May 20, 2024

സഞ്ചാരികൾ വലിച്ചെറിയുന്ന മാലിന്യം പേറി വയനാട്

0
Img 20211021 Wa0035.jpg
കൽപ്പറ്റ: യാത്രക്കാർ വലിച്ചെറിയുന്ന മാലിന്യം വയനാടിൻ്റെ പാതയോരങ്ങളിൽ നിറയുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ടൂറിസ്റ്റുകൾക്കായി തുറന്നതോടെ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. ഇക്കഴിഞ്ഞ ഒരു മാസം ജില്ലയിലേക്കൊഴുകിയത് ആയിരങ്ങളാണ്. മിക്കവാറും എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അനുവദിച്ചതിന്റെ പതിന്മടങ്ങു സന്ദര്ശകരെത്തി. ജില്ലയുടെ ടൂറിസത്തിന്റെ വൻചുവടുവെപ്പിന്റെ സൂചനയാണ് ഇത് കാണിക്കുന്നത്. തെക്കൻ ജില്ലകളിൽനിന്നാണ് കൂടുതലായും സഞ്ചാരികൾ എത്തുന്നത്. പൂജാ അവധി ദിനങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽനിന്നും മഴയായിരുന്നിട്ടുപോലും നിരവധി പേര് ജില്ലയിലെത്തിയിരുന്നു .
ഇക്കഴിഞ്ഞ ദിവസമാണ് സർക്കാർ ജനങ്ങൾക്ക് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകിയത്. എല്ലാ മേഖലയിലും അനുമതിയുണ്ടായിട്ടും ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള അനുമതി സർക്കാർ വൈകിയാണ് നൽകിയത്. ഇതുമൂലം വിനോദസഞ്ചാരികളായ യാത്രക്കാരിൽ നല്ലൊരു പങ്കും ഹോട്ടലുകളിൽനിന്നും പാർസൽ വാങ്ങുകയോ വീടുകളിൽ നിന്നും കൊണ്ടുവരികയോ ആയിരുന്നു ചെയ്തിരുന്നത്. റോഡരികിലെ ഒഴിഞ്ഞ മരചുവടുകളിലും തുറക്കാത്ത പീടികവരാന്തകളിലുമൊക്കെ ഇരുന്നാണ് യാത്രക്കാർ ഭക്ഷിക്കുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ അവശിഷ്ടം തള്ളാൻ കണ്ടെത്തുന്നത് റോഡരികിൽ കാണുന്നിടം തന്നെ. ദേശീയ പാതയിൽ ചുരത്തിലടക്കം വഴിയോരങ്ങളിൽ യാത്രക്കാർ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളാൻ തുടങ്ങിയതോടെ മാലിന്യങ്ങളുടെ ശവപ്പറമ്പായി പാതയോരങ്ങളൊക്കെ മാറി.
എന്നാൽ ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതിയായെങ്കിലും മാലിന്യം തള്ളുന്നതിനറുതിയായില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ച `വഴികളിലൊക്കെ മാലിന്യങ്ങൾ നിറയാൻ തുടങ്ങി. പഞ്ചായത്തുകൾ മാലിന്യം ശേഖരിക്കുന്നത് കോവിടുമൂലം നിറുത്തിയാൽ പലയിടങ്ങളിലും മാലിന്യകൂമ്പാരങ്ങൾ തന്നെ ഉയർന്നു. വിവിധയിടങ്ങളിലും സന്നദ്ധ സംഘടനകൾ ശുദ്ധീകരണ പ്രവൃത്തികൾ ചെയ്തുവരുന്നുണ്ടെങ്കിലും മാലിന്യങ്ങളുടെ തോത് വർധിക്കുകയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് യാത്രക്കാർ മിക്കവാറും നിര്ത്തിയിരിക്കുകയാണ്. പകരം വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം യാത്രക്കിടെ പാതയോരങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങളിലും പീടിക വരാന്തകളിലും വൃക്ഷത്തണലുകളിലും വെച്ചാണ് കൂട്ടമായിരുന്നു കഴിക്കുന്നത്. ഇങ്ങനെ ഭക്ഷണം കഴിക്കുന്ന പലരും ഭക്ഷണാവശിഷ്ടങ്ങളും അതോടൊപ്പം പാക്കിങ് മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും ഉപേക്ഷിച്ചു കടക്കുന്നത് സാർവ്വത്രികമായിരിക്കുകയാണ്. . വയനാട് റോഡുകളും ലക്കിടി മുതൽ മുത്തങ്ങ വരെയുള്ള സ്ഥലങ്ങളിലും ഇത്തരം പ്രവണത കൂടിവരുന്നതായി കാണുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ചുരത്തിൽ മാത്രം സന്നദ്ധ പ്രവർത്തകർ നിരവധി തവണയായി മാലിന്യ നീർമ്മാർജ്ജന പ്രവൃത്തികളിൽ ശേഖരിച്ചത് ലോഡ് കണക്കിന് മാലിന്യങ്ങളാണ്. മാലിന്യം നിക്ഷേപിക്കാൻ ചുരത്തിൽ വ്യൂ പോയിന്റിൽ പ്രത്യേകം കൂടുകൾ തന്നെ നിർമ്മിച്ചിട്ടുണ്ടെങ്കിലും പാതയോരത്തെ മാലിന്യ നിക്ഷേപത്തിന് യാതൊരു കുറവുമില്ല. പൂക്കോട് തടാകത്തിനരികിലൂടെ കടന്ന് പോകുന്ന റോഡിനിരുവശവും നിറയെ മാലിന്യങ്ങളാണ്. ദേശീയ പാതയുടെ ഓരങ്ങളിൽ പലയിടത്തും ചാക്കുകളിലടക്കം മാലിന്യങ്ങൾ കുറ്റികാടുകൾക്കിടയിലേക്കു തള്ളിയിട്ടതായി കാണാം. ദേശീയപാതയിൽ ചേലോട് എസ്റ്റേറ്റിന് സമീപം മാലിന്യങ്ങൾ കെട്ടുകണക്കിനു തള്ളിയിട്ടുണ്ട്. . ബാണാസുര ഡാമിലേക്ക് പോകുന്ന വൈത്തിരി പടിഞ്ഞാറത്തറ റോഡിലും ചുണ്ടേൽ കൽപ്പറ്റ റോഡിലും ഇത് തന്നെയാണ് അവസ്ഥ. മുത്തങ്ങ വരെയുള്ള ദേശീയപാതയോരങ്ങൾ മാലിന്യപൂരിതമാണ്.
പാതയോരണങ്ങളിൽ മാലിന്യം നിക്ഷേപിക്കാനുള്ള കൂടുകൾ സ്ഥാപിക്കുക, മാലിന്യം ഇടുന്നത് നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ വെക്കുക, മാലിന്യം ഇടുന്നവരെ കണ്ടെത്തി ശിക്ഷ നടപടികൾ കൈക്കൊള്ളുക, ചുരം കയറുന്ന യാത്രക്കാർക്ക് ബോധവത്കരണം നൽകുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുന്നത് ഒരു പരിധി വരെ ഇത്തരം ഹീന പ്രവര്ത്തികളിൽ നിന്നും സഞ്ചാരികളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞേക്കും.
ലക്കിടി ബസ്‌സ്റ്റോപ്പിന് സമീപം പിഡബ്ള്യുഡി ഓഫീസിനു സമീപം ഒഴിഞ്ഞ സ്ഥലത്തെ മരത്തിന്റെ ചുവടു സഞ്ചാരികളുടെ മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു. മരത്തണലിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു മാലിന്യങ്ങളും മദ്യകുപ്പികളും കൊണ്ട് ഈ പ്രദേശം നിറഞ്ഞു കവിഞ്ഞിരുന്നു. പിഡബ്ള്യുഡി അധികൃതർ സ്ഥലത്തെ ആർട്സ് ക്ലബ്ബിന്റെ സഹായത്തോടെ വടം കെട്ടി വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിക്കുകയും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഈ ഭാഗം ഇപ്പോൾ തികച്ചും മാലിന്യ മുക്തമാണ്.
നിയന്ത്രിക്കാനും നിർദ്ദേശിക്കാനും ആരുമില്ലാത്തേടത്തോളം കാലം മാലിന്യം ഇങ്ങനെ പെരുകികൊണ്ടേയിരിക്കും. ജില്ല മാലിന്യങ്ങളുടെ കുപ്പത്തൊട്ടിയായി മാറുകയും ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *