട്ടുകളിലാക്കിയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. വയനാടന്‍ കോഫി, മസാല കോഫി, ചിക്കറി കോഫി എന്നിങ്ങനെയുള്ള കാപ്പിപൊടികളും ഈ സംരഭകരുടെ പക്കലുണ്ട്. വയനാടന്‍ കോഫി വര്‍ക്‌സ് ആന്റ് പൗഡറിംഗ് യൂണിറ്റ് എന്ന പേരിലാണ് സുഹൃത്തുക്കളായ ബെന്നിയുടെയും സജിയുടെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണിലെ പഞ്ചവടി ബില്‍ഡിംല്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്. തനത് രുചിക്കൂട്ടുകള്‍ സമന്വയിപ്പിച്ച് കൊണ്ടാണ് പുതിയൊരിനം കാപ്പിപൊടി ഈ സംരംഭകര്‍ കണ്ടെത്തിയിരിക്കുന്നത്. ഏലം, ജീരകം എന്നിവക്ക് പുറമെ ചില ഔഷധക്കൂട്ടുകളും സമന്വയിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന കാപ്പിപ്പൊടിയുടെ രുചി ഇതിനകം തന്നെ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിക്കാരുടെ മനം കവര്‍ന്നുകഴിഞ്ഞു. ജില്ലയിലും ജില്ലക്ക് പുറത്തേക്കും ഈ രുചിക്കൂട്ടെത്തിക്കാനുള്ള നടപടികളും ഇവര്‍ ആരംഭിച്ചുകഴിഞ്ഞു. 'ബെന്‍സ് കോഫി' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുന്നത് അനുസരിച്ച് മാത്രമാണ് ഈ കാപ്പിപ്പൊടി നല്‍കിവരുന്നത്. ആവശ്യക്കാര്‍ക്ക് അവരുടെ സാന്നിധ്യത്തില്‍ മില്ലില്‍ നിന്ന് തന്നെ വറുത്ത് പൊടിച്ചുകൊടുക്കുന്ന രീതിയിലാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. ഓരോ ഉപഭോക്താവിനും കാപ്പിപ്പരിപ്പ് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്താനുള്ള സൗകര്യവും മില്ലില്‍ ഒരുക്കിയിട്ടുണ്ട്. ഖാദി ബോര്‍ഡിന്റെ സഹായത്തോടെ പുല്‍പ്പള്ളി കാനറാ ബാങ്കില്‍ നിന്നും വായ്പയെടുത്താണ് സംരംഭം ആരംഭിച്ചിട്ടുള്ളത്. വിപണികളില്‍ നേരിട്ടെത്തിക്കുന്നതിനപ്പുറം സംരംഭകര്‍ നേരിട്ട് ഓഫീസുകള്‍, ക്വാട്ടേഴ്‌സുകള്‍, സ്ഥാപനങ്ങള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലെത്തി സാമ്പിള്‍ പാക്കറ്റ് നല്‍കി വിപണനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബെന്നിയും സജിയും പറയുന്നു. വയനാട് സന്ദര്‍ശിക്കാനെത്തിയ വിദേശ വിനോദസഞ്ചാരികളെ അടക്കം ഇതിനകം ബെന്‍സ് കോഫി ഈ സംരംഭകര്‍ പരിചയപ്പെടുത്തിയിരുന്നു. എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വയനാടന്‍ കോഫി ബ്രാന്റ് ചെയ്യുന്ന നിരവധി സംരംഭകരാണ് ജില്ലയിലുള്ളത്. ഇത്തരം സംരംഭങ്ങളില്‍ നിന്നും ലഭിച്ച പ്രചോദനമാണ് ബെന്‍സ് കോഫി എന്ന ആശയത്തിലെത്തിച്ചതെന്ന് ഇരുവരും പറയുന്നു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയാണ് സംരംഭം ഉദ്ഘാടനം ചെയ്തത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് ആദ്യവില്‍പ്പന നടത്തിയത്. കാപ്പിപ്പൊടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9446845147 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *