May 4, 2024

വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ യാഥാർഥ്യമാക്കണം : പരിഷത് ജില്ലാ സമ്മേളനം

0
Kssp
കൽപ്പറ്റ: 

വയനാട് മെഡിക്കൽ കോളേജ് അവ്യക്തതകൾ നീക്കി മടക്കിമലയിൽ തന്നെ യാഥാർഥ്യമാക്കണം എന്ന് വടുവഞ്ചാലിൽ നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത് മുപ്പത്തി എട്ടാമത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  മെഡിക്കൽ കോളേജിന് വേണ്ടി മടക്കി മലയിൽ സ്ഥലം ഏറ്റെടുക്കുകയും മരങ്ങൾ മുറിച്ചു മാറ്റുകയും റോഡ് നിർമ്മാണം ഏറെ മുന്നോട്ടു പോകുകയും നിർമ്മാണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്ത ശേഷം പിന്മാറാനുള്ള തീരുമാനത്തിൽ അവ്യക്തതയുണ്ട് .  
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഈ സ്ഥലത്ത് ചെറു നീരുറവകളും ജൈവ വൈവിധ്യവും ഉള്ളതിനാൽ വൻ കിട നിർമ്മാണങ്ങൾക്ക് ശുപാർശ ചെയ്യാൻ കഴിയില്ല എന്നാണ് .  
പിന്നീട്  ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധർ സ്ഥലം സന്ദർശിച്ചു ഈ അഭിപ്രായം ശരി വച്ചു എന്നും ആണ് കിട്ടിയ വിവരം.  ഈ റിപ്പോർട്ടുകൾ ഒന്നും പൊതു ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടില്ല.  ഭൗമ ശാസ്ത്ര പരമായ പ്രത്യേകതകൾ മനസ്സിലാക്കാൻ പാകത്തിൽ ആഴത്തിൽ ഉള്ള പഠനങ്ങൾ ഒന്നും അവിടെ നടന്നിട്ടില്ല . 
2004 ൽ സെസ്സ് പുറത്തിറക്കിയ ദുരന്ത സാധ്യത പ്രദേശങ്ങളുടെ മാപ്പിൽ മടക്കിമല പ്രദേശം ഉൾപ്പെട്ടിട്ടില്ല .   2018 ലെ  മഹാ പ്രളയത്തിനു ശേഷം  പരിഷത് വയനാട്ടിൽ നടത്തിയ പഠനത്തിൽ  ഈ പ്രദേശങ്ങളിൽ എന്തെങ്കിലും തരത്തിൽ ഉള്ള ദുരന്തം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 
700 മുതൽ 2100 വരെ മീറ്റർ ഉയരത്തിൽ കിടക്കുന്ന വയനാടൻ ഭൂ പ്രകൃതിയിൽ 900 മീറ്റർ ഉയരത്തിൽ ആണ് മടക്കി മലയുടെ സ്ഥാനം . ഇത് താരതമ്യേന ദുരന്ത സാധ്യത കുറഞ്ഞതാണ് .  അങ്ങനെയിരിക്കെ ഇവിടം മെഡിക്കൽ കോളേജിനനുകൂലമല്ല എന്ന കണ്ടെത്തൽ വേണ്ടത്ര ശാസ്ത്രീയ പിൻ ബലം ഇല്ലാത്തതാണ് .  
അനുയോജ്യമായ പുതിയ സുരക്ഷിത സ്ഥലം കണ്ടെത്തുക എന്നത് എളുപ്പം സാധിക്കുന്ന കാര്യമല്ല . 
മെഡിക്കൽ കോളേജ് വേണം എന്ന നിലപാടിൽ ഇത്രയേറെ മുന്നോട്ട് പോയ ശേഷം വേണ്ടത്ര വ്യക്തത ഇല്ലാത്ത കാരണങ്ങളുടെ പേരിൽ പെട്ടന്ന് പിന്മാറുന്നതിനോട് യോജിക്കാൻ കഴിയില്ല .  ഈ സാഹചര്യത്തിൽ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ പ്രാവർത്തികമാക്കി പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികൾ അവലംബിച്ചു മെഡിക്കൽ കോളേജ് മടക്കി മലയിൽ തന്നെ യാഥാർഥ്യമാക്കണം എന്ന് പരിഷത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .
കേന്ദ്ര നിർവാഹക സമിതി അംഗം ഡോ ബി എസ് ഹരികുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ആർ മധുസൂദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി അനിൽകുമാർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.  
നിർവാഹക സമിതി അംഗങ്ങൾ ആയ പ്രൊ കെ ബാലഗോപാലൻ സുമ വിഷ്ണുദാസ് സ്വാഗത സംഘം ഭാരവാഹികൾ ആയ ജോളി സ്കറിയ പി ഹരിഹരൻ എന്നിവരും സംസാരിച്ചു . 
 മുഹമ്മദ് ബഷീർ, കെ എൻ ലജീഷ്, എ സി ഉണ്ണികൃഷ്ണൻ ശൈലേഷ് കുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *