May 19, 2024

കോവിഡ് പ്രതിരോധം ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങള്‍ ശക്തി പകരുന്നു – മുഖ്യമന്ത്രി പിണറായി വിജയന്‍

0
Prw 715 Meppadi Arogya Kendram Kettida Ulkhadanam Mla C K Saseendran Nirvahikunnnu.jpg
സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനിടയിലും പൊതുജന ആരോഗ്യകേന്ദ്രങ്ങള്‍ മികച്ച ചികിത്സ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതായി  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ ഒമ്പത് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് വിവിധ ചികിത്സയ്ക്കായി പൊതുജനം ആരോഗ്യ കേന്ദ്രങ്ങളെയാണ് ആശ്രയിച്ചത്. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവ കോവിഡ് ആശുപത്രികളാക്കി മാറ്റിയ സാഹചര്യത്തില്‍ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ മികച്ച ചികിത്സ ഉറപ്പ് വരുത്താന്‍ സാധിച്ചു. വൈറസ് രോഗ വ്യാപനത്തില്‍ വികസിത രാജ്യങ്ങളില്‍ പോലും കൃത്യമായ ചികിത്സ നല്‍കാന്‍ സാധിക്കാത്ത ഈ കാലത്ത് സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലടക്കം മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കി. ജനപങ്കാളിത്തതോടെ ഉയര്‍ന്നുവന്ന ഗ്രാമീണ പൊതുജന ആരോഗ്യ കേന്ദ്രങ്ങളാണ് ഇതിനെല്ലാം ശ്കതി പകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
ആരോഗ്യ വകുപ്പില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തിയതിലൂടെ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. കോവിഡ് കാലത്ത് 706 ഡോക്ടര്‍മാരെയാണ് ഒറ്റ ദിവസം നിയമിച്ചത്. ആരോഗ്യ വകുപ്പില്‍ 1700 താത്കാലിക തസ്തികകള്‍ സൃഷ്ടിച്ച് എന്‍.എച്ച്.എമ്മിന്റെ ഭാഗമായി നിയമനം നടത്തുകയും ചെയ്തു. കോവിഡ് പ്രതിരോധം ഫലപ്രദമായി നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കുവാനും സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് നമ്മള്‍ മുന്നോട്ട് പോവേണ്ടതെന്നും എഫ്.എല്‍.ടി.സികളില്‍ ആവശ്യമായതെല്ലാം എത്തിച്ച് നല്‍കാന്‍ സന്നദ്ധരായവര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജില്ലയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായത്. മേപ്പാടി, ചെതലയം ചീരാല്‍,അമ്പലവയല്‍, പടിഞ്ഞാറത്തറ, കോട്ടത്തറ,എടവക, വെളളമുണ്ട,തൊണ്ടര്‍നാട് എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. 

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു പ്രതാപന്‍, റോഷ്ന യൂസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ഷാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി, മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. മുഹമ്മദ് സഈദ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ നേതൃത്വം നല്‍കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *