May 3, 2024

മാവോയിസ്റ്റുകളുടെ പത്രക്കുറിപ്പ് : പൂർണ്ണരൂപം വായിക്കാം.

0
Img 20180726 Wa0119
വയനാട്ടിൽ സാന്നിധ്യം സ്ഥിരീകരിച്ച് മാവോയിസ്റ്റുകളുടെ പത്രകുറിപ്പ്: തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ലന്ന് വിശദീകരണം.

കൽപ്പറ്റ: തങ്ങൾ വയനാട്ടിലുണ്ടന്ന് സ്ഥിരീകരിച്ച് മാവോയിസ്റ്റുകൾ പത്രകുറിപ്പ് പുറത്തിറക്കി. കഴിഞ്ഞ 20-ന് മേപ്പാടി കള്ളാടിയിൽ തൊള്ളായിരം കണ്ടിയിൽ   എമറാൾഡ് എസ്റ്റേറ്റിൽ നിർമ്മാണത്തിലിരിക്കുന്ന റിസോർട്ടിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ തട്ടികൊണ്ടു പോയി ബന്ദികളാക്കിയെന്നത്  പോലീസ് സൃഷ്ടിച്ച വാർത്തയാണന്നും പത്രക്കുറിപ്പിലുണ്ട്. തപാൽ വഴി കൽപ്പറ്റയിലെ വയനാട് പ്രസ്സ് ക്ലബ്ബിലാണ് പത്രക്കുറിപ്പ് എത്തിയത്. സാഹചര്യവും സമയവും ലഭിക്കാത്തതിനാൽ ഫോട്ടോ കോപ്പി എടുക്കാനും നേരിൽ കാണാനും  സാധിച്ചിട്ടില്ലന്നും സ്മാർട്ട് ഫോൺ വഴി എല്ലാ മാധ്യമ പ്രവർത്തകർക്കും ഈ പത്രക്കുറിപ്പ് കൈമാറണമെന്നും ആവശ്യപ്പെട്ട മറ്റൊരു കുറിപ്പോട്കൂടിയാണ്  സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി വക്താവ്   അജിതയുടെ പേരിലുള്ള പ്രസ്സ് റിലീസ് എത്തിയത്.
    പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം :
ഇക്കഴിഞ്ഞ 20-ന് വെള്ളിയാഴ്ച വൈകിട്ട് മേപ്പാടിക്കടുത്തുള്ള തൊള്ളായിരം പ്രദേശത്തെ  എമറാൾഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള  നിർമ്മാണം നടക്കുന്ന റിസോർട്ടിൽ  മാവോയിസ്റ്റുകൾ അതിക്രമിച്ച് എത്തിയെന്നും തൊഴിലാളികളെ ഭീഷണിപ്പെടുത്തി ,ബന്ദികളാക്കി, അവർക്ക് നേരെ വെടിയുതിർത്തു, കെട്ടിയിട്ടു എന്നും മറ്റും പോലീസ് പ്രചരിപ്പിച്ച വാർത്തകൾ വാസ്തവവിരുദ്ധമാണന്ന് സി.പി.ഐ.മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി അറിയിക്കുന്നു. നാടുകാണി ഏരിയാ സമിതിയുടെ കീഴിലുള്ള ദളം (Squad ) പതിവ് ഗ്രാമസന്ദർശനത്തിന്റെ  ഭാഗമായാണ് പ്രസ്തുത സ്ഥലത്ത് എത്തിപ്പെടുന്നത്. ബംഗാൾ സ്വദേശികളായ തൊഴിലാളികളോട്  തൊഴിലിനെക്കുറിച്ചും അവരുടെ ജീവിത ദുരിതത്തെപ്പറ്റിയും മറ്റും വിശദമായി ചോദിച്ചറിയുകയും ,മാവോയിസ്റ്റുകൾ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ ബദലിനെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ നിസ്കാരത്തിനായി പോയ ഒരു തൊഴിലാളി തൊട്ടടുത്ത റിസോർട്ടിൽ പോയി, ഞങ്ങൾ വന്ന വിവരം അറിയിക്കുകയായിരുന്നു. മറ്റുള്ള രണ്ട് പേരും ഞങ്ങൾ പിരിയും വരെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഇതാണ് ബന്ദിയാക്കി എന്നും മറ്റുമുള്ള പ്രചാരണമായി തീർന്നത്. വളരെ മാന്യമായാണ് ഞങ്ങൾ തൊഴിലാളികളോട് പെരുമാറിയിരുന്നത്. മലയാളികളായ മറ്റ് തൊഴിലാളികൾ രാത്രിയിൽ വരുമെന്നറിഞ്ഞതിനാൽ അവരെക്കൂടി കാണാനും സംസാരിക്കുവാനും വേണ്ടി രാത്രി ഒമ്പതു മണി വരെ അവിടെ ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായി അറിയുന്നത്. വൈകാതെ ഞങ്ങൾ തിരികെ പോവുകയായിരുന്നു. പ്രദേശത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകളെ ആക്രമിക്കുകയോ താമസക്കാരെ ബന്ദികളാക്കുകയോ ലക്ഷ്യം വെച്ചല്ല ,ഞങ്ങൾ പ്രദേശത്ത് പ്രവർത്തിക്കുന്നത്.
     വാസ്തവം ഇതായിരിക്കെ ബോധപൂർവ്വം മാവോയിസ്റ്റ് പ്രസ്ഥാനത്തെ കരിവാരി തേക്കാനും പ്രദേശത്തെ ജനങ്ങളെ, തൊഴിലാളികളെ ഭീതിയിലാഴത്തി ഞങ്ങളിൽ നിന്ന് അകറ്റി നിർത്താനും വേണ്ടി നടത്തുന്ന ഭരണകൂടത്തിന്റെ ഗൂഢാലോചനാപരമായ കുപ്രചരണമാണ് മാധ്യമങ്ങളിലൂടെ പോലീസ് പുറത്ത് വിട്ടത്. 
     പ്രദേശത്തെ തൊഴിലാളികളും ,കർഷകരും  ആദിവാസികളും  ദുരിതപൂർണ്ണമായ ജീവിതമാണ് നയിക്കുന്നത്. അവരെ സംഘടിപ്പിക്കുന്നതും സമര സജ്ജരാക്കുന്നതും തടയുകയാണ് ഇതിലൂടെ  ഭരണകൂടം ലക്ഷ്യം വെച്ചത്. ഇത് ജനങ്ങൾ തിരിച്ചറിയണം. തൊഴിലാളികളും കർഷകരും  ആദിവാസികളും ഉൾപ്പടെയുള്ള മർദ്ദിത ബഹുജനങ്ങൾ ഇത്തരം കുപ്രചരണങ്ങൾ ,നുണ പ്രചരണങ്ങൾ ,തള്ളിക്കളയണം. മർദ്ദിതരുടെ പോരാട്ട നിര പടുത്തുയർത്തി, പ്രതീക്ഷാ നിർഭരമായ പുതിയൊരു ജീവിതത്തിനായി മാവോയിസ്റ്റ് വിപ്ലവകാരികളുമായി ഐക്യപ്പെടണം.
    വിപ്ലവാഭിവാദനങ്ങളോടെ ,അജിത ( വക്താവ്)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *