നിയോജക മണ്ഡലങ്ങളില്‍ വെര്‍ച്ച്വല്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകൾ തുടങ്ങും : മന്ത്രി കെ. രാധാകൃഷ്ണന്‍

കൽപ്പറ്റ :അഭ്യസ്തവിദ്യരായ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ വിവിധ മത്സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനും നൈപുണ്യ പരിശീലനം നല്‍കുന്നതിനുമായി നിയോജകമണ്ഡലങ്ങളില്‍ വെര്‍ച്ച്വല്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകൾ തുടങ്ങുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വയനാട് കളക്‌ട്രേറ്റില്‍ നടന്ന വകുപ്പ്തല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രെയിനിംഗ് സെന്റര്‍ തുടങ്ങുന്നതിന് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്താം. സാമൂഹ്യ പഠന മുറികള്‍, വിജ്ഞാനവാടികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയവയും പ്രയോജന പ്പെടുത്താം. ഒരേ സമയം കുറഞ്ഞത് അമ്പത് വിദ്യാര്‍ത്ഥികളെയെങ്കിലും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ ഹാള്‍ മുറിയോട് കൂടിയതാകണം കെട്ടിടങ്ങള്‍. സെന്ററുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കാനായി വിദ്യാസമ്പന്നയായ ഒരാളെയും നിയമിക്കാം. ജില്ലയിലെ സെന്ററുകള്‍ തുടങ്ങാന്‍ അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തി ലുണ്ടായ മുന്നേറ്റം ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കണം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളിലെ അധ്യായന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. അധ്യാപകരും ഇതര ഉദ്യോഗസ്ഥരും സ്ഥാപനത്തിന് ഗുണപരമായ രീതിയില്‍ പ്രവര്‍ത്തിക്കണം. വിദ്യാര്‍ത്ഥികളിലെ കൊഴിഞ്ഞ്‌പോക്ക് കുറക്കുന്നതിനും അടുത്ത അധ്യായന വര്‍ഷം കൂടുതല്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നതിനും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രാദേശിക പിന്തുണയോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമിയും വീടും അനുവദിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. പാതിവഴില്‍ നിലച്ച വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുളള ഇടപെടലുകളുമുണ്ടാകും. അക്രഡിറ്റഡ് എഞ്ചിനിയര്‍മാര്‍, പ്രേരക്മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരെ ഉപയോഗിച്ച് നിര്‍മ്മാണം നിലച്ച വീടുകള്‍ സംബന്ധിച്ച കണക്കെടുപ്പ് നടത്തും. അക്രഡിറ്റഡ് എഞ്ചിനിയര്‍മാരുടെ നിയമനം പശ്ചാത്തല മേഖലയില്‍ വലിയൊരു മാറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കാനും സമയബന്ധിതമായ പൂര്‍ത്തീകരണത്തിനും നിയമനം സഹായകരമായതായി മന്ത്രി പറഞ്ഞു.
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ പ്ലാന്‍ ഫണ്ടിനത്തില്‍ 88 ശതമാനം തുക വിനിയോഗിച്ചതായി അവലോകന യോഗത്തില്‍ വിലയിരുത്തി. 66.35 കോടി രൂപ അനുവദിച്ചതില്‍ 58.35 കോടി രൂപ ചെലവഴിച്ചു. കോര്‍പ്പസ് ഫണ്ടിനത്തില്‍ 74 പദ്ധതികള്‍ അനുവദിച്ചതില്‍ 71 എണ്ണത്തിന്റെ നിര്‍വ്വഹണം തുടങ്ങി. 49 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ആകെ 2.85 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവിട്ടത്. അടിയ പണിയ പാക്കേജിനത്തില്‍ 39.36 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.
യോഗത്തില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉപഹാരം ജില്ലാ കളക്ടര്‍ എ. ഗീത മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. വാണിദാസ്, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply