തരുവണയിലെ വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

മാനന്തവാടി: തരുവണ പള്ളിയാൽ കോളനിക്ക് സമീപത്തെ വീട്ടിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. പള്ളിയാൽ ഷിനാജിന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി അജ്ഞാതർ അതിക്രമം നടത്തിയത്. രാത്രി 11 മണിയോടെയാണ് സംഭവം. വീടിന്റെ സിറ്റൗട്ടും ചുമരുകളും ചളിമണ്ണ് ഉപയോഗിച്ച് വൃത്തികേടാക്കി. ചുമരിൽ അശ്ലീലങ്ങൾ എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ഷിനാജും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഇത് അറിഞ്ഞ് എത്തിയ സാമൂഹ്യവിരുദ്ധരാണ് അതിക്രമം നടത്തിയതെന്നാണ് കരുതുന്നത്. നാട്ടിൽ തിരിച്ചെത്തിയ ഉടൻ പൊലീസിൽ പരാതി നൽകുമെന്ന് ഗൃഹനാഥൻ പറഞ്ഞു.
സമീപത്തെ കുന്നിൽ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവർ താവളമാക്കാറുണ്ട്. ഈ സംഘത്തിൽ പെട്ടവരാണ് അതിക്രമം നടത്തിയതെന്നാണ് സൂചന. കോളനിക്ക് സമീപത്തുതന്നെയാണ് തരുവണ ഗവ. ഹയർ സെക്കൻഡറി സ്കൂളും. സ്കൂളിലും രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങൾ ഇപ്പോൾ പതിവായിട്ടുണ്ട്. സ്കൂൾ മുറ്റത്ത് ലഹരിവസ്തുക്കളുടെ അവശിഷ്ട്ടങ്ങൾ നിക്ഷേപിക്കുക, ജനൽ ചില്ലകളും പൈപ്പും ചെടികളും നശിപ്പിക്കുക തുടങ്ങിയവ നിത്യസംഭവമാണ്. പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തി ഇവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



Leave a Reply