ലാബ്‌ ടെക്‌നീഷ്യന്മാരില്ല; കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തിരിച്ചടിയാവുന്നു


Ad
ലാബ്‌ ടെക്‌നീഷ്യന്മാരില്ല; കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തിരിച്ചടിയാവുന്നു

ജില്ലയിൽ ലാബ്‌ ടെക്‌നീഷ്യന്മാരുടെ അഭാവം കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തിരിച്ചടിയാവുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ലാബ്‌ ടെക്‌നീഷ്യന്മാരെ ലഭിക്കാത്തതാണ്‌ പ്രതിസന്ധി രൂക്ഷമാക്കുന്നത്‌. കോവിഡുമായി ബന്ധപ്പെട്ട്‌ 40 താല്‍ക്കാലിക ലാബ്‌ ടെക്‌നീഷ്യന്മാരെയാണ്‌ ഇതുവരെ നിയമിച്ചിട്ടുള്ളത്‌. എന്നാല്‍, രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതു പര്യാപ്‌തമല്ല. നിലവില്‍ 35ഓളം ഒഴിവുകള്‍ ജില്ലയിലുണ്ട്‌. സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബിലെ ജോലിഭാരം കുറയ്‌ക്കുന്നതിന്‌ പൂക്കോട്‌ വെറ്ററിനറി കോളജിലെ ലാബില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കി ആര്‍.ടി.പി.സി.ആര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതോടെ 2500ഓളം പരിശോധനകള്‍ പ്രതിദിനം നടത്താമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. മൂന്നു ഷിഫ്‌റ്റുകളായി തിരിച്ചെങ്കില്‍ മാത്രമേ ഇതിനു കഴിയൂ. എന്നാല്‍, പൂക്കോട്‌ വെറ്ററിനറി കോളജില്‍ മൂന്ന്‌ ഷിഫ്‌റ്റുകള്‍ ആരംഭിക്കാന്‍ 16 ലാബ്‌ ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്‌. നിലവില്‍ എട്ടുപേര്‍ മാത്രമാണ്‌ ഇവിടെയുള്ളത്‌. ഇക്കാരണത്താല്‍ മുഴുവന്‍ സമയ പരിശോധന ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പരിശോധനാഫലം ഉടന്‍ ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്‌. ജോലിഭാരം കൂടിയത്‌ നിലവിലുള്ളവരുടെ കാര്യക്ഷമത കുറയ്‌ക്കുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നു. കോവിഡ്‌ ബാധിച്ച്‌ എന്‍.ടി.ഇ.പി ലാബ്‌ ടെക്‌നീഷ്യ മരിച്ച സാഹചര്യത്തില്‍ യോഗ്യതയുള്ളവര്‍ ഈ മേഖലയിലേക്ക്‌ കടന്നുവരാനും മടിക്കുകയാണ്‌. കൊഴിഞ്ഞുപോകുന്ന അവസ്ഥയുമുണ്ട്‌. കോവിഡ്‌ രണ്ടാം തരംഗം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പുനരാരംഭിച്ചിട്ടുണ്ട്‌. ഇവിടങ്ങളിലും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്‌റ്റെപ്പ്‌ കിയോസ്‌കുകളിലും ലാബ്‌ ടെക്‌നീഷ്യന്മാരുടെ സേവനം ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്‌. ഇതു കൂടാതെ 120 സ്റ്റാഫ്‌ നഴ്‌സ്‌, സ്‌പെഷ്യലിസ്റ്റ്‌ ഡോക്ടര്‍മാര്‍ എന്നിവരുടെയും ഒഴിവുകള്‍ ജില്ലയിലുണ്ട്‌. കോവിഡ്‌ ബ്രിഗേഡില്‍ രജിസ്‌റ്റര്‍ ചെയ്‌ത, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ഇതിനകം റിക്രൂട്ട്‌ ചെയ്‌തുകഴിഞ്ഞു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ്‌ ബ്രിഗേഡില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന മുറയ്‌ക്ക്‌ നിലവിലുള്ള ഒഴിവുകള്‍ ഉടന്‍ നികത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *