May 19, 2024

കല്‍പ്പറ്റ ടൗണിലെ സീബ്രാലൈനുകള്‍ മാഞ്ഞു: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാല്‍നടയാത്രക്കാര്‍ക്ക് വാഹനമിടിച്ചു പരിക്കേല്‍ക്കുന്നത് പതിവാകുന്നു

0
കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണിലെ സീബ്രാലൈനുകള്‍ മാഞ്ഞു. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാല്‍നടയാത്രക്കാര്‍ക്ക് വാഹനമിടിച്ചു പരിക്കേല്‍ക്കുന്നത് പതിവാകുന്നു. കൈനാട്ടി മുതല്‍ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ വരെ 12 സ്ഥലങ്ങളിലാണ് സീബ്രാലൈനുകള്‍ ഉണ്ടായിരുന്നത്. ഇത് പൂര്‍ണമായും മാഞ്ഞുപോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നേരത്തെ ഇവിടെ സീബ്രാലൈനുകള്‍ സ്ഥാപിച്ചിരുന്നു എന്ന തിരിച്ചറിവില്‍ ലൈന്‍ മാഞ്ഞ ഭാഗത്തുകൂടെ യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനങ്ങള്‍ വന്നിടിക്കുന്നു. സീബ്രാലൈന്‍ മാഞ്ഞതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങളുടെ വേഗത കുറക്കുന്നില്ല. കഴിഞ്ഞ ദിവസം കല്‍പ്പറ്റ പിണങ്ങോട് ജംഗ്ഷനു സമീപവും കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി. സ്‌കൂളിനു മുന്നിലും അപകടങ്ങളുണ്ടായി. കൈക്കുഞ്ഞുങ്ങളുമായി റോഡ് മുറിച്ചു കടന്ന സ്ത്രീകള്‍ നിസാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. സീബ്രലൈന്‍ ഉള്ള സ്ഥലമാണെന്ന ധൈര്യത്തില്‍ റോഡ് മുറിച്ചു കടന്ന സ്ത്രീകളെ, സീബ്രലൈനിന്റെ അടയാളങ്ങള്‍ കാണാതെ വന്ന വാഹനങ്ങള്‍ തട്ടുകയായിരുന്നു. 
കല്‍പ്പറ്റ ടൗണിലൂടെ സ്ഥിരമായി വാഹമോടിക്കുന്നവര്‍ക്ക് മാത്രമാണ് എവിടെയാണ് സീബ്രാ ലൈനുകള്‍ ഉണ്ടായിരുന്നുവെന്ന ധാരണയുള്ളത്. മറ്റ് സ്ഥലങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ നിരന്തരം കല്‍പ്പറ്റ ടൗണിലൂടെ കടന്നുപോകുന്നുണ്ട്. സീബ്രാലൈന്‍ മാഞ്ഞുപോയതിനാല്‍ ഇത്തരം വാഹനങ്ങളാണ് അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. സ്‌കൂളുകള്‍ക്കു മുന്നിലുള്ള സീബ്രാലൈനുകളും മാഞ്ഞുപോയതിനാല്‍ വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പലപ്പോഴും പോലീസിന്റെ സഹായത്തോടെയാണ് കുട്ടികള്‍ റോഡ് മുറിച്ചുകടക്കുന്നത്.
സീബ്രാ ലൈന്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാതാ വിഭാഗവും പൊതുമരാമത്ത് വകുപ്പും പരസ്പരം ഒഴിഞ്ഞുമാറുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിഷയത്തില്‍ ഇടപെട്ട പൊതു പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. 
ബൈപ്പാസ് റോഡാണ് ദേശീയപാതയെന്നും ടൗണിലൂടെയുള്ള പാത ദേശീയപാതയല്ലാത്തതിനാല്‍ തടസങ്ങളുണ്ടെന്നുമാണ് ചില ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. ഫണ്ടിന്റെ അപര്യാപ്തത അടക്കമുള്ള വിഷയങ്ങള്‍ പൊതുമരാമത്ത് വകുപ്പും ഉന്നയിക്കുന്നു. കല്‍പ്പറ്റ ടൗണില്‍ റോഡിനു വീതി കൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചതു കാരണമാണ് പുതിയ സീബ്രാലൈന്‍ സ്ഥാപിക്കാന്‍ താമസിക്കുന്നതെന്ന വാദവും ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നു. എന്തായാലും കല്‍നടയാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന നിലപാടാണ് വിവിധ വകുപ്പ് അധികൃതര്‍ സ്വീകരിക്കുന്നത്. ജില്ലാ കലക്ടര്‍ ഇടപെട്ട് പ്രശ്‌ന പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *