May 10, 2024

വിദ്യാര്‍ഥികളുടെ യാത്ര ഇളവ്; ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും

0
Img 20230614 192215.jpg
കൽപ്പറ്റ :ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര ഇളവിന് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി യോഗത്തിലാണ് തീരുമാനം. 5 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ സഞ്ചരിക്കുന്ന റൂട്ട്, ദൂരം, സ്‌കൂള്‍, സ്ഥലം എന്നിവ ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. കോളേജ് വിദ്യാര്‍ത്ഥികളുടെ യാത്രാ പാസിലും റൂട്ട് രേഖപ്പെടുത്തണം. അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കോഴ്‌സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സെഷന്‍ പാസ് അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം സംബന്ധിച്ച് ജില്ലയില്‍ നടത്തേണ്ടി വരുന്ന യാത്രകളിലും ഇളവ് അനുവദിക്കണം. ഇതു സംബന്ധിച്ച് യോഗം നിര്‍ദ്ദേശം നല്‍കി.
കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുള്ള മുഴുവന്‍ മേഖലകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കണം. വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു നോഡല്‍ ഓഫീസറെ നിയമിക്കാന്‍ യോഗം വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. നോഡല്‍ ഓഫീസറുടെ വിവരങ്ങള്‍ ആര്‍.ടി.ഓഫീസില്‍ ലഭ്യമാക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും സ്‌കൂള്‍ പ്രവൃത്തിദിനം ആരംഭിക്കുന്ന സമയത്തും, ക്ലാസ് അവസാനിക്കുന്ന സമയത്തും പോലീസ് സേവനം ഉറപ്പു വരുത്തും.
എല്ലാ ബുധാഴ്ചകളിലും ആര്‍.ടി.ഒ ഓഫീസുകള്‍ വഴി യാത്രാ കണ്‍സഷന്‍ കാര്‍ഡ് വിതരണം ചെയ്യും. യാത്രാ കണ്‍സെഷന്‍ പാസ്സ് ദുരുപയോഗം ചെയ്യരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രാ പാസ് പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ്‌സ് അസോസിയേഷന്‍ നല്‍കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.ടി.ഒ ഇ. മോഹന്‍ദാസ്, ജോയിന്റ് ആര്‍.ടി.ഒമാരായ കെ.എസ് പ്രകാശ്, കെ.ആര്‍ ജയദേവന്‍, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.യു ബാലകൃഷ്ണന്‍, വിവിധ വകുപ്പ് ജീവനക്കാര്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *