June 2, 2023

വിശ്വനാഥന്റെ മരണം കേരളത്തിൽ ഇപ്പോഴും കൊണ്ടുനടക്കുന്ന വംശീയ ബോധത്തിന്റെ ഭാഗമാണ് : വെൽഫെയർ പാർട്ടി

0
IMG_20230217_141507.jpg
കൽപ്പറ്റ : കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരുടെ ആൾക്കൂട്ടമർദ്ദനത്തെ തുടർന്ന് ആദിവാസി യുവാവ് വിശ്വനാഥൻ ദുരൂഹമായ രീതിയിൽ മരണപ്പെട്ടത് കേരളം ഇപ്പോഴും കൊണ്ടുനടക്കുന്ന വംശീയ ബോധത്തിന്റെ ഭാഗമാണ്.വിശ്വനാഥനെ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ ആരോപണം ശരിവക്കുന്ന സാഹചര്യമാണുള്ളത്. ഈ കൊലക്ക് ഉത്തരവാദി നമ്മുടെ ഭരണ സംവിധാനങ്ങൾ തന്നെയാണ്. വംശീയ ഭ്രാന്തന്മാർക്ക് അവരുടെ താന്തോന്നിത്തരം എപ്പോഴും കാണിക്കാൻ കഴിയുന്ന സാമൂഹ്യ സാഹചര്യം നിലനിർത്തുന്നതിൽ നമ്മുടെ ഉദ്യോഗസ്ഥ- പോലീസ് ഭരണസംവിധാനങ്ങൾ വഹിക്കുന്ന പങ്ക് പലപ്പോഴും വ്യക്തമായതാണ്. ആശുപത്രിയിൽ നടന്ന മോഷണത്തിന്റെ ഉത്തരവാദി വിശ്വനാഥനാണ് എന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടം അദ്ദേഹത്തെ മർദ്ദിക്കുകയും കൂട്ടം കൂടി നിന്ന് ചോദ്യം ചെയ്യുകയും ചെയ്തത്.
ഒരു മോഷണം നടന്നാൽ കൂട്ടത്തിൽ മുഷിഞ്ഞ വസ്ത്രം ധരിച്ചവരോ കറുത്തവരോ ആദിവാസികളോ നാടോടികളോ തന്നെ ആയിരിക്കും അത് ചെയ്തിട്ടുണ്ടാവുക എന്ന നമ്മുടെ വംശീയ മുൻവിധിയുടെ ഇരയാണ് വിശ്വനാഥൻ. മൃതദേഹം ആശുപത്രിയുടെ പിറകുവശത്തെ മരത്തിൽ നിന്നും കിട്ടുമ്പോൾ അതിന് ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ മൂക്കിൽ നിന്നു ചോര വരുന്നുണ്ടായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. കാൽമുട്ടിൽ രക്തം കട്ടപിടിച്ചിരുന്നു. കാണാതായതിന്റെ പിറ്റേന്ന് ബന്ധുക്കൾ പരിശോധന നടത്തിയ അതേ സ്ഥലത്താണ് വിശ്വനാഥന്റെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടതെന്ന് അദ്ദേഹത്തിന്റെ ജേഷ്ഠൻ പറയുന്നുണ്ട്. ഇതെല്ലാം സംഭവത്തെക്കുറിച്ച ഉദ്യോഗസ്ഥ ഭാഷ്യത്തിന് എതിരായ കാര്യങ്ങളാണ്.
അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ കള്ളൻ എന്ന് മുദ്രകുത്തി കൂട്ടംകൂടി ആക്രമിച്ച് കൊലപ്പെടുത്തിയത് നമ്മളാരും മറന്നിട്ടില്ല. ഇടതുപക്ഷ പിണറായി സർക്കാരിന് കീഴിൽ ദളിത് ആദിവാസി പീഡനങ്ങൾ നിരന്തരം തുടർന്നുകൊണ്ടിരിക്കുകയാണ് ഇത് തടയുന്നതിൽ ആഭ്യന്തര വകുപ്പ് ആവർത്തിച്ച് പരാജയപ്പെടുകയാണ്.സർക്കാരിന്റെ വിവേചന സമീപനവും ആത്മാർത്ഥതയില്ലായ്മയും കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
വിശ്വനാഥന്റെ നിരാലംബരായ കുടുംബത്തിന് അടിയന്തരമായി സർക്കാർ ധനസഹായം നൽകണം. ഉന്നത ഉദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വേഗത്തിൽ തന്നെ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണം. വിശ്വനാഥന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണം.കൃഷിപ്പണി ചെയ്ത് ജീവിക്കുന്ന കുടുംബത്തിന്റെ വരുമാന മാർഗ്ഗമാണ് നഷ്ടമായത്. ആയതിനാൽ വിശ്വനാഥന്റെ ഭാര്യക്ക് സർക്കാർ ജോലി ലഭ്യമാക്കണം.കേരളത്തിൽ വർദ്ദിച്ചു വരുന്ന ആദിവാസി പീഢനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഉറപ്പു വരുത്തണം.ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ വിശ്വനാഥന്റെ നീതിക്കുവേണ്ടി വെൽഫെയർ പാർട്ടി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും.
വാർത്ത സമ്മേളനത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൂരിപ്പുഴ, സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ, ചന്ദ്രിക കൊയിലാണ്ടി, പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ബിനു.വി.കെ., ജില്ലാ സെക്രട്ടറി ഇബ്രാഹിം അമ്പലവയൽ , അബ്ദു റഹിമാൻ തനിമ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *