April 30, 2024

പ്രതീക്ഷകള്‍ സഫലം: ഇനി ഇവര്‍ ഭൂമിയുടെ അവകാശികള്‍

0
Img 20200121 Wa0250.jpg

   ഇനി സ്വന്തമായൊരു വീടുവെക്കണം. കൈയ്യില്‍ കിട്ടിയ പട്ടയ രേഖ നെഞ്ചോട് ചേര്‍ത്ത് എഴുപത്തിയേഴുകാരിയായ സുകുമാരിയമ്മ പറഞ്ഞു. പതിറ്റാണ്ടുകളാണ് ഭൂമിക്ക് ഉടമസ്ഥാവകാശം ലഭിക്കുന്നതിനായി മുട്ടില്‍ സൗത്ത് വില്ലേജിലെ വാഴവറ്റ കുപ്പാടിയില്‍ കൊച്ചുവട്ടപ്പാറ വാഴവറ്റ പരേതനായ നാരായണന്റെ ഭാര്യ സുകുമാരിയമ്മ കാത്തിരുന്നത്. 94 സെന്റ് ഭൂമിയുണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ ഇവിടെ ഒരു വീടു വെക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. മകള്‍ക്കൊപ്പം താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു ഇവരുടെ കാലങ്ങളായുള്ള ജീവിതം. ഇവിടെ നിന്നുമാണ് കല്‍പ്പറ്റയിലെ പട്ടയമേളയില്‍ ഇവര്‍ ഭൂമിയുടെ ഉടമസ്ഥവാകാശം ഏറ്റുവാങ്ങാന്‍ നിറഞ്ഞ സന്തോഷത്തോടെ എത്തിയത്.  50 വര്‍ഷമായി വാഴവറ്റയില്‍ താമസിക്കുന്ന ഈ അമ്മയുടെ നീണ്ട നാളായുള്ള കാത്തിരിപ്പു കൂടിയാണ് ഇവിടെ സഫലമായത്. മുപ്പത് വര്‍ഷത്തോളം പട്ടയം കിട്ടാന്‍ ഓഫീസുകള്‍ കയറിയിറങ്ങിയ ആ അമ്മയ്ക്ക്  റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനില്‍ നിന്നും പട്ടയം കൈപ്പറ്റുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. മകള്‍ക്കൊപ്പമെത്തിയ സുകുമാരിയമ്മ മന്ത്രിക്കും ഉദ്യോഗസ്ഥരോടുമെല്ലാം നന്ദി പറഞ്ഞാണ് ഇവിടെ നിന്നും തിരികെ യാത്രയായത്. 

    മീനങ്ങാടി ഗോഖലെ നഗറില്‍ പരേതനായ വെളുക്കന്റെ ഭാര്യയായ ജാനുവിനും ഇത് സ്വപ്നസാഫല്യമാണ്. ഇവര്‍ക്കും ഇനിയും സ്വന്തം ഭൂമിയില്‍ തലചായ്ക്കാം.  ഭര്‍ത്താവ് മരിച്ച മകളും പേരക്കുട്ടിയും അടങ്ങിയ ജാനുവിന്റെ  കുടുംബത്തിന് കൈവശരേഖ കിട്ടിയതോടെ ആശ്വാസമായി. ഇനി സര്‍ക്കാരിന്റെ പദ്ധതിയില്‍ ഇവിടെ വീടൊരുക്കാം. ഭൂമി സംബന്ധമായ കാലങ്ങളായുള്ള അനിശ്ചിതാവസ്ഥയ്ക്കാണ് ഇതോടെ വിരാമമായത്.  ജാനുവിന്റെ സഹോദരിയുടെ വീടിനോട് ചേര്‍ന്ന് ഷീറ്റ് വലിച്ച് കെട്ടിയ ഷെഡ്ഡിലാണ് ഈ കുടുംബത്തിന്റെ ഇപ്പോഴുള്ള താമസം. ഇനി സ്വന്തം ഭൂമിയില്‍ വീടെന്ന സ്വപ്നം ഒരുക്കാം.

  
      ജില്ലയില്‍ 976 കുടുബങ്ങളാണ് കല്‍പ്പറ്റയില്‍ നടന്ന ജില്ലാതലം പട്ടയമേളയില്‍ ഭൂമിയുടെ അവകാശികളായത്. 490 പേര്‍ക്ക് കൈവശരേഖയും 486 പേര്‍ക്ക് പട്ടയവും വിതരണം ചെയ്തു. ജില്ലയില്‍ വനാവകാശ നിയമ പ്രകാരം 15 കുടുംബങ്ങള്‍ക്കും,പട്ടികവര്‍ഗ്ഗക്കാരായ 462 കുടുംബങ്ങള്‍ക്കും, സൂഗന്ധഗിരിയില്‍ 11 കുടുംബങ്ങള്‍ക്കും, മുത്തങ്ങയില്‍ 2 കുടുംബങ്ങള്‍ക്കുമാണ് കൈവശ രേഖ നല്‍കിയത്.  108 ഭൂപതിവ് പട്ടയവും 353 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയം, 25 ദേവസ്വം പട്ടയവുമാണ് ജില്ലാതല പട്ടയ മേളയില്‍ വിതരണം ചെയ്തത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *