September 28, 2023

കര്‍ഷക ആത്മഹത്യക്ക് കാരണം കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പിടിപ്പുകേട്: എന്‍.ഡി അപ്പച്ചന്‍

0
20230505_185243.jpg
കല്‍പ്പറ്റ: കടക്കെണിയിലകപ്പെട്ട കര്‍ഷകരുടെ ആത്മഹത്യ പെരുകാന്‍ കാരണം കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പിടിപ്പുകേടാണെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കാര്‍ഷിക മേഖലയില്‍ മുടക്കി കാത്തിരിക്കുമ്പോള്‍ കാലാവസ്ഥ വ്യതിയാനം കൊണ്ടും, വന്യമൃഗശല്യം കൊണ്ടും കൃഷിയൊന്നാകെ നശിക്കുന്നതാണ് കാണാനാവുന്നത്. വരുമാനം ലഭിക്കാതെ ബാങ്കിന്റെ തിരിച്ചടവ് മുടങ്ങുകയും, ബാങ്ക് സര്‍ഫാസി നിയമവും, ജപ്തി നടപടികളിലൂടെയും കിടപ്പാടം വരെ നഷ്ടപ്പെട്ട കര്‍ഷകന്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നതാണ് ഇന്ന് കാണാനാവുന്നത്. അടുത്തിടെ വയനാട്ടില്‍ നാല് കര്‍ഷകരാണ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തിട്ടുള്ളത്. കര്‍ഷരുടെ ജീവന്‍ നഷ്ടമാകുമ്പോഴും, സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതില്‍ അലംഭാവം തുടരുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പകള്‍ക്ക് നാല് ശതമാനം പലിശയിളവ് അനുവദിച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സബ്സിഡി തുക പോലും ബാങ്കുകള്‍ക്ക് നല്‍കുന്നില്ല. ഏതാണ്ട് 40 കോടി രൂപയോളം ബാങ്കുകള്‍ക്ക് കുടിശിക ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുണ്ട്. അതുകൊണ്ട് സഹകരണബാങ്കുകളും നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുറച്ച് ദിവസങ്ങളായി ഏരിയപള്ളിയില്‍ വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ച് കൊല്ലുകയാണ്. കടുവയുടെ ആക്രമണത്തില്‍ കന്നുകാലികളും ആടുകളും ഇരകളാവുകയാണ്. അതിന് പുറമെ ആന, മാന്‍, മയില്‍, കുരങ്ങ് തുടങ്ങിയവയുടെ ആക്രമണം കൊണ്ട് മറ്റ് പല നഷ്ടങ്ങളുമുണ്ടാകുന്നു. കാട്ടിലെ വന്യമൃഗങ്ങളും, നാട്ടിലെ എല്‍.ഡി.എഫ് സര്‍ക്കാരും ജനങ്ങള്‍ക്ക് ഒരുപോലെ ദ്രോഹമാകുകയാണ്. കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എല്ലാം കൊണ്ടും ജനജീവിതം ദുരിതപൂര്‍ണമാകുമ്പോള്‍ പിണറായി സര്‍ക്കാര്‍ ഇല്ലാത്ത കമ്പനികളുമായി കരാറുകള്‍ ഉണ്ടാക്കി കോടികള്‍ തട്ടി കര്‍ഷകരുടെ ജീവന്‍ വെച്ച് പന്താടുകയാണ്. പിണറായിയും, മക്കളും, മരുമക്കളും ഒക്കെ ചേര്‍ന്ന് എ.ഐ. ക്യാമറയും, കെ. ഫോണും വാങ്ങാനുള്ള കരാര്‍ വെച്ച് കോടികള്‍ മുക്കുകയാണ്. അതിന് പുറമേ സര്‍ക്കാരിന്റെ രണ്ടാം വര്‍ഷ പിറന്നാള്‍ മാമാങ്കവും നടത്തി ധൂര്‍ത്തടിച്ച് രസിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇടക്കിടക്ക് മന്ത്രിമാര്‍ വയനാട്ടില്‍ വന്ന് പോകുന്നത് ഒരു പരിഹാര മാര്‍ഗമല്ല. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം അനുവദിക്കണം. കര്‍ഷകരുടെ കടങ്ങള്‍ക്ക് പലിശരഹിത ദീര്‍ഘകാല വായ്പയാക്കി മാറ്റാനുള്ള പദ്ധതി രൂപവത്കരിച്ച് സഹായിച്ചാല്‍ മാത്രമേ വയനാട്ടിലെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *