May 3, 2024

വിസ്‌മയങ്ങളുടെ സുരങ്ക കിണര്‍; 360 ഡിഗ്രി സെല്‍ഫി

0
Img 20230425 180331.jpg
കൽപ്പറ്റ :മുഖവട്ടം കുറഞ്ഞ്‌ മണ്ണിനെ തുരന്ന്‌ നടന്നുപോകാന്‍ കഴിയുന്ന വിസ്‌മയങ്ങളുടെ ഒരു കിണര്‍. സുരങ്ക കിണറെന്ന്‌ കാസര്‍കോടും ദക്ഷിണ കര്‍ണ്ണാടകയിലും അറിയപ്പെടുന്ന പാതാളക്കിണര്‍ വയനാട്ടിലും കാണാം. ടൂറിസം വകുപ്പാണ്‌ എന്റെ കേരളം പ്രദര്‍ശനമേളയില്‍ സുരങ്ക കിണറിനെ വയനാടിന്‌ പരിചയപ്പെടുത്തുന്നത്‌. നീളമേറിയ തുരങ്കം നിര്‍മ്മിച്ച്‌ ഭൂഗര്‍ഭ ജലത്തിനെ പുറത്തേക്ക്‌ ഒഴുക്കികൊണ്ടുവരുന്ന രീതിയാണ്‌ സുരങ്ക. കിണറിന്‌ പകരം ഭൂമിയുടെ ചെരിവുള്ള സ്ഥലങ്ങളില്‍ നിന്നും വെള്ളത്തിന്റെ ഉറവകളെ ലക്ഷ്യമാക്കി കുഴിക്കുന്ന രീതിയാണിത്‌. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ പോലും ഇത്തരം കിണറുകള്‍ ഇടം പിടിച്ചിട്ടുണ്ട്‌. കാസര്‍കോട്‌ ജില്ലയിലെ മലയോരങ്ങളില്‍ നടന്ന്‌ ചെന്ന്‌ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന സുരങ്ക പാതകള്‍ കാണാം. ഇത്തരം കിണറുകളുടെ നിര്‍മ്മിതിക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. കൃഷിയിടങ്ങളില്‍ വിളകള്‍ നനയ്‌ക്കുന്നതിനും ഈ വെള്ളം ഉപയോഗിക്കുന്നു. രണ്ടടി വീതിയും ആറടി ഉയരവും പത്ത്‌ മീറ്ററലധികം നീളവുമുള്ളതാണ്‌ സുരങ്ക കിണര്‍.
ഇതിനെ പുതിയ തലമുറിലേക്ക്‌ പരിചയപ്പെടുത്തുകയാണ്‌ വിനോദ സഞ്ചാരവകുപ്പ്‌. തുരങ്കത്തിലൂടെ കടന്ന്‌ സുഗന്ധപൂക്കുന്ന ഏലക്കാടുകള്‍ പുറത്തിറങ്ങാവുന്ന വിധത്തിലാണ്‌ ടൂറിസം വകുപ്പിന്റെ സ്റ്റാള്‍. ജല സ്രോതസ്സുകളിലേക്ക്‌ തിരശ്ചീനമായാണ്‌ സുരങ്ക നിര്‍മ്മിക്കുന്നത്‌. മറയൂരിലെ പുരാതനമായ മുനിയറകളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. പാണ്ഡവരുടെ വനവാസകാലത്തുള്ള നിര്‍‌മ്മിതകളാണ്‌ മുനിയറകളെന്നാണ്‌ ഐതീഹ്യം. മഹാശിലായുഗത്തില്‍ മരണപ്പെട്ടവരെ മറവു ചെയ്യുന്നതിനാണ്‌ മുനിയറകള്‍ നിര്‍മ്മിക്കപ്പെട്ടതെന്ന്‌ ചരിത്രകാരന്‍മാര്‍ പറയുന്നു. 360 ഡിഗ്രി കോണില്‍ നിന്നും മൊബൈലിലേക്ക്‌ പകര്‍ത്താന്‍ കഴിയുന്ന സെല്‍ഫി പോയിന്റ്‌ മേളയുടെ മറ്റൊരു ആകര്‍ഷണമാണ്‌. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ കേരളം ഒന്നാമത്‌ പവലിയനിലാണ്‌ ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്‌. സെല്‍ഫി കാലഘട്ടത്തില്‍ പുതിയ തലമുറകള്‍ 360 ഡിഗ്രി പരീക്ഷണം നടത്താനും മത്സരിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *