ഹരിയുടെ മരണം അന്വേഷണം ക്രൈം ബ്രാഞ്ചിന് : സമര പരിപാടികൾ താത്കാലികമായി അവസാനിപ്പിച്ചു

ബത്തേരി: നെന്മേനിയില്‍ കെണിയില്‍ കുടുങ്ങി ചത്ത കടുവയെ ആദ്യം കണ്ട പ്രദേശവാസിയായ ഹരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. സമര സമിതിയുടെ ആവശ്യത്തെ തുടര്‍ന്നാണ് സബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായത്. ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായുള്ള ആരോപണം തെളിഞ്ഞാല്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും സബ് കളക്ടര്‍ ഉറപ്പ് നല്‍കി. മരണപ്പെട്ട ആളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സമരക്കാര്‍ പ്രധാനമായും ആവിശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ തലങ്ങളില്‍ ആലോചിച്ചതിന് ശേഷം അര്‍ഹമായ നഷ്ടപരിഹാര തുക നല്‍കാമെന്ന് യോഗത്തില്‍ തീരുമാനമായി. 10 ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ വീണ്ടും സമരം പുനരാരംഭിക്കുമെന്ന് സമര സമിതി അറിയിച്ചു. ദേശിയപാത ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ താത്കാലികമായി അവസാനിപ്പിച്ചു.



Leave a Reply