April 29, 2024

സമൃദ്ധിയുടെ കണിയൊരുക്കാന്‍ വയനാട്ടിൽ ഓരോ പഞ്ചായത്തിലും കണിവെളളരി കൃഷി

0

    വിഷമില്ലാത്ത കണിവെളളരി കൊണ്ട് സമൃദ്ധിയുടെ കണിയൊരുക്കാന്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കര്‍ഷകര്‍ പാടത്തിറങ്ങുന്നു. അടുത്ത വിഷുവിന് വിളവെടുക്കാന്‍ പാകത്തില്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലും അഞ്ചേക്കര്‍ സ്ഥലത്താണ് കണിവെളളരി കൃഷിയിറക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും തരിശുഭൂമികളിലുമാണ് പച്ചക്കറി കൃഷി നടത്താനാണ് ഉദ്ദേശിക്കുന്നത്.സുവര്‍ണ്ണ ശോഭയേറിയതും അത്യുല്‍പാദന ശേഷിയുമുളള കണിവെളളരികള്‍ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലം ഒരുക്കലിനും വിത്തിറക്കുന്നതിനും കൃഷിവകുപ്പ് സഹായം നല്‍കും. അതത് പ്രദേശത്തെ വീട്ട്കൂട്ടങ്ങളും  കര്‍ഷക ഗ്രൂപ്പുകളും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ജൈവകൃഷിക്ക് ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുണ്ടാകും. കിലയുടെ സഹകരണത്തോടെ കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പാക്കുന്ന പച്ചപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചപ്പ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
     കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പ്രകൃതി പഠന ക്യാമ്പ് ജനുവരി 9,10 തിയ്യതികളില്‍ നടക്കുമെന്ന് കോര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ യോഗത്തെ അറിയിച്ചു. മുത്തങ്ങ വന്യജീവി സങ്കേതത്തിലാണ് ക്യാമ്പ്. ഫെബ്രുവരി ആദ്യവാരത്തില്‍  ആയിരത്തോളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് പുഴയോര സംരക്ഷണം, കാര്‍ബണ്‍ ന്യൂട്രല്‍ ഫാര്‍മേഴ്‌സ് ഫോറം രൂപീകരിച്ച് പഞ്ചായത്ത് തലത്തില്‍ കാര്‍ഷിക ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുക്കാനും യോഗത്തില്‍ തീരുമാനമായി.  യോഗത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി.എം. നാസര്‍,എന്‍.സി പ്രസാദ്,ആര്‍ യുമന,നോഡല്‍ ഓഫീസര്‍ പി.യു ദാസ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി.എം. സുമേഷ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *