May 10, 2024

ജില്ലയിലെ 3 വിദ്യാലങ്ങള്‍ കൂടി ഹൈടെക്;കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

0
Img 20220210 202705.jpg

കൽപ്പറ്റ : ജില്ലയിലെ മൂന്ന് വിദ്യാലയങ്ങള്‍ കൂടി ഹൈടെക് ആയി. നവകേരളം കര്‍മ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാക്കവയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വടുവഞ്ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവക്കായി പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ മുഖച്ഛായ മാറ്റി ഒരു നവകേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂളുകളുടെ നവീകരണം അതിന്റെ ഭാഗമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി 6.68 കോടി ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഒരുക്കിയത്. കാക്കവയല്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍, മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചന്ദ്രിക കൃഷ്ണന്‍, ഡി.ഇ.ഒ എന്‍.പി ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ.ബി നസീമ അദ്ധ്യക്ഷത വഹിച്ചു. വടുവഞ്ചാല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം ബത്തേരി ബ്ലോക്ക് പ്രസിഡണ്ട് സി. അസൈനാര്‍ അനാച്ഛാദനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സി ഹരിദാസ് അധ്യക്ഷത വഹിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഓണ്‍ലൈന്‍ സന്ദേശം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ മുഖ്യാതിഥി ആയിരുന്നു.
സ്‌കൂള്‍തല ചടങ്ങുകളില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. ജനപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും സന്നിഹിതരായിരുന്നു. കാക്കവയല്‍, വടുവഞ്ചാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളുകള്‍ക്ക് കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ വീതം വകയിരുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 68 ലക്ഷം രൂപയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *