April 29, 2024

പ്ലാസ്റ്റിക് നിരോധനം: തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ജില്ലാ വികസന സമിതി

0
Jilla Vikasana Samithi Yogathil Mla Samsarikunnu 1.jpg

  ജനുവരി ഒന്നു മുതല്‍  ഒറ്റത്തവണ ഉപയോഗമുളള  പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്‍പ്പനയും നിര്‍മ്മാണവും സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ പ്ലാസ്റ്റിക് നിരോധനം ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ജില്ലാ വികസന സമിതി നിര്‍ദേശിച്ചു. പ്ലാസ്റ്റിക്കിന് ബദലായി തുണി, കടലാസ് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് ജില്ലയില്‍ പ്രചാരണം ശക്തമാക്കണം. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനായി സ്‌കൂള്‍ അസംബ്ലിയില്‍ പ്ലാസ്റ്റിക് നിരോധന പ്രതിജ്ഞയെടുക്കുവാനും നിര്‍ദ്ദേശിച്ചു. അനുദിനം കൂടി വരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വന്‍തോതില്‍ ആരോഗ്യ,പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന വികസന സമിതി യോഗം വിലയിരുത്തി. 

കൊളഗപ്പാറ പാതിരിപ്പാലം, വൈത്തിരി വളവ് എന്നിവിടങ്ങളില്‍ ഇടക്കിടെ ഉണ്ടാകുന്ന റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം. എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. കൊളഗപ്പാറ ഭാഗത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങടങ്ങിയ ബോര്‍ഡ് സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിച്ചതായും വൈത്തിരി വളവില്‍ റോഡ്  വീതി കൂട്ടി സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനുളള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ദേശീയപാതാ അധികൃതര്‍ അറിയിച്ചു. ബേഗൂര്‍ തിരുനെല്ലി റോഡിലെ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതുമായി സ്ഥലം കിട്ടുന്നതിനായി  ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തികള്‍ നടക്കുന്നതതാണെന്നും  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എഞ്ചിനിയര്‍ യോഗത്തെ അറിയിച്ചു.

ജില്ലയില്‍ മൂന്ന് താലൂക്കുകളിലെ സര്‍വ്വേ നടപടികള്‍, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ലെ ആദിവാസി വീടുകളുടെ നിര്‍മ്മാണ പുരോഗതി എന്നിവയും  ജില്ലാ വികസന  സമിതിയോഗം വിലയിരുത്തി. 
  വനത്തിനുള്ളിലെ കോളനികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് വനം വകുപ്പില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ടെന്നും ആവശ്യമായ അപേക്ഷകള്‍ സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചതായും ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ യോഗത്തെ അറിയിച്ചു. 

സുല്‍ത്താന്‍ ബത്തേരി മുള്ളന്‍കൊല്ലി ട്രൈബല്‍ ഹോസ്റ്റലിന്റെ  നിര്‍മ്മാണം ജനുവരി അവസാനത്തോടെ പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നും  ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ പറഞ്ഞു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ കണിയാമ്പറ്റ, മേപ്പാടി, കാക്കവയല്‍ സ്‌കൂളുകളിലെ  നിര്‍മ്മാണ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു.  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം മാതൃകയില്‍ വയനാട്ടില്‍ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ  യോഗം ചുമതലപ്പെടുത്തിയിരുന്നു.  വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഇതുസംബന്ധിച്ച് തയ്യാറാക്കി സമര്‍പ്പിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ലഹരിവിമുക്ത കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു.  വകുപ്പുകളുടെ വാര്‍ഷിക പദ്ധതി പുരോഗതിയും യോഗം വിലയിരുത്തി. 
യോഗത്തില്‍ സി.കെ.ശശീന്ദ്രന്‍എം.എല്‍.എ, എ.ഡി.എം തങ്കച്ചന്‍ ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, രാഹുല്‍ ഗാന്ധി എം.പിയുടെ  പ്രതിനിധി കെ.എല്‍ പൗലോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍  യോഗത്തില്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *