May 10, 2024

സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: ബഫര്‍സോണ്‍: അവശേഷിക്കുന്ന ആശങ്കകളും, അവ്യക്തതകളും നീക്കണം: എന്‍ ഡി അപ്പച്ചന്‍

0
Eis4woi50523.jpg

കല്‍പ്പറ്റ: ബഫര്‍സോണ്‍ രൂപീകരിക്കുന്നതില്‍ എല്ലായിടത്തും ഏകികൃത മാനദണ്ഡം നിശ്ചയിക്കാനാവില്ലെന്നും, 2022 മാര്‍ച്ച് മൂന്നിലെ ഒരു കിലോമീറ്റര്‍ കരുതല്‍മേഖല നിര്‍ബന്ധം എന്ന ഉത്തരവില്‍ ഭേദഗതി ആവശ്യമാണെന്നുമുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഗഹമാണെങ്കിലും, ഇപ്പോഴും ആശങ്കകളും അവ്യക്തയും തുടരുകയാണെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളും ഒരുമിച്ച് നടത്തിയ അതിശക്തമായ സമരത്തിന്റെ ഫലമായാണ് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട്, ജനങ്ങളുടെ പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞ് സുപ്രീംകോടതിയില്‍ നിന്നും ഇത്തരത്തിലൊരു വിധി ഇപ്പോഴുണ്ടായത്. യു ഡി എഫും കോണ്‍ഗ്രസും തുടക്കം മുതല്‍ തന്നെ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവിധ മതസംഘടനകള്‍, സന്നദ്ധസംഘടകള്‍, കര്‍ഷകസംഘടനകള്‍ എന്നിവരെല്ലാം ഒറ്റക്കെട്ടായാണ് അന്ന് സമരരംഗത്തിറങ്ങിയത്. ഈ പ്രക്ഷോഭങ്ങളെ പുച്ഛിച്ചവരാണ് ബി ജെ പിക്കാര്‍. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു സമരം പോലും നടത്താന്‍ ബി ജെ പി തയ്യാറായില്ല. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് ഇത്തരമൊരു വിധിയെന്ന് അവകാശപ്പെടുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരവീഴ്ച കൊണ്ടാണ് ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായി നിലനിര്‍ത്തണമെന്ന ആദ്യ ഉത്തരവ് വരാനുള്ള കാരണം. അന്ന് ജില്ലയിലെ കര്‍ഷകരെ ഓര്‍ക്കാത്ത നടപടികളാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇരുസര്‍ക്കാരുകളുടെയും ഇടപെടല്‍കൊണ്ടല്ല, മറിച്ച് ജനവികാരം തിരിച്ചറിഞ്ഞ, സുപ്രീംകോടതിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിരീക്ഷണമാണ് ഇത്തരത്തിലൊരു വിധി വരാനുള്ള കാരണം. അതില്‍ സുപ്രീംകോടതിയെ അഭിനന്ദിക്കുകയാണ്.അതേസമയം, വിധിയിലും ബഫര്‍സോണുമായി ഇപ്പോഴും ആശങ്കകളും അവ്യക്തതകളും നിലനില്‍ക്കുകയാണ്. സംരംക്ഷിത പ്രദേശങ്ങളോടും, വന്യജീവി സങ്കേതങ്ങളോടും ചേര്‍ന്ന് അനുമതിയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെ നിലവിലെ കൃഷി, മഴവെള്ളസംഭരണം, ജൈവകൃഷി, പുനരുപയോഗ ഊര്‍ജ സ്രോതസ്, ഉദ്യാനപാലനം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങളിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന റോഡിന് വീതികൂട്ടുന്നത്, രാത്രികാല വാഹനനിരോധനം, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, സംരക്ഷണഭിത്തി നിര്‍മ്മാണം എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ വനാതിര്‍ത്തിഗ്രാമങ്ങള്‍ നിറഞ്ഞ വയനാടിനെ ആശങ്കയിലാക്കുന്നതാണ്. ഇതില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന ഖനനം അടക്കമുള്ള ഒന്നിനോടും യോജിക്കാനാവില്ല. എന്നാല്‍ സാധാരണക്കാരുടെ ദൈനംദിനത്തെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *