May 3, 2024

കുരങ്ങുപനി തിരുനെല്ലിയിൽ സ്ഥിതികരിച്ചു ; ജാഗ്രത വേണം- ഡി എം ഒ

0
Img 20220209 195733.jpg
കൽപ്പറ്റ :
ഈ വര്‍ഷത്തെ ആദ്യ കുരങ്ങുപനി കേസ് തിരുനെല്ലി പഞ്ചായത്തിലെ 24 കാരന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുരങ്ങുപനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.
വനവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട യുവാവിന് പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അപ്പപ്പാറ സി എച്ച് സി യില്‍ ചികിത്സ തേടുകയും തുടര്‍ന്ന് കുരങ്ങുപനി സംശയിക്കുകയും വയനാട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് പഞ്ചായത്തിലെ 21 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ ആര്‍ക്കും കുരങ്ങുപനി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഒരു മാസം മുമ്പ് കര്‍ണാടകയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ തന്നെ ജില്ലയില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂറ്റിന്റെ സഹായത്തോടെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ പരിശോധനയില്‍ അപ്പപ്പാറ, ബേഗുര്‍ ഭാഗങ്ങളില്‍ കുരങ്ങുപനിയുടെ ചെള്ളിന്റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ വനത്തിന് പുറത്ത് നിന്ന് ശേഖരിച്ച ചെള്ളുകളില്‍ കുരങ്ങുപനിയുടെ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ജില്ലയില്‍ വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് സാധാരണയായി രോഗം കണ്ടുവരുന്നത്. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇതു പകരുന്നു.
ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി, ശരീരവേദന അല്ലെങ്കില്‍ പേശിവേദന, തലവേദന, ഛര്‍ദ്ദി, കടുത്ത ക്ഷീണം, രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം, അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എങ്കിലും മേല്പറഞ്ഞ ലക്ഷണങ്ങളുള്ള, സ്ഥിരമായി വനവുമായി ബന്ധപ്പെട്ട് കഴിയുന്നവര്‍ക്ക് കുരങ്ങുപനി സംശയിക്കാവുന്നതാണ്. ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും വേണം.
കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക. വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഇളം നിറത്തിലുള്ള നീണ്ട വസ്ത്രങ്ങള്‍ ധരിക്കുക. വസ്ത്രത്തിന് പുറമെയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക. വനത്തില്‍ നിന്ന് തിരിച്ചുവരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിരിക്കുന്നില്ലെന്നു വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം. വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണ്. അവ വാങ്ങി കന്നുകാലികളുടെ ശരീരത്തില്‍ പുരട്ടുക. കുരങ്ങുകള്‍ ചത്തുകിടക്കുന്നതായി കണ്ടാല്‍ വനംവകുപ്പ് അധികൃതരെയോ ആരോഗ്യപ്രവര്‍ത്തകരെയോ ഉടന്‍ വിവരം അറിയിക്കുക. കടുത്ത തലവേദന, ക്ഷീണം എന്നിവയോടുകൂടിയ പനിയുള്ളവര്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുക. വനത്തില്‍ പോയവര്‍ അക്കാര്യം ഡോക്ടറോട് പറയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ വനത്തില്‍ പോയി തിരിച്ചു വന്നാല്‍ ഉടന്‍ കുളിക്കുന്നത് കുരങ്ങുപനി പിടിപെടാതിരിക്കുന്നതിന് സഹായകരമാകും.
1957 ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. കുരങ്ങുകളുടെ കൂട്ടത്തോടെയുള്ള മരണം കാരണം നാട്ടുകാര്‍ കുരങ്ങുപനി എന്ന് വിളിച്ചു. കൈസനൂര്‍ വനത്തില്‍ നിന്നും ആദ്യമായി വൈറസിനെ വേര്‍തിരിച്ചെടുത്തതിനാല്‍ കൈസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നു പേരുവന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *