പൗരപ്രമുഖരുമായി എം വി ഗോവിന്ദൻ്റെ കൂടികാഴ്ച വയനാടിന്റെ പ്രശ്‌നങ്ങൾ ചർച്ചയായി

കൽപ്പറ്റ : ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത് പൗരപ്രമുഖരുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ കൂടിക്കാഴ്‌ച. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി വെള്ളി രാവിലെ കൽപ്പറ്റ എം ജി ടി ബിൽഡിങ്ങിലായിരുന്നു ക്യാപ്‌റ്റനും ജാഥാംഗങ്ങളും പ്രമുഖരുമായി ചർച്ച നടത്തിയത്. വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.
സർക്കാർ, പാർടി തലങ്ങളിൽ ഇടപെട്ട് പ്രശ്‌നങ്ങൾ പരമാവധി പരിഹരിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വന്യമൃഗശല്യം, ചുരം യാത്രാപ്രശ്‌നം, വയനാട് മെഡിക്കൽ കോളേജ് വികസനം, ബദൽപാത, പ്രൊഫണൽ കോളേജുകളും കോഴ്‌സുകളും, കെഎൽആർ ആക്ടിലെ ഇളവ് നടപ്പാക്കൽ, കാർഷിക വിഷയങ്ങൾ, സ്‌റ്റാർട്ട് അപ്പിനായി പൊതുഇന്റർനെറ്റ് സൗകര്യം, ബഫർസോൺ, എയർ സ്‌ട്രിപ്പ്, ചുരം റോപ്പ് വേ, ടൂറിസം സാധ്യതകൾ, രാത്രിയാത്രാ നിരോധനം തുടങ്ങിയവ ചർച്ചചെയ്‌തു.
ആവശ്യങ്ങളും നിർദേശങ്ങളും ജാഥാംഗങ്ങൾ ശ്രദ്ധാപൂർവം കേട്ടു. കൂടുതൽ അറിയേണ്ടവ ചോദിച്ചറിഞ്ഞു. പരിഹാര നിർദേശങ്ങൾ രേഖപ്പെടുത്തി. ജനങ്ങൾക്കുവേണ്ടി ചെയ്യാവുന്നതിന്റെ പരാമവധി സർക്കാരിനെകൊണ്ട് നടപ്പാക്കാനുള്ള ഇടപെടലുകൾ ഉറപ്പുനൽകി. നയപരമായി വേണ്ട തീരുമാനങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തി നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഡോ. എം ഭാസ്‌കരൻ, അഡ്വ. കെ മൊയ്‌തു, ഫാ. ഫ്രാൻസൺ ചേരമൺ തുരുത്തിൽ, കേരള മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്‌കുട്ടി, ഡബ്ല്യുഎംഒ ട്രഷറർ കാദർ പട്ടാമ്പി, എ സുധാറാണി, സണ്ണി ചെറിയതോട്ടം, ജോണി പാറ്റാനി, മുക്കോളി ഉസ്‌മാൻ ഹാജി, എൻ മുഹമ്മദ് ഇക്‌ബാൽ, ഡോ. റോജേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു. സിപിഐ എം ജില്ലാ സെകട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, വനിതാ വികന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടി, പി വി ബാലചന്ദ്രൻ എന്നിവരുമുണ്ടായിരുന്നു.



Leave a Reply