April 26, 2024

ഉമ്മൻചാണ്ടി- പിണറായി സര്‍ക്കാരുകളുടെ നേട്ടങ്ങളെക്കുറിച്ച് തുറന്ന സംവാദത്തിന് തയ്യാറാണോയെന്ന് മുല്ലപ്പള്ളി

0
Screenshot 2020 02 29 20 48 48 679 Com.facebook.katana.png
ബത്തേരി :

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ച വീടുകളുടെ പകുതി എണ്ണം പോലും നിര്‍മിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ 2 ലക്ഷം വീടു നിര്‍മിച്ചു എന്നു മേനി പറഞ്ഞ് കോടികള്‍ ചെലവാക്കി നടത്തുന്ന ആഘോഷം അല്‍പ്പത്തരമാണെന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 90 ശതമാനം പണിപൂര്‍ത്തിയാക്കിയ 52,000 വീടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പിണറായി സര്‍ക്കാര്‍ രണ്ടുലക്ഷം തികച്ചത്.  സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ മാത്രം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗ്രാമങ്ങളില്‍ 2.37 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി.  ഈ പദ്ധതി 2014ല്‍ പ്രധാനമന്ത്രി ആവാസ് യോജന എന്നാക്കിയപ്പോള്‍ അതില്‍ 32,559 വീടുകളും നിര്‍മിച്ചു.  മത്സ്യത്തൊഴിലാളികള്‍ക്ക് 15,000 വീടുകളും 450 ഫ്‌ളാറ്റുകളും നിര്‍മ്മിച്ചു നല്‍കി. ഭവനനിര്‍മ്മാണ സഹായം 50,000 രൂപയില്‍ നിന്നും രണ്ടുലക്ഷമാക്കി. ഇതു നൂറുശതമാനം സബ്ഡിയായി നല്‍കി. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 30,308 വീടുകളാണ് നല്‍കിയത്. വീട് നിര്‍മാണത്തിനുള്ള തുക രണ്ടരലക്ഷത്തില്‍ നിന്ന് മൂന്നര ലക്ഷമാക്കി. പട്ടികജാതി വിഭാഗത്തിന് വീടുവയ്ക്കാനുള്ള സഹായധനം ഒരു ലക്ഷം രൂപയില്‍ നിന്ന് മൂന്നുലക്ഷമാക്കി. ഇവര്‍ക്ക് ഭൂമിവാങ്ങാനുള്ള സഹായം പതിന്മടങ്ങായി ഉയര്‍ത്തി. പാവപ്പെട്ടവരുടെ വീട് നിര്‍മാണത്തിന് സാഫല്യം, സാന്ത്വനം, സായുജ്യം, സൗഭാഗ്യം, ഗൃഹശ്രീ എന്നീ അഞ്ചു പദ്ധതികളാണ് അന്നു ഹഡ്‌കോ മാത്രം നടപ്പാക്കിയത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതികളും പരിപാടികളും പൂര്‍ത്തിയാക്കുക എന്നതു മാത്രമാണ് പിണറായി സര്‍ക്കാര്‍ ഇതുവരെ ചെയ്തത്. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ യു.ഡി.എഫിന്റെ പദ്ധതികളെയും പിണറായി സര്‍ക്കാര്‍ റാഞ്ചാന്‍ നോക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്ത തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഈ സര്‍ക്കാര്‍ ഇല്ലാതാക്കി. ഒരു വര്‍ഷം മുന്‍പേ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വിഴിഞ്ഞം പദ്ധതി ഇഴയുന്നു. പിണറായി സര്‍ക്കാരിന് സ്വന്തം എന്നുപറയാന്‍ ഒരു പദ്ധതി ഉണ്ടോയെന്ന് മുല്ലപ്പള്ളി ചോദിച്ചു.
അതേസമയം 60,000 കോടി മുതല്‍മുടക്കുള്ള ഹൈസ്പീഡ് റെയില്‍വെ പോലുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നു. റെയില്‍വെ ലൈനിന്റെ സര്‍വെ നടത്താന്‍ കിട്ടിയ അനുമതിയെ പദ്ധതി നടപ്പക്കാന്‍ കിട്ടിയ അനുമതിയായി പ്രചരിപ്പിക്കുന്നു.പ്രളയബാധിതര്‍ക്ക് 10,000 രൂപ പോലും ഇപ്പോഴും വിതരണം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരാണ് എടുത്താല്‍ പൊങ്ങാത്ത പദ്ധതികള്‍ നടപ്പാക്കുമെന്ന് അവകാശപ്പെടുന്നത്. പിണറായി സര്‍ക്കാര്‍ അവസാനപാദത്തിലേക്ക് കടന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇരുസര്‍ക്കാരുകളുടേയും നേട്ടങ്ങളെക്കുറിച്ച് തുറന്ന സംവാദത്തിന് തയ്യാറാണോയെന്ന് മുല്ലപ്പള്ളി ചോദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *