May 7, 2024

മേപ്പാടി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് ബില്‍ഡിംഗ് ഫണ്ട് ശേഖരണ ക്യാമ്പയിന് തുടക്കമായി

0
Pain And Paliative
മേപ്പാടി: മേപ്പാടിയിലെ കാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ പതിനാല് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി മേപ്പാടിയില്‍ നിര്‍മിക്കുന്ന ക്ലിനിക്ക് കെട്ടിടത്തിന്റെ ഫണ്ട് ശേഖരണ ക്യാമ്പയിന് തുടക്കമായി. ഡിസംബര്‍ 16 വരെയാണ് ക്യാമ്പ്. ഒരു ദിന വരുമാനം പാലിയേറ്റീവിന് എന്ന സന്ദേശത്തോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും, കുടുംബശ്രീ, അയല്‍സഭ, സി .ഡി എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫണ്ട് സമാഹരണ കവര്‍ വീടുകളിലെത്തിച്ച് പതിനാറാം തീയതി തിരിച്ചു വാങ്ങുന്ന രൂപത്തിലാണ് ക്യാമ്പയിന്‍ ക്രമീകരിച്ചിരിക്കുന്നത്. മൊത്തം അറുപത് ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തില്‍ ഭാവിയില്‍ ഡേകെയര്‍, വാര്‍ദ്ധക്യസഹജമായ രോഗികള്‍ക്ക് പ്രത്യേക പരിചരണ വിഭാഗം, ഡയാലിസ് സെന്റര്‍, ഒപി ക്ലിനിക്ക് തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കും. സ്ഥിരമായി രണ്ട് ഡോക്ടര്‍മാരുടെ സേവനവും കൂടാതെ വിവിധ ഡോക്ടര്‍മാരുടെ വിസിറ്റിംഗ് സേവനവും ലഭ്യമാകും. നിലവില്‍ നിരവധി കാന്‍സര്‍, കിഡ്‌നി രോഗികള്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ സ്വീകരിച്ച് വരുന്ന പാലിയേറ്റീവ് ക്ലിനിക്കില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഹോം കെയര്‍ യൂണിറ്റ് വീടുകളില്‍ ചെന്ന് പരിചരണവും മരുന്നും നല്‍കി വരുന്നുണ്ട്. വീടുകള്‍ തോറും നല്‍കുന്ന കവര്‍ വിതരണ ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ്, റിട്ടയേഡ് അധ്യാപകന്‍ കെ.രാഘവന്‍ മസ്റ്റര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ടി.ഹംസ സ്വാഗതം പറഞ്ഞു. കമ്മിറ്റി ചെയര്‍മാന്‍ കെ.കെ കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഗിരിജ, പാലിയേറ്റീവ് പ്രസിഡണ്ട് സി.എച്ച് സുബൈര്‍, കാവുംപാടന്‍ ഹൈദ്രു, എ എം സൈനബ, ഷമീമ ഹംസ, ജോബിഷ് കുര്യന്‍, സുരേന്ദ്രകുമാര്‍, കെ.എം എച്ച് മുഹമ്മദ്, സദീര്‍, പി കുഞ്ഞി മുഹമ്മദ്, സംസാരിച്ചു. പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലിയേറ്റീവില്‍ രജിസ്റ്റര്‍ ചെയ്യുകയും ഇപ്പോഴും ക്ലിനിക്കില്‍ എത്തി ചികില്‍സയും മരുന്നും സ്വീകരിക്കുകയും ചെയ്യുന്ന നെല്ലിമുണ്ട സ്വദേശിനി നെച്ചിക്കാടന്‍ പാത്തുമ്മയാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് ക്ലിനിക്ക് കെട്ടിടത്തിന്ന് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വവഹിച്ചത്. നിലവില്‍ നിര്‍മ്മാണം പുരോഗമിച്ചുവരുന്ന കെട്ടിടം രണ്ട് നിലകളിലായി നാലായിരം സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *