June 2, 2023

നരേന്ദ്ര മോഡി പോക്കറ്റടിക്കാരന്റെ റോളിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പിണറായി സര്‍ക്കാര്‍ പിടിച്ച് പറിക്കാരന്റെ റോളിലാണ് മുന്നോട്ട് പോകുന്നത് :ടി. സിദ്ധിഖ് എം.എല്‍.എ

0
IMG_20230203_180406.jpg
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് വയനാടിന്റെ സര്‍വ്വമേഖലയേയും നിരാശപ്പെടുത്തുന്ന ബജറ്റാണെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. വന്യജീവി അക്രമണം കാരണം ഒട്ടനവധി ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേല്‍ക്കുകയും, കൃഷിനാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം സംബന്ധിച്ച് പ്രത്യേക പാക്കേജോ, പ്രത്യേക പദ്ധതികളോ പ്രഖ്യാപിച്ചിട്ടില്ല. ചികിത്സാ രംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന വയനാട് ജില്ലക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്ത ഒരു ബജറ്റാണ് അവതരിപ്പിച്ചത്. നിയോജകമണ്ഡലത്തിലെ ഇരുപത് പ്രധാനപ്പെട്ട പദ്ധതികളാണ് ബജറ്റിലേക്ക് സമര്‍പ്പിച്ചിരുന്നത്. കടുവ ആക്രമണത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗി ഉള്‍പ്പെടെ വിദഗ്ദ ചികിത്സക്ക് വേണ്ടി മെഡിക്കല്‍ കോളേജിലേക്കുള്ള യാത്ര മധ്യേ വൈദ്യസഹായം തേടുന്ന ജില്ലാ ഹെഡ് ക്വാട്ടേഴ്‌സിലുള്ള പ്രധാനപ്പെട്ട ആശുപത്രിയായ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ഏറെ പ്രാധാന്യം നല്‍കി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നതിന് ബജറ്റില്‍ സമര്‍പ്പിച്ചിരുന്നു എന്നാല്‍ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വയനാട് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച പാക്കേജില്‍ 75 കോടി രൂപ മാത്രം പ്രഖ്യാപിച്ച് സര്‍ക്കാര്‍ വയനാട് ജനതയോട് വിശ്വാസവഞ്ചന കാണിച്ചിരിക്കുകയാണ്. വയനാടിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മേഖലകളായ കാര്‍ഷിക മേഖലയും, ടൂറിസവുമാണ്. ഈ രണ്ട് മേഖലകളിലും വയനാടിന് വേണ്ടി പ്രത്യേക പദ്ധതികള്‍ ഒന്നും തന്നെ ഇല്ല. ഈ ബജറ്റ്  ജനങ്ങളെ കൊള്ളയടിക്കുന്നതും, വിലവര്‍ദ്ധനവിന് കാരണമാകുന്നതുമായ ദീര്‍ഘവീഷണമില്ലാത്തതായ ബജറ്റാണ്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് നിരക്കില്‍ സെസ് ഏര്‍പ്പെടുത്തിയ നടപടി ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഇടതു സര്‍ക്കാരിന്റെ സമീപനമാണ്. കേന്ദ്രം പെട്രോള്‍, ഡീസല്‍, പാചക വാതകത്തിന്റെ വില കൂട്ടുമ്പോള്‍ ആനുപാതികമായ വരുമാനം സംസ്ഥാന സര്‍ക്കാരിനും ഈ വര്‍ദ്ധനവില്‍ നിന്നും ലഭിക്കുന്നുണ്ട്. അതിന്റെ പുറമേയാണ് ഈ 2 രൂപ സെസ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ എല്ലാ സാധനങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെയാണ് അവശ്യ സാധനങ്ങള്‍ക്ക് വേണ്ടി ആശ്രയിക്കുന്നതിനാല്‍ കേരളത്തില്‍ ഇത് വന്‍ വിലവര്‍ദ്ധനവിന് വഴിയൊരുക്കും. അതോടൊപ്പം തന്നെ ഭൂമിയുടെ ന്യായവിലക്കൊത്ത് വിപണി മൂല്യത്തിനനുസരിച്ച് നികത്താനുള്ള നടപടിയും അതിന്റെ ഭാഗമായി ന്യായവില ഇരുപത് ശതമാനം വര്‍ദ്ധിപ്പിക്കുകയും ഭൂനികുതിയും രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടത്തിയ വന്‍ വര്‍ദ്ധനവ് ജനങ്ങള്‍ക്ക് എതിരായിട്ടുള്ള മറ്റൊരു സമീപനമാണ്. കെട്ടിട നികുതി അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പെര്‍മിറ്റ് അടക്കം വന്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്താന്‍ ബഡ്ജറ്റില്‍ എടുത്ത തീരുമാനം സാധാരണക്കാരന്‍ എതിരായിട്ടുള്ള സര്‍ക്കാരിന്റെ ഏറ്റവും വലിയ യുദ്ധപ്രഖ്യാപനമാണ്. ഒന്നിലധികം വീടുകള്‍ നിര്‍മ്മിച്ചവര്‍ക്കും, ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ക്കും വലിയ നികുതി ചുമത്താനുള്ള തീരുമാനം മറ്റൊരു ഇരുട്ടടി കൂടിയാണ്. വാണിജ്യ-വ്യവസായിക സ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതി തീരുവ 5 ശതമാനം ആക്കി ഉയര്‍ത്തിയത് നിര്‍മ്മാണ മേഖലയുള്‍പ്പെടെയുള്ള എല്ലാ മേഖലയെയും സാരമായി ബാധിക്കും. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ സമയത്ത് ഈടാക്കിയിരുന്ന ഒറ്റത്തവണ സെസ് നേരെ ഇരട്ടിയാക്കി. കാര്‍ബണ്‍ ന്യൂട്രല്‍ പരിസ്ഥിതിക്ക് വേണ്ടി നിലപാട് എടുത്ത് മുന്നോട്ട് പോകുന്ന സമീപനത്തെ പുറകോട്ട് വലിക്കുന്നതാണ്. അത്തരം വാഹനങ്ങള്‍ക്ക് ആദ്യ 5 വര്‍ഷത്തേക്ക് നല്‍കിയിരുന്ന 50 ശതമാനം നികുതി ഇളവ് പിന്‍വലിച്ചത്. കേന്ദ്രം കേരളത്തോടും കേരളം കേരള ജനതയോടും എല്‍.ഡി.എഫ് സര്‍ക്കാര്‍ വയനാടന്‍ ജനതയോടും കാണിച്ച വഞ്ചനകളാണ് ഈ ബഡ്ജറ്റിലുള്ളത്. നരേന്ദ്ര മോഡി പോക്കറ്റടിക്കാരന്റെ റോളിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പിണറായി സര്‍ക്കാര്‍ പിടിച്ച് പറിക്കാരന്റെ റോളിലാണ് മുന്നോട്ട് പോകുന്നത് എന്ന് എം.എല്‍.എ പറഞ്ഞു.നിയോജകമണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ച പദ്ധതികളില്‍ നിന്നും മൂന്ന് പദ്ധതികളാണ് ബജറ്റില്‍ വന്നിട്ടുള്ളത്. കോട്ടത്തറ ചീരകത്ത് ഷെല്‍റ്റര്‍ ഹോം, കല്‍പ്പറ്റയില്‍ ഇന്നര്‍ റിംഗ് റോഡ് (3 കി.മീ. ആനപ്പാലം-എസ്.പി ഓഫീസ് റോഡ്, ഗൂഡാലായ്കുന്ന്-കല്‍പ്പറ്റ ബൈപ്പാസ് റോഡ്, ഗൂഡലായ്-എമിലി റോഡ്), മേപ്പാടി ചേപ്പോട്ട്കുന്ന് തോടിന് കുറുകെ ചെക്ക് ഡാം നിര്‍മ്മാണം. ആരോഗ്യ മേഖലയേയും, കാര്‍ഷിക, ടൂറിസം മേഖലയേയും പാടെ അവഗണിച്ച് കൊണ്ടുള്ള ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *