May 2, 2024

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച നിലയിലാണെന്ന്‌ സി കെ ശശീന്ദ്രൻ എം.എൽ.എ

0
കൽപ്പറ്റ. :
ജില്ലയിൽ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചനിലയിലാണെന്ന്‌ സി കെ ശശീന്ദ്രൻ എംഎൽഎ പ്രസ്‌താവനയിൽ അറിയിച്ചു. തുടക്കംമുതൽ രോഗത്തെ ചെറുക്കുന്നതിൽ അതീവ ജാഗ്രതയാണ്‌ സർക്കാരും ജില്ലാ ഭരണസംവിധാനവും ആരോഗ്യവകുപ്പും പൊലീസും പുലർത്തുന്നത്‌. വിദേശത്തുനിന്നും ആദ്യമെത്തിയ മൂന്ന്‌ പേർക്ക്‌ രോഗം സ്ഥിരീകരിച്ചശേഷം  ഒരുമാസം പോസിറ്റീവ്‌ കേസുകൾ ഇല്ലായിരുന്നു. രോഗപ്രതിരോധത്തിനായി സ്വീകരിച്ച നടപടികളുടെ ഫലമായിരുന്നു ഇത്‌.  ജില്ലാ ഗ്രീൻ സോണിൽ നിൽക്കുമ്പോഴാണ്‌ കോയമ്പേട്‌  മാർക്കറ്റിൽ ചരക്ക്‌ എടുക്കാൻ പോയ ലോറി ഡ്രൈവർക്കും സഹായിയുടെ മകനും രോഗം ബാധിച്ചത്‌. ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ആരോഗ്യവകുപ്പ്‌ ഇവരുടെ സാമ്പിൾ എടുത്ത്‌ പരിശോധിച്ചപ്പോഴാണ്‌ രോഗം സ്ഥീരീകരിച്ചത്‌. ജാഗ്രതയോടെയുള്ള ഇടപെടലിന്റെ തെളിവാണിത്‌. പിന്നീട്‌ ഇവരുമായി ബന്ധപ്പെട്ട മുഴുവൻപേരുടെയും സാമ്പിൾ പരിശോധിക്കുകയും കോവിഡ്‌ ബാധിതരെ പെട്ടെന്ന്‌ കണ്ടെത്തുകയും ചെയ്‌തു. ആദ്യപരിശോധനയിൽ നെഗറ്റീവായിരുന്നവരെ രണ്ടാമതും പരിശോധിച്ചു. ഇതിലാണ്‌ രണ്ടുപേർ പോസിറ്റീവായത്‌.
രോഗികൾക്ക്‌ മികച്ച ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം തടയാൻ ഊർജിതമായ പ്രവർത്തനങ്ങളാണ്‌  നടത്തുന്നത്‌. കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ്‌ വയനാട്‌.   വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിന്‌ പേരാണ്‌ നിത്യവും ജില്ലവഴി വരുന്നത്‌‌. ഇവരെയെല്ലാം പരിശോധിക്കുകയും നിർദേശങ്ങൾ നൽകുകയും ആവശ്യമുള്ളവരെ ക്വാറന്റൈയിനിൽ അയക്കുകയുമാണ്‌. ശ്രമകരമായ പ്രവർത്തനമാണിത്‌. മൂന്ന്‌ ദിവസംകൊണ്ടാണ്‌ മുത്തങ്ങ കല്ലൂരിൽ മിനി ആരോഗ്യകേന്ദ്രം നിർമിച്ചത്‌. 
പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ അധികൃതരും വിവിധ സർക്കാർ  വകുപ്പുകളും യോജിച്ച്‌ പ്രവർത്തിക്കുകയാണ്‌. കലക്ടർ,  പൊലീസ്‌ മേധാവി, ഡിഎംഒ എന്നിവരെല്ലാം വിശ്രമമില്ലാതെ പ്രവർത്തനത്തിലാണ്‌‌.  ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നുണ്ട്‌.   തദ്ദേശസ്ഥാപനങ്ങളും മികച്ച പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌.  മൂന്ന്‌ എംഎൽഎമാരും തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും  ജനപ്രതിനിധകളും സാമൂഹിക, സന്നദ്ധ പ്രവർത്തകരും കോവിഡിനെതിരെ യോജിച്ച്‌ പോരാടുകയാണ്‌. വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവർക്ക്‌ മികച്ച ക്വാറന്റൈൻ സംവിധാനമാണ്‌ ഒരുക്കിയിട്ടുള്ളത്‌. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി 8740 കിടക്കകൾ സജ്ജമാണ്‌. 451 കെട്ടിടങ്ങൾ ഏറ്റെടുത്തു. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ 15218 കിടക്കൾ കണ്ടെത്തിയിട്ടുണ്ട്‌.  ആശാ വർക്കർമാർമുതൽ ഡിഎംഒവരെയുള്ള ആരോഗ്യപ്രവർത്തകർ ആത്മസമർപ്പണത്തോടെയാണ്‌ പ്രവർത്തിക്കുന്നത്‌. കുടുംബശ്രീ പ്രവർത്തകരും പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമാണ്‌. രോഗം വ്യാപിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തി ജാഗ്രത പുലർത്തുന്നുണ്ട്‌. സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ്‌ ജില്ലയിലെ പ്രവർത്തനങ്ങളും.  രോഗപ്രതിരാധത്തോടൊപ്പം ജനങ്ങളുടെ സുരക്ഷക്കും ജീവിതത്തിനും ആവശ്യമായ മുഴുവൻ നടപടികളും സർക്കാർ കൈക്കൊള്ളുന്നുണ്ട്‌. എല്ലാമേഖലകളിലുള്ളവർക്കം‌ ധനസഹായം ഉറപ്പാക്കി. ഭക്ഷ്യധാന്യങ്ങളുടെ വിതരണം തുടരുകയാണ്‌.  മഹാമാരിക്കെതിരെയുള്ള ജനകീയ പോരാട്ടമാണ്‌  നടക്കുന്നത്‌. ‌ രോഗം വ്യാപിക്കുന്നത്‌ ആശങ്കാജനകമാണെങ്കിലും ആത്മവിശ്വാസത്തോടെ നേരിടാൻ ജില്ലക്ക്‌ സാധിക്കുമെന്നും എംഎൽഎ പ്രസ്‌താവനയിൽ പറഞ്ഞു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *