April 27, 2024

നൂറ് പുസ്തകങ്ങളുടെ കവറുമായി പരിയാരം സ്കൂളിന്റെ ഡിജിറ്റല്‍ മാഗസിനുകള്‍

0
Cover 1.jpg
നൂറ് പുസ്തകങ്ങളുടെ കവറുമായി പരിയാരം സ്കൂളിന്റെ ഡിജിറ്റല്‍ മാഗസിനുകള്‍
കൽപ്പറ്റ: മലയാളത്തിലെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ കവര്‍ മുഖചിത്രമാക്കി നൂറ് ഡിജിറ്റല്‍ മാഗസിനുകള്‍. പരിയാരം ഗവ. ഹൈസ്കൂള്‍ മലയാളം വിഭാഗമാണ് മാഗസിനുകള്‍ പുറത്തിറക്കിയത്. വയനാട്ടിലെ എഴുത്തുകാരുടെ പുസ്തകങ്ങളാണ് കവറുകളില്‍ ഭൂരിപക്ഷവും.  എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറും എഴുത്തുകാരുടെ ഫോട്ടോയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാഗസിനില്‍ സ്കൂളിലെ ഒന്നാം ക്ലാസ്സ് മുതലുള്ള കൂട്ടികള്‍ എഴുതിയിട്ടുണ്ട്. പ്രധാന കവര്‍ പുസ്തകങ്ങളുടെ മുഖ ചിത്രമാണെങ്കിലും അകത്തുള്ള കവര്‍ ചിത്രം വരച്ചത് രണ്ടാം ക്ലാസ്സുകാരി എന്‍.കെ. ഫിബ ഫാത്തിമയാണ്. എഴുത്തും ചിത്രവും  വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയിട്ടുണ്ട്. മലയാളമില്ലെങ്കില്‍ മലയാളിയില്ലെന്നതാണ് എഡിറ്റോറിയല്‍. ഷാജി പുല്പള്ളി, ഹാരിസ് നെന്മേനി, അനില്‍കുറ്റിച്ചിറ, ബാലന്‍ വേങ്ങര, ജോസ് പാഴൂക്കാരന്‍, സാദിര്‍ തലപ്പുഴ, ഡോ.കെ.എസ്. പ്രേമന്‍, ജെ. അനില്‍കുമാര്‍, ടി.എന്‍. വിപിന്‍ബോസ്, എ.എസ്. ഗിരീഷ്, അനീഷ് ജോസഫ് തുടങ്ങി ജില്ലയിലെ പ്രമുഖരായ എഴുത്തുകാരുടെ ഒന്നിലധികം പുസ്തകങ്ങളുടെ കവറാണ് ഓരോ മാഗസിനും നല്കിയിട്ടുള്ളത്. ചില എഴുത്തുകാരുടെ പത്തിലധികം പുസ്തകങ്ങളുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് പുറത്തിറങ്ങിയ ഹാരീസ് നെന്മേനിയുടെ ഡബിള്‍ ബെല്‍ എന്ന അനുഭവക്കുറിപ്പും ഇടം  പിടിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗവും എഴുത്തുകാരനുമായ പി. ഇസ്മായിലിന്റെ ‍ മലയാളം പഠിക്കണോ വേണ്ടയോ എന്ന ലേഖനമാണ് മാഗസിന്റെ മറ്റൊരു പ്രത്യേകത. മാതൃഭാഷയില്‍ പഠിച്ചാല്‍ മാത്രമേ നല്ല പ്രതിഭകളുണ്ടാകൂ എന്നതാണ് ഇസ്മായിലിന്റെ പക്ഷം. ശാസ്ത്രവുംഗണിതവുംസാമൂഹ്യശാസ്ത്രവുമെല്ലാംകുട്ടികൾ മാതൃഭാഷയിൽ പഠിച്ചാൽ മാത്രമേ നല്ലപ്രതിഭകളുണ്ടാവുകയുള്ളൂവെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. മാതൃഭാഷ കണ്ണിന്റെ കാഴ്ചശക്തിക്ക് തുല്യവും മറ്റു ഭാഷകൾ കണ്ണട പോലെയുമാണ്. കണ്ണില്ലെങ്കിൽ കണ്ണട കൊണ്ട് പ്രയോജനമില്ലെന്ന്ചുരുക്കം-എന്ന് അദ്ദേഹം പറയുന്നു. വിദ്യാര്‍ത്ഥികളായ പി. അനീസ്, മുഹമ്മദ് യാസിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാഗസിന്‍ പൂര്‍ത്തിയാക്കിയത്.  ലോക്ക് ഡൗണ്‍ കാലത്താണ് മാഗസിന്‍ തയ്യാറാക്കിയത്. സ്കൂളിലെ ടാലന്റ് ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സാഹിത്യക്ലബ്ബ്, സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലന ക്ലബ്ബ് എന്നിവയാണ് മാഗസിന്‍ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. സ്കൂളിലെ മികച്ച ലൈബ്രറിയും അതിലെ പുസ്തങ്ങളുമാണ് ഇത്തരമൊരു ഉദ്യമത്തിന് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചത്. വായിച്ച പുസ്തകങ്ങളെക്കുറിച്ച് പുസ്തകക്കുറിപ്പ് തയ്യാറാക്കുന്ന ശീലം കുട്ടികള്‍ക്കുണ്ട്. മികച്ച കുറിപ്പുകള്‍ സ്കൂള്‍ അസംബ്ലിയില്‍ അവതരിപ്പിക്കാറുമുണ്ട്. അത്തരം ചില വായനാക്കുറിപ്പുകളും മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രീ-പ്രൈമറി, ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ സൃഷ്ടികളും മാഗസിനിലുണ്ട്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവുമുള്ള സ്കൂളിലെ വിപുലമായ കമ്പ്യൂട്ടര്‍ ലാബിലാണ് മാഗസിന്‍‍ നിര്‍മ്മാണം തുടങ്ങിയതെങ്കിലും ലോക് ഡൗണ്‍ വന്നതോടെ വീടുകളിലിരുന്ന് കുട്ടികള്‍ ബാക്കി കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. പിന്നീട് അധ്യാപകരുടെ സഹകരണത്തോടെയാണ് ഉദ്യമം പൂര്‍ത്തിയാക്കിയത്. സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റ് എം. സുനില്‍കുമാര്‍, മലയാളം അധ്യാപകന്‍ അനീഷ് ജോസഫ് എന്നിവരാണ് നേതൃത്വം നല്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *